Culture & History

ബൗദ്ധപ്രണേതാവായ മഹാരാജാവ് കനിഷ്‌കന്‍

കണ്ണന്‍ മേലോത്ത്

ബി.സി. രണ്ടാം ശതാബ്ദത്തില്‍ ഇന്ത്യയിലെത്തിയ സിത്തിയന്‍ വര്‍ഗമായ ശകന്മാര്‍ നാടിന്റെ പശ്ചിമോത്തരഭാഗങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു. ബി.സി. 150-ല്‍ യുവേച്ചികളും ഇന്ത്യയിലെത്തി. അവരുടെ അവാന്തരവിഭാഗമാണ് കുശാനന്മാര്‍. ഈ വംശത്തിലെ നാടുവാഴിയായിരുന്നു കനിഷ്‌കന്‍ (എ.ഡി. 120-162).
കനിഷ്‌കന്‍ ബുദ്ധമതാനുയായിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ബുദ്ധമതം മഹായാനം, ഹീനയാനം എന്നിങ്ങനെ രണ്ടായി തിരിയുന്നത്. കനിഷ്‌കന്‍ മഹായാന ശാഖയാണ് പിന്തുടര്‍ന്നത്. ബുദ്ധമതം പുനഃസ്ഥാപിക്കുന്നതിന് കനിഷ്‌കന്‍ വേണ്ടതെല്ലാം ചെയ്തു. പാടലീപുത്രത്തില്‍ അശോകന്‍ ചെയ്തതുപോലെ കനിഷ്‌കനും തന്റെ തലസ്ഥാനമായ പുരുഷപുരയില്‍ (പെഷവാര്‍) മറ്റൊരു ബുദ്ധസമ്മേളനം വിളിച്ചുചേര്‍ത്തു. ബുദ്ധമതത്വങ്ങള്‍ക്ക് ‘മഹാവിഭാഷ’ എന്ന വ്യാഖ്യാനം നിര്‍മിക്കപ്പെട്ടു. അവ ചെമ്പുപട്ടയങ്ങളില്‍ കൊത്തിവെച്ച് സൂക്ഷിച്ചു. ബുദ്ധന്റെ അവശിഷ്ടങ്ങള്‍ പുരുഷപുരത്ത് സ്ഥാപിച്ചു. 400 അടി പൊക്കത്തിലുള്ള ഗോപുരവും നിര്‍മിച്ചു. മഹായാനം വിദൂരങ്ങളില്‍ പ്രചരിപ്പിക്കുന്നതിലും ഔത്സുക്യം കാണിച്ചു. ഗാന്ധാരത്തില്‍ ഗ്രീക്കുപ്രതിമകളുടെ മാതൃകയില്‍ ബുദ്ധവിഗ്രഹങ്ങള്‍ തീര്‍ത്തുവെച്ചു. ഗ്രീക്കുകാരനായ മിനാണ്ടര്‍ ബുദ്ധമതം സ്വീകരിച്ചത് ഈ സാംസ്‌കാരിപ്പകര്‍ച്ചയുടെ ഉത്തമോദാഹരണമാണ്.
മഹായാനബുദ്ധമതത്തിന്റെ പ്രോത്ഘാടകന്‍ നാഗാര്‍ജുനന്‍, ബുദ്ധമത ഗാനരചയിതാവ് അശ്വഘോഷന്‍, ബൗദ്ധസമ്മേളനത്തിലെ അദ്ധ്യക്ഷനായിരുന്ന വസുമിത്രന്‍, വൈദ്യശാസ്ത്രജ്ഞനായ ചരകന്‍ എന്നീ നാലുപേരെ കനിഷ്‌കന്‍ പ്രോത്സാഹിപ്പിച്ചിരുന്നു.
കനിഷ്‌കന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ ഹൂവിഷ്‌കന്‍ ഭരണാധികാരിയായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ വാസുദേവന്‍ രാജാവായി. വാസുദേവന്‍ ഒരു ഹിന്ദുവായിരുന്നു. കുശാനസാമ്രാജ്യം എ.ഡി. 5-ാം ശതകത്തിലെ ഹൂണന്മാരുടെ ആക്രമണത്തോടെ നാമാവശേഷമായി.
ബുദ്ധപ്രതിമകള്‍ക്ക് ആദ്യമായി മനുഷ്യരൂപം നല്കിയത് കനിഷ്‌കനാണ്. ഗ്രീക്ക് ശില്പികളെക്കൊണ്ടാണ് അത് സാധ്യമാക്കിയത്. ഇന്‍ഡ്യന്‍ ശില്പകലക്കും ഗ്രീക്ക് ശില്പകലക്കും സാരൂപ്യം വരാനുണ്ടായ മൂലകാരണം ഇവിടെയാണ് കുടികൊള്ളുന്നത്. കനിഷ്‌കന്റെ പ്രയത്നഫലമായി സംജാതമായ ഈ രീതി ‘ഗാന്ധാരശില്പകല’ എന്നറിയപ്പെടുന്നു.
ബുദ്ധന് മനുഷ്യരൂപം നല്കിയ ശില്പതന്ത്രജ്ഞനായ കനിഷ്‌കമഹാരാജാവിന് ഒരു പ്രതിമയില്ല എന്ന വസ്തുത ദൗര്‍ഭാഗ്യകരമാണ്. കണ്ടുകിട്ടിയിട്ടുള്ള ഏക പ്രതിമയാകട്ടെ ശിരസ്സറ്റ അവസ്ഥയിലാണ്. കനിഷ്‌കരൂപം സങ്കല്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.

(ബുദ്ധിസത്തെക്കുറിച്ചുള്ള വൈവിധ്യപൂര്‍ണമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരനായ കണ്ണന്‍ മേലോത്തിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പോടുകൂടി ഇതിനു തുടക്കം കുറിക്കുന്നു.)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message