India NewsKerala Newsnews

ദേശീയ പാതയിലെ കുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ തീവണ്ടി സൗകര്യം ഒരുക്കണം

തൃശൂര്‍: ദേശീയ പാതയിലെ കുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ തീവണ്ടി സൗകര്യം ഒരുക്കണമെന്ന് തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മേഖലയാണ് തൃശൂര്‍ – എറണാകുളം. ഈ മേഖലയില്‍ ദേശീയ പാതകളായ 544ലും 66ലും സംസ്ഥാന പാതകളായ കൊടുങ്ങല്ലൂര്‍ – ഷൊര്‍ണ്ണൂര്‍, കുറ്റിപ്പുറം – തൃശൂര്‍ എന്നിവയിലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റോഡ് ഗതാഗതത്തെ അക്ഷരാര്‍ത്ഥത്തില്‍ കുരുക്കിലാക്കിയിരിയ്ക്കുകയാണ്. നടക്കുന്ന പണികളാകട്ടെ, പൂര്‍ത്തിയാകാന്‍ നിരവധി മാസങ്ങള്‍ എടുത്തേക്കും. വരാനിരിയ്ക്കുന്ന മഴക്കാലവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേനലവധിയ്ക്ക് ശേഷം തുറക്കുന്നതും നിരത്തിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും.
ഈ സാഹചര്യത്തില്‍ തീവണ്ടികളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വര്‍ദ്ധിച്ച തിരക്ക് ഇനിയും കൂടാനാണ് എല്ലാ സാദ്ധ്യതയും. സമയത്തിന് എത്തേണ്ടവര്‍ തീവണ്ടികളെത്തന്നെ ആശ്രയിയ്ക്കേണ്ടിവരും. അതിനാല്‍, തൃശൂര്‍ – എറണാകുളം മേഖലയിലെ തീവണ്ടി യാത്രാസൗകരം അടിയന്തിരമായി വര്‍ദ്ധിപ്പിയ്ക്കണമെന്ന് തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
66319 ഷൊര്‍ണ്ണൂര്‍ – എറണാകുളം മെമു, 16328 ഗുരുവായൂര്‍ – മധുര എക്‌സ് പ്രസ്സ്, 56313 ഗുരുവായൂര്‍ – എറണാകുളം പാസ്സഞ്ചര്‍, 66609 പാലക്കാട് – എറണാകുളം മെമു & 16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സ് പ്രസ്സ് എന്നീ വണ്ടികളില്‍ പരമാവധി കോച്ചുകള്‍ വര്‍ദ്ധിപ്പിയ്ക്കുക, 56612 നിലമ്പൂര്‍ – ഷൊര്‍ണ്ണൂര്‍ പാസ്സഞ്ചര്‍ എറണാകുളം വരെ നീട്ടുക, 16791/16792 പാലക്കാട് – തൂത്തുക്കുടി പാലരുവി എക്‌സ് പ്രസ്സിന് ചാലക്കുടി, ഇരിഞ്ഞാലക്കുട, പുതുക്കാട്, പൂങ്കുന്നം, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിയ്ക്കുക, തൃശൂരിനും എറണാകുളത്തിനുമിടയില്‍ ദിവസവും ഒന്നോ രണ്ടോ പ്രത്യേക മെമു സര്‍വ്വീസുകള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്കും റെയില്‍വേ അധികൃതര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി പി. കൃഷ്ണകുമാര്‍ അറിയിച്ചു.

Photo Courtsey

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message