വേടന്റെ പാട്ടും പറച്ചിലും: യുവതയാണ് ഭീകരവാദികളെ ഭയപ്പെടുത്തുന്നത്
കേരളത്തില്‍ എത്ര ദലിതരും ആദിവാസികളുമുണ്ട്? 2011ലെ സെന്‍സസ് അനുസരിച്ചാണെങ്കില്‍ 35 ലക്ഷം കവിയും. ഒന്നര പതിറ്റാണ്ടായി ഇത്തരമൊരു സെന്‍സസ് നടത്താത്തിനാല്‍ കൃത്യം കണക്ക് അറിയില്ല. കേരളത്തിന്റെ ജനസംഖ്യ എത്രയാണ്? മൂന്നര കോടിയിലേറെയെന്നാണ് 2025ലെ കണക്ക്. പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ ജനസംഖ്യ ആകെയുള്ള ജനസംഖ്യയുടെ 10 ശതമാനത്തില്‍ അല്പം കൂടുതലുണ്ടാകാം. ഏതായാലും 12 ശതമാനമില്ലെന്നു കരുതാം. ഇപ്പറയുന്ന 35 ലക്ഷം പേര്‍ വേടന്റെ പാട്ടും പറച്ചിലും കേള്‍ക്കുന്നുണ്ടോ? സോഷ്യല്‍ മീഡിയയില്‍പ്പോലും അവര്‍ എല്ലാവരും കാണുന്നുണ്ടാവുന്നില്ല. വേടന്റെ പെര്‍ഫോമന്‍സ് കാണാന്‍ വരുന്നവരിലും പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ എണ്ണം പരമിതമാകും. പാലക്കാട് നടന്ന പരിപാടിയില്‍ മാത്രമായിരിക്കണം കൂട്ടമായി ഈ ജനത കാണികളായി എത്തിയിട്ടുണ്ടാവുക. ഊഹമാണ്. വേടനെ കാണാനും കേള്‍ക്കാനുമെത്തുന്ന ആയിരക്കണക്കിനു യുവാക്കളില്‍ ദലിതരേക്കാളും ആദിവാസികളേക്കാളും കൂടുതല്‍ പിന്നാക്കക്കാരും മുന്നാക്കക്കാരും ന്യൂനപക്ഷക്കാരുമാണ്. അതില്‍ ജനാധിപത്യവാദികളുണ്ട്, ഇടതുപക്ഷക്കാരുണ്ട്, സംഘപരിവാറുകാരുണ്ട്, കോണ്‍ഗ്രസുകാരുണ്ട്, മുസ്ലിം ലീഗുകാരുണ്ട്. അതാണ് പ്രശ്‌നം.
ഏതാനും വര്‍ഷങ്ങളായി കേരളത്തെ ബ്രാഹ്‌മണ്യവല്‍ക്കരിക്കാനുള്ള നീക്കം ശക്തമാണ്. ക്ഷേത്ര കേന്ദ്രിതമായിട്ടാണ് പൊതുവില്‍ അതിന്റെ സാംസ്‌കാരിക പ്രചാരണം നടക്കുന്നത്. ബ്രാഹ്‌മണികരാഷ്ട്രീയമുള്ള സംഘടനകളുടെ പൊതുപരിപാടികളില്‍ ജനാധിപത്യപരമായി ആസ്വാദ്യകരമായി തോന്നുന്ന കലാവിഷ്‌കാരങ്ങള്‍ അസാധ്യമാണ്. അതിനു നിശ്ചിതമായ രൂപഭാവങ്ങളുണ്ട്. അത് മനുഷ്യരുടെ പൊതുവായ വികാസത്തെ പ്രകാശിപ്പിക്കുന്നതുമല്ല. എന്നാല്‍ അതിലൂടെ പരത്തുന്ന അപരവിദ്വേഷവും ജാതിമേന്മാവാദവും അതിരുകളില്ലാത്തതാണ്. ആധുനികമായ കലാരീതികളെ പുറത്തു നിര്‍ത്തുന്നതാണ് അതിന്റെ സ്വഭാവം.
എന്നാല്‍ കാലത്തിനനുസരിച്ച് സംഗീതമടക്കമുള്ള കലാരൂപങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നുവെന്നതും അതിന് ആളുകള്‍ കൂടുന്നുവെന്നത് ഒരു ദിശാമാറ്റമാണ്. അതുകൊണ്ട് വേടന്‍ കിളവന്‍മാരെയല്ല, യുവാക്കളെയാണ് പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. ആ പരിഷ്‌കാരമെന്നത് ജാതിബോധത്തിനെതിരായ ജനാധിപത്യത്തിന്റെ ഇടപെടലാണ്. അത് അംബേദ്കര്‍ വിഭാവന ചെയ്ത ജാതിവിരുദ്ധമായ ജനാധിപത്യമാണ്. തുല്യതയുടെ രാഷ്ട്രീയമാണ്. അങ്ങനെ വരുമ്പോള്‍ തങ്ങള്‍ ആഗ്രഹിക്കുന്ന, വളര്‍ത്തിക്കൊണ്ടുവരുന്ന ബ്രാഹ്‌മണിക് ഹെജിമണി ഇല്ലാതാകുമെന്ന് വേടനെതിരേ ആക്രോശിക്കുന്നവര്‍ ഭയപ്പെടുന്നുണ്ട്. ആട്ടിന്‍കുട്ടികളെപ്പോലെ യുവാക്കളെ വളര്‍ത്തിയെടുക്കാനുള്ള ഭീകരവാദത്തിന്റെ നെടുങ്കോട്ടകളെയാണ് വേടന്റെ പാട്ടും പറച്ചിലും ആക്രമിക്കുന്നത്. അത് തകരുന്നത് അവര്‍ക്ക് സഹിക്കാനാവില്ല.
തങ്ങളുടെ ചിറകിനടിയില്‍ നിന്ന് കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ കോഴികള്‍ക്കു മാത്രമല്ല, കഴുകന്മാര്‍ക്കും വേദനയുണ്ടാകും. കുറച്ചുപേരെങ്കിലും ജാതിബോധത്തിനും ഫാസിസത്തിനും നാസിസത്തിനും എതിരായി നിലപാടെടുക്കാന്‍ ശ്രമിക്കുന്നുണ്ടോ, എങ്കില്‍ വേടന്‍ പറഞ്ഞതുപോലെ അവന്റെ പണി വര്‍ക്കാവുന്നുണ്ട്. വേടനെതിരായ ഭീകരവാദികളുടെ ആക്രമണം യഥാര്‍ഥത്തില്‍ എല്ലാ ജനാധിപത്യശക്തികള്‍ക്കും എതിരായതാണ്. ഇത് ഏതാനും വ്യക്തികളുടെ പ്രശ്‌നമല്ലെന്ന് വേടന്‍ പറഞ്ഞതും അതുകൊണ്ടാണ്. ആ രാഷ്ട്രീയം ചെറിയതല്ലാത്ത ഒരോളം സൃഷ്ടിച്ചു മുന്നേറുകയാണ്.
(ഇന്ത്യയെ സംബന്ധിച്ച് ഫാസിസത്തേക്കാള്‍ യോജിക്കുന്നത് നാസിസമെന്നാണ് തോന്നുന്നത്. കാരണം ഫാസിസത്തിനു അതിദേശീയതയോടാണ് ചായ്‌വെങ്കില്‍ അതിദേശീയതയോടും വംശീയതയോടുമാണ് നാസിസത്തിനു ചായ്‌വ്.)
