Art & LiteratureCulture & History

ആരാധകരും എതിരാളികളും കാത്തിരിക്കുന്നു

വേടന്റെ പുതിയ ആല്‍ബം രാവണനെ കുറിച്ചാണെന്നറിയുന്നു. ആകാംക്ഷയോടെ ആരാധകര്‍ മാത്രമല്ല എതിരാളികളും കാത്തിരിക്കുകയാണ്. സനാതന വാദികളുടെ എതിരാളികള്‍ എപ്പോഴും അവര്‍ക്കെതിരെ നടത്താന്‍ ഉപയോഗിച്ച ഒരു കഥാപാത്രമാണ് രാവണന്‍. എന്നാല്‍ അതിനെ ഫലപ്രദമായ ഒരു പ്രതിരോധത്തിന്റെ സദാ കാലത്തേക്കുള്ള ഒരു പ്രതീകമാക്കി മാറ്റാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് പലരും ചിന്തിച്ചിട്ടില്ല.
രാവണനെ അവര്‍ കണ്ടെടുക്കുന്നത് രാമായണത്തില്‍ നിന്നാണ്. രാമായണം സനാതനരുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമാണ്. അതില്‍ മാതൃകാപുരുഷനായി മനോഹരമായി ചിത്രീകരിക്കുന്നത് രാമനെയാണ്. രാവണന്‍ അതിലൊരു വില്ലന്‍ കഥാപാത്രം മാത്രമാണ്. രാവണനെ അറിയുന്നതിനു വേണ്ടി റഫര്‍ ചെയ്യേണ്ടത് ഈ ഗ്രന്ഥമാകുന്നതുകൊണ്ട്, രാവണനെ വ്യക്തിത്വത്തോടെ അതില്‍ നിന്നും കണ്ടെടുക്കാന്‍ കഴിയില്ല. ഭക്തിയുടെ ലഹരിയില്‍ ആറാടി എഴുതിയ രാമായണം വായിക്കുന്ന സാധാരണ ബുദ്ധിയുള്ള മനുഷ്യര്‍ക്ക് രാവണനെ തങ്ങളോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയില്ല. മറിച്ച് അവര്‍ രാമന്റെ ആരാധകരായി മാറുകയാണ് ചെയ്യാറുള്ളത്. ഇന്ത്യയിലെ എല്ലാ വിപ്ലവങ്ങളും പരാജയപ്പെടുന്നത് ഇങ്ങനെയാണ്. എന്തിനോട് പൊരുതുന്നു, അതില്‍ തന്നെ ലയിക്കുക എന്നുള്ളതാണ് ഇന്ത്യയിലെ സാമൂഹ്യ വിപ്ലവങ്ങളുടെ തലവിധി.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ നടത്തിയ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയുള്ള എല്ലാ വിപ്ലവങ്ങളും കാലാന്തരത്തില്‍ പരാജയപ്പെടുകയോ ഒത്തുതീര്‍പ്പാക്കുകയോ ചെയ്തു. ഇന്ന് നമ്മള്‍ ജീവിച്ചിരിക്കുന്ന ക്രൂര കാലഘട്ടത്തിലേക്ക് പരിണമിക്കുകയും ചെയ്തതിന്റെ കാരണം ഹിന്ദുമതത്തിന് അകത്തു നിന്നുകൊണ്ട് നടത്തിയ പ്രക്ഷോഭങ്ങളും പ്രതിരോധങ്ങളും കൊണ്ടുമാത്രമാണ്. ഒരു നൂറ്റാണ്ടിനു മുമ്പേ കുടഞ്ഞുകളയാമായിരുന്ന ഒരു നനഞ്ഞ പുതപ്പായ ഹിന്ദുത്വത്തെ നേരെയാക്കി മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയും എന്ന് വ്യാമോഹിച്ച ആളുകള്‍ക്ക് പറ്റിയ അമളിയുടെ ഫലത്തേയാണ് ഇന്ന് നമ്മള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനെയാണ് നവോത്ഥാനം എന്ന് വിളിക്കുന്നത്.

