ദലിത് കലയോ? അതെന്താ?
ഇ.പി. കാര്‍ത്തികേയന്‍
ദലിത് എന്ന പദം തന്നെ നിഷേധത്തിന്റെ ശബ്ദമാണ്. വ്യവസ്ഥാപിതമായ സൗന്ദര്യബോധത്തെയല്ല അത് പ്രത്യക്ഷീകരിക്കുന്നത്. വിവേചനത്തിനെതിരായ രോഷമാണ് അതിന്റെ ആത്മാവ്. ഒരു സമൂഹം എന്താകുന്നുവെന്ന പ്രഖ്യാപനം ഉള്‍ക്കൊള്ളുന്ന ദലിത് എന്ന വാക്ക് സാമൂഹികമായ ഒരു ചോദ്യവുമാണ്. രാഷ്ട്രീയവും സാമൂഹികവുമായ അതിന്റെ ലക്ഷ്യം വ്യക്തമായും ശിഥിലീകരിക്കപ്പെട്ട, ജാതിവ്യവസ്ഥയുടെ ഇരകളാക്കപ്പെട്ട സമൂഹത്തിന്റെ വിമോചനമാണ്. അത്തരമൊരു വിമോചനത്തിനു പ്രേരകമാകാവുന്ന വിധം മലയാളത്തില്‍ ദലിതരുടെ കല വികസിതമല്ല. അതേസമയം ഈ സമൂഹത്തിന്റെ ആത്മപ്രകാശനങ്ങളായി വിവിധ കലാരൂപങ്ങള്‍ നിലവിലുമുണ്ട്. നാടന്‍കലകളെന്നോ നാടന്‍പാട്ടെന്നോ ഒക്കെ പൊതുവായി പ്രചരിപ്പിക്കപ്പെടുന്നതാണത്. യഥാര്‍ഥത്തില്‍ നാടന്‍ എന്ന പ്രയോഗം തന്നെ ഒരു ദ്വന്ദമാണ്. സ്വാഭാവികമായും അതിനെതിരിലുള്ള കലാവിഷ്‌കാരങ്ങള്‍ ക്ലാസിക്കലെന്നാണ് അറിയപ്പെടുക. ക്ലാസിക്കലെന്നു വ്യവഹരിക്കപ്പെടുന്നവയുടെ ഭാഷ, അലങ്കാരം, വേഷം, വിനിമയം തുടങ്ങിയവയുമായി താദാത്മ്യം പ്രാപിക്കാന്‍ കൃത്യമായ ഒരു സാമൂഹികവ്യവസ്ഥയും ജീവിതവും വേണം. ആ സാമൂഹികവ്യവസ്ഥയുമായോ ജീവിതവുമായോ ദലിതുജീവിതങ്ങള്‍ക്കുള്ള സംഘര്‍ഷത്തിന്റെ പ്രകാശനമാണ് അവരുടെ കലകള്‍. അത് വ്യതിരിക്തമായ ഒരു സാംസ്‌കാരിക ധാരയാണ്. അതിന്റെ വേരുകള്‍ മണ്ണിലും അധ്വാനത്തിലുമാണ്. അധ്വാനത്തിന്റെ ആഘോഷമായിട്ടാണ് പല നാടന്‍കലാവിഷ്‌കാരങ്ങളും സഫലീകരിക്കുന്നത്. അവരുടെ കുലദൈവതങ്ങളുമായോ പ്രകൃതിയുമായോ ഉള്ള തന്മയീഭവമാണ് അതിന്റെ പ്രകാശനം. അത് പലപ്പോഴും അനുഷ്ഠാനനിബദ്ധവുമാണ്. കാവുകള്‍, കളങ്ങള്‍, വയലുകള്‍ എന്നിവയാണ് അത്തരം കലാവിഷ്‌കാരങ്ങളുടെ വേദികള്‍. അവയാകട്ടെ ദേശവ്യത്യാസങ്ങളുള്ളതുമാണ്. ഉത്തര കേരളത്തിലെ തെയ്യം, മധ്യ കേരളത്തിലെ തിറ, കൂത്ത്, തെക്കന്‍ കേരളത്തിലെ കാക്കരശി നാട കം തുടങ്ങി വൈവിധ്യപൂര്‍ണമാണ് അതിന്റെ പാരമ്പര്യം. കൊയ്ത്തുപാട്ട്, ഓണക്കളിപ്പാട്ട്, വില്ലടിച്ചാന്‍പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങി കലാഭവന്‍ മണിയുടേതുപോലുള്ള നാടന്‍പാട്ടുകള്‍ വരെ നീളുന്നതാണ് അവരുടെ സംഗീതപാരമ്പര്യം. നടനത്തിനും പാട്ടിനും അനുപേക്ഷണീയമായ ഒരു ഭാഷയും സാഹിത്യവും ഇതിനു സമാന്തരമായിട്ടുണ്ട്. എന്നാല്‍ പൊതുവില്‍ സ്വീകാര്യമായ സൗന്ദര്യാനുഭൂതിലോകത്തില്‍ ഇതിനും പുറംപോക്കിലാണ് ഇടം. ആദിവാസി സമൂഹങ്ങളുടേതടക്കമുള്ള അതിസമ്പന്നമായ കലാവിഷ്‌കാരങ്ങള്‍ക്ക് പൊതുബോധത്തില്‍ ലഭിക്കുന്ന സ്വീകാര്യത സമഗ്രതയുള്ളതല്ല. അതിനു കാരണം, അത് സാമൂഹികമായി പിന്തള്ളപ്പെട്ടവരുടേതാണ് എന്നതാണ്. സാമൂഹികമായി അയിത്തം കല്പിക്കപ്പെട്ടവരുടെ ആത്മാവിഷ്‌കാരങ്ങളോട് ഉത്പത്തിഷ്ണുക്കളെന്നു കരുതുന്നവര്‍ക്കു സഹാനുഭൂതിയുണ്ട്. അതേസമയം വരേണ്യമായ കലയും സാഹിത്യവും സംഗീതവുമെല്ലാം മഹത്തരമാണെന്ന ബോധം ഉറച്ചവര്‍ക്കാകട്ടെ നാടന്‍കലകളോടും അയിത്തമനോഭാവമാണുള്ളത്. അതുകൊണ്ടാണ് സ്‌കൂള്‍ കലോത്സവവേദികളിലടക്കം നാടോടിനൃത്തം, പാട്ട്, കൊട്ട് എന്നിങ്ങനെയുള്ള ചില പരിഹാസ്യങ്ങള്‍ സംഭവിക്കുന്നത്.
ദലിതരുടേയും ആദിവാസികളുടെയും കലാ, സാംസ്‌കാരിക പ്രകാശനങ്ങള്‍ക്ക് ഐക്യരൂപവും ഭാവവും ഉണ്ടാക്കുക എന്നത് അടിയന്തരമായ ഒന്നാണെന്നു തോന്നുന്നു. കഥകള്‍, കവിതകള്‍, നാടകങ്ങള്‍, ചിത്രശില്പകലകള്‍ തുടങ്ങി ചലച്ചിത്രാവിഷ്‌കാരങ്ങള്‍ വരെ വിനിമയം ചെയ്യപ്പെടാത്തത് വലിയൊരു പ്രതിസന്ധിയാണ്. അനുഷ്ഠാനങ്ങളിലെ കലാവിഷ്‌കാരങ്ങള്‍പോലും അന്യമാകുന്ന ഒരു കാലവുമാണിത്. അതേസമയം, വരേണ്യമായ സാംസ്‌കാരി കവിനിമയങ്ങള്‍ക്ക് എല്ലാവിധ തുറസ്സുകളും സ്വീകാര്യതയുമുണ്ട്. സമാനമായ രീതിയില്‍ എന്തുകൊണ്ടാണ് ദലിത്, ആദിവാസി സാംസ്‌കാരിക വിനിമയം സാധ്യമാകാത്തത്. അതിനു കാരണം ഈ ജനവിഭാഗങ്ങള്‍ക്കിടയിലെ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്ക് പ്രകാശനം നേടാനുള്ള വേദികളില്ലെന്നതാണ്. വിവിധ സംഘങ്ങള്‍ക്ക് സ്വന്തം ഇടങ്ങളുണ്ടാകാം.
