India NewsPoliticsWorld News

ചീഫ് ജസ്റ്റിസിന് ജന്മനാട്ടില്‍ ഔദ്യോഗിക സ്വീകരണം ഉന്നതോദ്യോഗസ്ഥര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു

പുതുതായി ചുമതലയേറ്റ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് നടത്തിയ ആശങ്കപ്പെടുത്തുന്ന ഒരു പരാമര്‍ശം രാജ്യം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു. ഇന്നലെ മുംബൈയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് മഹാരാഷ്ട്ര, ബാര്‍ കൗണ്‍സില്‍ ഓഫ് ഗോവ എന്നീ സംഘടനകള്‍ നല്‍കിയ സ്വീകരണത്തിലാണ് ഇന്ത്യയുടെ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന പരാമര്‍ശം.
ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ജുഡീഷ്യറി, ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ് എന്നിവ ഭരണഘടനാ സംരക്ഷണത്തിന് പരസ്പര ബഹുമാനം നിലനിര്‍ത്തി യോജിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
മഹാരാഷ്ട്രയിലെ ഒരു വ്യക്തി ഇന്ത്യാ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി മഹാരാഷ്ട്രയില്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും എസ് പിയുടെ പദവിയിലുള്ള മുംബൈ സിറ്റി പോലീസ് കമീഷണര്‍ പോലും സന്നിഹിതരാകാതിരുന്നത് പ്രോട്ടോക്കോളിന്റെ ലംഘനമാണ്. ഭരണഘടനയുടെ ഒരു സ്ഥാപനം മറ്റൊരു സ്ഥാപനത്തോട് കാട്ടേണ്ട സാമാന്യ ബഹുമാനം ഇവര്‍ കാണിച്ചില്ല. ഇതാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം. നിലവിലുള്ള പദവിയുടെ സ്ഥാനം വെച്ചുകൊണ്ട് ഇതിനേക്കാള്‍ അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞതിനേക്കാള്‍ ഗൗരവമായ വിഷയം അതില്‍ അന്തര്‍ലീനമാണ്.
ഇന്ത്യാ രാജ്യത്ത് പട്ടികജാതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ ആളാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്. അദ്ദേഹത്തെ അപമാനിക്കുന്നത് വ്യക്തിപരമായ അവഹേളനം മാത്രമല്ല, ജുഡിഷ്യറിക്കെതിരായ വെല്ലുവിളി കൂടിയാണ്. ഇതിന്റെ മറ്റൊരു സൂചനയാണ് സുപ്രീം കോടതിയുടെ ഒരു ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ടുണ്ടായത്. രാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ ബില്ലിന് അംഗീകാരം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സമയപരിധി നിശ്ചയിച്ച സുപ്രധാനമായ വിധിയായിരുന്നു അത്. ആ വിധിയുടെ ഉള്ളടക്കത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 14 ആശങ്കകളാണ് രാഷ്ട്രപതി ഉയര്‍ത്തിയത്. ഇതും ഒരു ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയുടെ അഡൈ്വസറി ജൂറിസ്ഡിക്ഷന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് രാഷ്ട്രപതി കത്തയച്ചത്. ഇതൊക്കെ തമിഴ്‌നാട് വേഴ്‌സസ് ഗവര്‍ണര്‍ ഓഫ് തമിഴ്നാട് എന്ന കേസിന്റ ഉള്ളടക്കത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇടക്കാലത്ത് ജുഡിഷ്യറിക്കെതിരെ ഉപരാഷ്ട്രപതി നടത്തിയ പരാമര്‍ശവും വളരെയേറെ ആശങ്കപ്പെടുത്തുന്നതാണ്. മുന്‍പും ഇതേ രൂപത്തിലുള്ള വെല്ലുവിളി ഉണ്ടായിട്ടുണ്ട്. ആറ് സുപ്രീം കോടതി ജഡ്ജിമാര്‍ തെരുവിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ടിവന്നത് മോദിയുടെ ഭരണകാലത്തു തന്നെയാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് നിയോ ഫാസിസ്റ്റ് ഭരണക്രമത്തിലേക്കുള്ള ഭരണകൂടത്തിന്റെ നീക്കമാണ്.
1973ലെ കേശവാനന്ദഭാരതി കേസാണ് ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെയും ഭരണഘടനയുടെയും മൗലിക ഘടനയെ അട്ടിമറിക്കാന്‍ കഴിയാത്തത് ഈ വിധി കൊണ്ടാണ്. ആ വിധിയെ അട്ടിമറിക്കാനും വളഞ്ഞ വഴിയിലൂടെ ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതാണ് ജുഡിഷ്യറിക്കെതിരായി ഇപ്പോള്‍ നടക്കുന്ന വെല്ലുവിളികളായി രൂപപ്പെടുന്നത്.
ആര്‍ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്, അവര്‍ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും സാധിക്കാതെ വരുന്നതിന്റെ ഒരു പ്രധാന കാരണം ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഓട്ടോണമിയും അതുവഴി ജുഡീഷ്യറിക്കുള്ള സ്വാതന്ത്ര്യവുമാണ്. അതിന്റെ പച്ചയായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഗൗരവപൂവം സമൂഹം ചര്‍ച്ച ചെയ്യണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message