വേടന്‍ അവതരിപ്പിക്കുന്നത് ഹൈന്ദവ സങ്കല്‍പ്പത്തിലുള്ള ഒരു രാവണനെയാണെങ്കില്‍ മുന്‍കാലത്ത് ഉയര്‍ത്തിയ രാവണബിംബം പോലെ ഉടഞ്ഞുപോവുകയേ ഉള്ളൂ. പിന്നെ ഏത് രാവണനെയാണ് ഉയര്‍ത്തേണ്ടത് എന്നുള്ള ചോദ്യം ഉണ്ടാകാം. രാവണന് രണ്ട് തലമുണ്ട്. ഒന്ന് പുരാണവും മറ്റൊന്ന് ചരിത്രവും. രാവണന് ഒരു ബൗദ്ധ പശ്ചാത്തലം ഉണ്ടെന്നുള്ള കാര്യം അധികം ആര്‍ക്കും അറിയില്ല. ഇന്ത്യക്കാരുടെ രാവണന്‍ അല്ല ശ്രീലങ്കക്കാരുടെ രാവണന്‍. ശ്രീലമ്പടനായ നീചനായ രാവണനെയാണ് രാമായണം കാണിച്ചു തരുന്നത്. എന്നാല്‍ ശ്രീലങ്കയിലെ ബൗദ്ധ കൃതികളിലും വാമൊഴി കഥകളിലും നാടോടി ഗീതങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു രാവണന്‍ ഉണ്ട്. സര്‍വ്വഗുണ സമ്പന്നനും പത്തു വിഷയങ്ങളില്‍ അഗാധജ്ഞാനമുള്ളവനുമായ രാവണന്‍. ‘ലങ്കാവതാര സൂത്രത്തില്‍’ രാവണനെ ബൗദ്ധനായാണ് ചിത്രീകരിക്കുന്നത്. ഒരു ധര്‍മ്മ പ്രചാരകനോ ധര്‍മ്മചാര്യനോ എന്നൊക്കെയുള്ള നിലയില്‍ ബുദ്ധമത പാരമ്പര്യത്തിലെ ഒരു പ്രധാന വ്യക്തിയായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നുവന്ന് ബൗദ്ധ സാഹിത്യത്തില്‍ നിന്നും മനസ്സിലാകുന്നു.
വളരെ വിചിത്രമായ ഒരു കാര്യം രാമന്റെ നാടായ ഉത്തര്‍പ്രദേശില്‍ പുഖ്രായന്‍ എന്ന ഗ്രാമത്തില്‍ ഭക്ത്യാദരപൂര്‍വ്വം രാവണനെയും ഇന്ദ്രജിത്തിനെയും ആരാധിച്ചുവരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് ജില്ലയിലെ അമ്രോധ ബ്ലോക്കിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് പുഖ്രായന്‍. രാവണനെ ഒരു ബൗദ്ധ രാജാവായിട്ടാണ് അവര്‍ കാണുന്നത്. ദസറയുടെ അന്ന് വിപുലമായ പരിപാടികളോടെ രാവണമേള നടത്തുന്നു. ഇപ്പോള്‍ ദളിത് പാന്തേഴ്‌സിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി നടക്കുന്നത്.രാവണന്റെ പത്ത് തലകള്‍ അദ്ദേഹത്തിന്റെ ഇരുണ്ട ശക്തികളെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ ജ്ഞാനത്തെ പ്രതിനിധീകരിക്കുന്നതായി അവര്‍ കണക്കാക്കുന്നു. ഇത് ഹൈന്ദവ സങ്കല്‍പ്പത്തിന്റെ കടകവിരുദ്ധമായ ചിത്രമാണ്.