വരേണ്യമായ സൗന്ദര്യസങ്കല്‍പങ്ങളുടെ അധീശത്വം സ്വാഭാവികമായ ഒന്നായിരിക്കയാല്‍ അതിനെതിരായ ഒന്ന് സ്വാഭാവികമായും ഉന്നതമല്ലെന്ന ബോധമാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് ഈ ജനവിഭാഗങ്ങളില്‍നിന്നുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍പോലും വരേണ്യമായ, ബ്രാഹ്‌മണിക്കലായ സൗന്ദര്യബോധത്തിന്റെ ഭാഗമായി തീരുന്നത്. വളര്‍ന്നുവരുന്ന കുട്ടികളെ ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള നൃത്തനാട്യമേഖലയിലേക്കും കര്‍ണാടിക് സംഗീതം പോലുള്ള മേഖലകളിലേക്കും ആനയിക്കുന്നത്. അത്തരം നാട്യ, നൃത്ത, ദൃശ്യകലാ അഭിരുചികളോടൊപ്പം അത്തരം കുട്ടികളില്‍ രൂഢമാകുന്നത് വരേണ്യമായ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ മാത്രമല്ല, അതിന്റെ മൂല്യങ്ങളുമാണ്. കലകള്‍, സംസ്‌കാരം എന്നിവയ്ക്ക് ജാതിവര്‍ണ, ഭാഷാ ഭേദമില്ലെന്ന പൊതുബോധമാണ്. എത്രയോ ഉന്നതരായ കലാ സാംസ്‌കാരിക പ്രവര്‍ത്തകരും ഉത്തമ ബോധ്യത്തോടെ പറയുന്നതും പ്രചരിപ്പിക്കുന്നതും ഈ പൊതു ബോധ മാണ്. കേരളത്തിന്റെ കലകളെന്നു പറയുന്നത് ഇതാണെന്ന ചരിത്രവിരുദ്ധതയാണ് അതുവഴി വിക്ഷേപിക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും.
ഉദാഹരണത്തിനു കഥകളി കേരളത്തിന്റെ ക്ലാസിക്കല്‍ കലയാണെന്ന പ്രസ്താവം തന്നെ അധികമാണ്. 16ാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ച കഥകളിക്ക് എങ്ങനെയാണ് ഇത്രമേല്‍ അധീശത്വം ലഭിച്ചത്. മൂന്നുനാലു നൂറ്റാണ്ടിന്റെ ചരിത്രം മാത്രമുള്ള കഥകളിയുടെ സ്വീകാര്യത അതിന്റെ ഭാഷാപരമായ സവിശേഷതകൊണ്ടു മാത്രമല്ല, അത് പ്രസരിപ്പിക്കുന്ന സൗന്ദര്യ, മൂല്യബോധങ്ങള്‍കൊണ്ടുകൂടിയാണ്. ഭരതനാട്യമാകട്ടെ അത് ജന്മമെടുക്കാനുണ്ടായ സാമൂഹികചരിത്രത്തെ ഒഴിവാക്കുകയും ചെയ്യുന്നു. ദേവദാസി സമ്പ്രദായത്തിന്റെ സാമൂഹികവിരുദ്ധതയുമായി അതിനുണ്ടായിരുന്ന ബന്ധത്തെ തമസ്‌കരിച്ചുകൊണ്ടാണ് ഭരതനാട്യം പ്രചരിപ്പിക്കപ്പെടുന്നത്. മോഹിനിയാട്ടത്തിന്റെ സൂചനയും 16ാം നൂറ്റാണ്ടിലേക്കാണ് നീളുന്നത്. ഈ നൃത്തരൂപത്തിനും ദേവദാസി സമ്പ്രദായവുമായി അഭേദ്യമായ ബന്ധമുണ്ട്. കൊളോണിയല്‍ കാലഘട്ടത്തില്‍ വിലക്കുണ്ടായിരുന്ന ഈ നൃത്തരൂപങ്ങള്‍ക്ക് വീണ്ടും സജീവതയുണ്ടാകുന്നത് ഹൈന്ദവ ഏകീകരണവുമായി ബന്ധപ്പെട്ടാണ്. ബ്രാഹ്‌മണിക്കല്‍ ചിന്തകളെയും ദൈവസങ്കല്‍പങ്ങളെയും സ്വാംശീകരിച്ചുകൊണ്ടായിരുന്നു അത് സ്വീകാര്യത നേടിയത്. വരേണ്യമായ മിത്തുകളെ ആവിഷ്‌കരിക്കുന്ന വിനിമയോപാധിയായി അതു വളര്‍ന്നു. ഇത്തരം കലകള്‍ക്ക് ബ്രാഹ്‌മണിക്കലായ വേരുകളാണുള്ളതെന്ന നുണകളും സ്വീകാര്യത നേടി.