ഈ വിഷയത്തില്‍ പഠനം നടത്തിയ ചരിത്രകാരന്മാര്‍ രാവണനെ മിത്തുകളില്‍ നിന്നും പിടിച്ചിറക്കി, ചരിത്രത്തില്‍ കൊണ്ടുവന്നു നിര്‍ത്തുന്നുണ്ട്. ഡോ. ജമനാദാസ് അടുത്തകാലത്ത് വിവര്‍ത്തനം ചെയ്ത ബുദ്ധ മാളവിയുടെ പരിഭാഷയായ ‘രാവണന്‍-അഹിംസാത്മിക ഗണനായകന്‍’
(അഹിംസാത്മക റിപ്പബ്ലിക്കുകളുടെ നായകന്‍) എന്ന ഗ്രന്ഥത്തില്‍ ബുദ്ധനും രാവണനും സമകാലികരായിരുന്നു എന്ന് പറയുന്നുണ്ട്.
‘രാവണനും അവന്റെ ബന്ധുക്കളും സാധാരണ മനുഷ്യരാണെന്നും രാവണന് ഒരു തലയും രണ്ട് കൈകളും രണ്ട് കാലുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ’
ധരാംദാസ്, രാമായണ മിത്ത് അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം. പേജ് 47,
രാവണനേ മോശമായി ചിത്രീകരിക്കുന്നത് ഹൈന്ദവ കൃതികളാണ്. ബൗദ്ധ സാഹിത്യത്തില്‍ ഇദ്ദേഹത്തിന് മഹത്തായ സ്ഥാനമുണ്ട്. ഇന്ത്യയില്‍ എമ്പാടും അതുപോലെ തന്നെ സമീപ രാജ്യങ്ങളിലും വ്യാപിച്ചു കിടന്ന ബൃഹത്തായ തദ്ദേശീയ സംസ്‌കൃതിയില്‍ നിന്നാണ് രാവണന്റെയും ബുദ്ധന്റെയും ഉദയം. അതിപുരാതനമായ രക്ഷണ – ഗണ സംസ്‌കാരത്തിന്റെ ഭാഗമാണ് അവര്‍. അതില്‍ നിന്നാണ് പുരാതന ബൗദ്ധ പാരമ്പര്യം രൂപപ്പെടുന്നത്. അത് ഗൗതമ ബുദ്ധന് വളരെ മുന്‍പേ ഉണ്ടായിരുന്നതാണ്. അതിനെ പുനര്‍ വ്യാഖ്യാനിക്കുന്നതാണ് ഗൗതമ ബുദ്ധന്റെ ദര്‍ശനം. സങ്കലിതമായ ആയിരക്കണക്കിന് തദ്ദേശീയ ഗണങ്ങള്‍, ഓരോ ഗണങ്ങള്‍ക്കും ഗണനാഥന്മാര്‍. ഈ ഗണങ്ങളുടെ എല്ലാം ഏറ്റവും വലിയ നാഥന്‍ ബുദ്ധന്‍. അതാണ് ഗണനാഥന്‍ എന്ന വിനായക സങ്കല്‍പ്പം. അതിനെയാണ് ഗണപതി എന്ന ആനത്തലയുള്ള മനുഷ്യനിലേക്ക് മുറിച്ചുമാറ്റിയത്.
ഗണങ്ങള്‍ എന്നു പറഞ്ഞാല്‍ റിപ്പബ്ലിക്കുകള്‍. ഓരോ ഗണത്തിനും സ്വതന്ത്ര അധികാരമുണ്ടായിരുന്നു. അനിയന്ത്രിതമായി മൃഗങ്ങളെ കൊന്നുതിന്ന യാഗ-യജ്ഞ സംസ്‌കാരത്തെ ഇവര്‍ എതിര്‍ത്തിരുന്നു. തദ്ദേശീയരുടെ ഗണങ്ങളില്‍ (റിപ്പബ്ലിക്) കടന്നുകയറി അവരുടെ മതങ്ങള്‍ പ്രചരിപ്പിക്കാനുള്ള ബ്രാഹ്‌മണ മതത്തിന്റെ ശ്രമങ്ങളെ ചെറുത്തുനിന്ന് പോരാടിയ തദ്ദേശീയരെയാണ് ദൈത്യരും ദാനവരും അസുരനും ഒക്കെയായി കഥകളില്‍ ചിത്രീകരിക്കുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും തപസ്സു മുടക്കാനും യാഗവും യജ്ഞവും തടയാനും അക്രമോത്സുകരായി കടന്നുവരുന്ന കാട്ടാളന്മാരെ കുറിച്ച് പറയുന്നുണ്ട്. രാമായണത്തില്‍ യജ്ഞവും തപസ്സും മുടക്കുന്ന രാക്ഷസരെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് രാമനെ അഗസ്ത്യന്‍ ഉപയോഗിക്കുന്നത്..