ബി സി 500 മുതല്‍ എ ഡി 500 വരെയുള്ള കാലഘട്ടത്തില്‍ ജന്മം കൊണ്ടതെന്നു കരുതപ്പെടുന്ന ഭരതനാട്യത്തിന്റെ കുലത്തില്‍പ്പെട്ടതാണ് മോഹിനിയാട്ടവുമെന്നിരിക്കേ, അക്കാലത്തൊന്നും പ്രചാരമില്ലാതിരുന്ന മിത്തുകളിലേക്ക് അതിനെ ആവാഹിച്ചതാണെന്നു സംശയിക്കാവുന്നതാണ്. ആധുനികഭാഷയായ സംസ്‌കൃതത്തിന്റെ വരവോടുകൂടിയാണ് ഇത്തരം കലാവിഷ്‌കാരങ്ങള്‍ക്ക് മിത്തുകള്‍ വിഷയങ്ങളാകുന്നത്. മോഹിനിയാട്ടത്തിന്റെ കാവ്യഭാഷ മണിപ്രവാളത്തിന്റേതായി മാറുന്നതും ശ്രദ്ധേയമാണ്. കൂത്ത്, കൂടിയാട്ടം, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയുടെ വേരുകള്‍ തമിഴ്‌നാട്ടിലാണ്. കേരളവും തമിഴ്‌നാടും എല്ലാം ഒന്നായിരുന്ന ഒരു കാലത്താണ് ഇവയുടെ ജനനം. കൂടിയാട്ടത്തിന്റെ കുലശേഖര ചേരമാന്‍ പെരുമാളുമായുള്ള നാളീബന്ധം സൂചിപ്പിക്കുന്നത് ഇത്തരം കലകളുടെ അടിസ്ഥാനം വരേണ്യമായ സംസ്‌കാരത്തിലല്ല എന്നു തന്നെയാണ്. പക്ഷേ, ജാതിവ്യവസ്ഥയുടെ അധീശത്വത്തോടെ ഈ കലകളുടെ രൂപവും ഭാവവും മാറാന്‍ തുടങ്ങിയെന്നതാണ് സവിശേഷമായ ഒരു സംഗതി.
ചുരുക്കത്തില്‍ ബ്രാഹ്‌മണിക്കലായ ഒരു സാമൂഹികവികാസത്തിനു ഉതകുംവിധം നൃത്ത, നാട്യരൂപങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ അതിന്റെ പ്രചാരകര്‍ക്കും നേതൃത്വങ്ങള്‍ക്കും സാധ്യമായി. ചിത്രകലയുടെ കാര്യം തന്നെ നോക്കൂ. 18-19 നൂറ്റാണ്ടില്‍ ജീവിച്ച രാജാ രവിവര്‍മ്മയില്ലായിരുന്നെങ്കില്‍ ബ്രാഹ്‌മണിക്കല്‍ ദൈവങ്ങള്‍ക്ക് ഇന്നത്തേതുപോലുള്ള രൂപം ഉണ്ടാകുമായിരുന്നില്ല. ചിത്രശില്പകലയിലെ വരേണ്യമായ സ്ത്രീസൗന്ദര്യസങ്കല്‍പവും രൂപപ്പെടില്ലായിരുന്നു. കര്‍ണാടകസംഗീതവും യഥാര്‍ഥത്തില്‍ രൂപപ്പെടുന്നത് 16ാം നൂറ്റാണ്ടോടുകൂടിയാണെന്നാണ് പറയപ്പെടുന്നത്. തമിഴ്‌നാട് തന്നെ ജന്മഭൂമിയായ കര്‍ണാടകസംഗീതം പേര്‍ഷ്യന്‍ സംഗീതത്തിനു വിരുദ്ധമായ ഒരു ധാരയായും വികസിച്ചുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഈ കലകളുടെയെല്ലാം ഉത്ഭവം ഒരേ സാമൂഹികജീവിതപരിസരത്താണെന്നതാണ്. ബ്രാഹ്‌മണിക്കല്‍ ജീവിതപരിസരം പീന്നീട് വന്നുചേരുന്നതാണ്. അതിനു സഹായകമായതാവട്ടെ സംസ്‌കൃതഭാഷയുടെ ജനനവും വികാസവുമാണ്. മനുഷ്യന്റെ സര്‍ഗാത്മകതയെ കീഴ്‌പ്പെടുത്താതെ ഏതൊരു സാമൂഹികസംവിധാനത്തിനും മുന്നോട്ടു പോകാനാവില്ലെന്ന രാഷ്ട്രീയമായ തിരിച്ചറിവിന്റെ കൂടി ഫലമായിരുന്നു അത്. ഏതാനും നൂറ്റാണ്ട് മുമ്പ് മാത്രം രചിക്കപ്പെട്ട വേദങ്ങളുടെയും ഇതിഹാസങ്ങളു ടെയും വിശദീകരണങ്ങളായി അതിന്റെ ഉള്ളടക്കങ്ങള്‍ പരിവര്‍ത്തിപ്പിക്കപ്പെട്ടത് അതുകൊണ്ടാണ്.
നൃത്തം, നാട്യം, സംഗീതം, ചിത്രശില്പകള്‍ തുടങ്ങിയവയുടെ പ്രാക് രൂപങ്ങളില്‍ ഒരിടത്തുപോലും ദൈവസങ്കല്‍പങ്ങളുടെ സൂചനകളില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തെ സംബന്ധിച്ചിടത്തോളം ബി സി 5000 ത്തിലേക്കു ചരിത്രത്തെ കൊണ്ടുപോകുന്ന എടയ്ക്കല്‍ ഗുഹകളില്‍ ആധുനികരായ ദൈവരൂപങ്ങള്‍ കാണാത്തത് ശ്രദ്ധേയമാണ്. എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെ സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം സിന്ധു നദീതട സംസ്‌കാരവുമായി ചേര്‍ന്നുപോകുന്നുവെന്നാണ് വിദഗ്ധമതം. അതുപോലെ ആദിമ നിവാസികളായ തദ്ദേശീയജനതയുടെ നൃത്ത, നാട്യ, സംഗീതാദികളിലും ബ്രാഹ്‌മണിക്കല്‍ ധാര കണ്ടെത്താനായിട്ടില്ല. അതായത് ഇവിടെ സജീവമായിരുന്ന കലാരൂപങ്ങളെ, ബ്രാഹ്‌മണിക്കല്‍ വ്യവസ്ഥയുടെ വ്യാപനത്തിനും സ്വീകാര്യതയ്ക്കുമായി പരിവര്‍ത്തിപ്പിച്ചുവെന്നു