ഗണരക്ഷകനായാണ് രാവണനെ ബൗദ്ധ കൃതികളില്‍ കാണുന്നത്. ബുദ്ധന്റെ ധര്‍മ്മ തത്വവും രാവണന്റെ ‘രക്ഷകരുടെ’ (രാക്ഷസ എന്ന് ഹിന്ദു) സംസ്‌കാരവും ഏറെക്കുറെ സമാനമായിരുന്നു. ബ്രാഹ്‌മണരുടെ ആശ്രമ സംസ്‌കാരം പ്രദേശത്തുടനീളം അവരുടെ ദൈവസങ്കല്‍പ്പവും യജ്ഞവും ആദിവാസികളിലേക്ക് വ്യാപിച്ചപ്പോള്‍, ഗണ പാരമ്പര്യങ്ങള്‍ക്ക് വലിയ അപകടമുണ്ടായി. വടക്കേ ഇന്ത്യയില്‍ ബുദ്ധമതക്കാര്‍ ശക്തമായ സ്വാധീനം സൃഷ്ടിച്ചതിനാല്‍, വ്യത്യസ്ത ആദിവാസി റിപ്പബ്ലിക്കുകള്‍ക്കിടയില്‍ ആഭ്യന്തര കലാപവും പോരാട്ടവും ആരംഭിക്കാന്‍ വേദ ഋഷിമാര്‍ നടത്തിയ വലിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ബുദ്ധമത വെല്ലുവിളികളെ ചെറുക്കാന്‍ ആര്യന്മാര്‍ സ്വയം തയ്യാറെടുക്കുന്നതിന്റെ അടയാളങ്ങളാണ് പുരാണങ്ങളിലെ ദേവ-ദാനവ യുദ്ധങ്ങള്‍.
രാവണന്‍ ബുദ്ധന്റെ സമകാലികനാണെന്നും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ പങ്കെടുക്കുകയും ബുദ്ധന്റെ കരുണയിലും അഹിംസയിലും വിശ്വസിക്കുകയും ചെയ്തിരുന്നുവെന്ന് ചന്ദ്രിക പ്രസാദ് ജിദ്‌ന്യാസു ബൗദ്ധ സാഹിത്യത്തെ അടിസ്ഥാനമാക്കി നിരീക്ഷിച്ചിട്ടുണ്ട്. ബൗദ്ധര്‍ക്കിടയില്‍ പ്രാധാന്യവും ആദരവും ഉണ്ടായിരുന്ന രാവണനെ വിഷയാസക്തനായ ഒരു ക്രൂരനായി ചിത്രീകരിച്ചുകൊണ്ട് ഇന്ത്യയിലെമ്പാടും തദ്ദേശീയ സംസ്‌കാരം നിലനിന്നിരുന്ന എല്ലായിടങ്ങളിലും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാമായണ കഥ ഈ നിലയ്ക്ക് രൂപപ്പെടുത്തുന്നത്. ബൗദ്ധരാജാവ് ആയിരുന്ന മഹാബലിയെ അഹങ്കാരിയായി ചിത്രീകരിക്കുകയും ഇല്ലാതാക്കുകയും ചെയ്ത കഥ ഇതിനോടുകൂടി ചേര്‍ത്തു വായിക്കണം.
വൈദിക മതം പെരും കള്ളങ്ങളിലൂടെയാണ് വളരുന്നത്. അവരോട് ചേരാന്‍ തയ്യാറായ ഗണനാഥന്മാരെ ക്ഷത്രിയരായി ഇവര്‍ ഉയര്‍ത്തുകയും ചെറുത്തുനിന്നവരെ ദാനവരും ദൈത്യരും എന്നൊക്കെ ഇകഴ്ത്തുകയും ചെയ്തു.