നാം ഉറപ്പിക്കണം. പേര്‍ഷ്യനായ ബാലിഗ ഭാഷയില്‍ പ്രചാരമുണ്ടായിരുന്ന ഋഗ്വേദത്തെ ഇന്ത്യയില്‍ ആനയിക്കുകയും വിന്യസിക്കുകയും അത് ഇന്ത്യയുടെതാണെന്നു വരുത്തുകയും ചെയ്ത കുടിലബുദ്ധി തന്നെയാണ് ഇതിനു പിന്നിലും പ്രവര്‍ത്തിച്ചത്. ബാലിഗ ഭാഷയുടെ ആധുനിക രൂപമാണ് സംസ്‌കൃതമെന്നാണ് ചരിത്രഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
പറഞ്ഞുവന്നത് തമിഴ്‌നാട്ടിലെ അഥവാ ദ്രാവിഡത്തിലെ കലാ രൂപങ്ങളില്‍ അതായത് നമ്മുടെ തന്നെ കലാവിഷ്‌കാരങ്ങളില്‍ നമുക്കെതിരായ വേദേതിഹാസങ്ങളുടെ ആത്മാവിനെ സന്നിവേശിപ്പിക്കുകയായിരുന്നു. അതുവഴി നമ്മുടെ വേരുകളില്‍നിന്നും നാം പറിച്ചുമാറ്റപ്പെട്ടു, സിന്ധു നദീതട സംസ്‌കാരത്തിന്റെയും മഹത്തായ സംഘകാലത്തിന്റെയും പാരമ്പര്യത്തിനു വിരുദ്ധമായ ഒരു സാമൂഹികജീവിതത്തിലേക്ക് നാം വലിച്ചെറിയപ്പെട്ടു. അത് മനസ്സി ലാക്കാത്ത ദലിതരും ആദിവാസികളുമായ കലാ സംസ്‌കാരിക പ്രവര്‍ത്തകരും ബ്രാഹ്‌മണിക്കല്‍ പാരമ്പര്യത്തിന്റെ പ്രചാരകരായി. സ്വാഭാവികമായും അവരുടെ കലാരൂപങ്ങള്‍ പഠിക്കാന്‍ നിര്‍ബ ന്ധിതരായി. എന്നാല്‍ ഈ അടിച്ചമര്‍ത്തപ്പെട്ട ജനതയെ സംബന്ധി ച്ചിടത്തോളം അവരുടെ സ്വന്തം കലകളെ തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് പ്രധാനം. വിവേചനരഹിതമായ ഒരു സാമൂഹികവ്യ വസ്ഥയുടെ ആത്മാവിഷ്‌കാരങ്ങളായ നൃത്ത, നാട്യ, ചിത്രശില്പകലാചരിത്രത്തെ തിരിച്ചുപിടിക്കുക, പുനരാവിഷ്‌കരിക്കുക എന്നതാണ്. മോഷ്ടിക്കപ്പെട്ട ചരിത്രത്തെ തിരിച്ചെഴുതുകയെന്ന താണ്. അത് കേവലമായ ഒരു കലാ, സാംസ്‌കാരിക പ്രവര്‍ത്തനമല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തെ വീണ്ടെടുക്കാനുള്ള രാഷ്ട്രീ യപ്രവര്‍ത്തനവുമാണ്. അതിന് അടിയന്തരമായി ബ്രാഹ്‌മണിക്കല്‍ കലാരൂപങ്ങളെ കൈയൊഴിയണം. നമ്മുടെ കുട്ടികളിലേക്ക് ചരിത്രജ്ഞാനത്തിന്റെ വിമോചകസ്വപ്‌നങ്ങള്‍ പകരണം.
(ഈ ലേഖനം നാലഞ്ചുവര്‍ഷം മുമ്പ് എഴുതിയതാണ്. അടുത്തു പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലേക്ക് മാറ്റിവച്ചതായിരുന്നു. വേടന്റെ വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും ദലിതരടക്കമുള്ള അടിസ്ഥാനജനതയുടെ കലയെ സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പ്രസക്തമാവുമെന്നതിനാല്‍ പ്രസിദ്ധീകരിക്കുന്നു.)
Photo courtesy People’s Archive of Rural India