‘ആര്യന്മാരുടെ യഥാര്‍ത്ഥ ശത്രുക്കള്‍ ഈ രാജ്യത്തെ തദ്ദേശീയ ജനതയായിരുന്നു. അതുകൊണ്ടാണ് അവരെ രാക്ഷസന്മാര്‍ എന്നും ദൈത്യന്മാര്‍ എന്നും വിളിച്ചിരുന്നത്. രാവണന്‍ ദൈത്യ വംശത്തില്‍ പെട്ടവനും രാക്ഷസ ഗണത്തില്‍ പെട്ടവനും ആയതിനാല്‍ അദ്ദേഹത്തിന് 10 വായകള്‍ ഉള്ളതായി ചിത്രീകരിച്ചിരിക്കുന്നു’. (എച്ച്.ഡി. സങ്കലിയ)

‘റിപ്പബ്ലിക്കുകളുടെ വ്യവസ്ഥ-‘ഗണ’- ആദിവാസി സംസ്‌കാരത്തിന്റെ പ്രധാന അടിത്തറയാണ്. ഓരോ ഗണത്തിന്റെയും ദേവത വ്യത്യസ്തമാണ്. ആദിവാസികള്‍ സസ്യങ്ങളുടെയും മൃഗങ്ങളുടെയും രൂപത്തില്‍ ആരാധിക്കുന്നു. അവര്‍ ഈ ഗണങ്ങളെ പവിത്രമായി കണക്കാക്കുന്നു. അവരുടെ സ്വത്വം അവരുടെ ഗണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. രാവണന് ആദിവാസികളുടെ ഒരു രക്ഷ ഗണ കുലവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുല ചിഹ്നം പനമരമായിരുന്നു. രാവണന്‍ (പനമരം), ശൂര്‍പ്പണഖ (പനമരം), തടക (പനമരം), മാരീച (സാലമരം), ശബരി (സരസഫലങ്ങളുടെ വൃക്ഷം) എന്നിവരുടെ ഉദാഹരണങ്ങളില്‍ നിന്ന് കാണാന്‍ കഴിയും. ഹനുമാന്‍, വാലി, സുഗ്രീവ, അംഗദന്‍ (എല്ലാ കുരങ്ങുകളും), ജംബുവന്റുകള്‍ (കരടി), ജടായു (കഴുകന്‍) തുടങ്ങിയ മൃഗങ്ങളുടെ കുലചിഹ്നങ്ങളെ ആരാധിച്ചിരുന്നു. മരങ്ങളെ ആരാധിക്കുന്ന ആദിവാസികളെ ‘മറവി’ എന്ന് വിളിക്കുന്നു. രാവണനും അവന്റെ വംശമായ രാക്ഷസന്മാരും മനുഷ്യവംശത്തില്‍ പെട്ടവരാണ്’
(എം.എസ്. പൂര്‍ണലിംഗം പിള്ള, ‘രാവണന്‍: ലങ്കയിലെ രാജാവ്, പേജ് 10)

‘സിദ്ധാര്‍ത്ഥ ഗൗതമ ബുദ്ധന്‍ ആദിവാസികളുടെ ശാക്യ ഗണത്തില്‍ പെട്ടയാളാണ്, സാല എന്ന മരത്തിന്റെ ഗണചിഹ്നം ഉള്ളയാളാണ് ഗൗതമന്‍, അദ്ദേഹത്തിന്റെ കുലചിഹ്നമായിരുന്ന കാളയാണ് ഗൗതം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. (ദേവിപ്രസാദ് ചട്ടോപാധ്യായ) ബുദ്ധമത ചിഹ്നങ്ങളിലും കലകളിലും കാണപ്പെടുന്ന കാളകള്‍ യാദൃശ്ചികം അല്ല.
‘ഇത് തെളിയിക്കുന്നത് രാവണനും മറ്റുള്ളവരും വ്യത്യസ്ത ഗണങ്ങളില്‍ നിന്നുള്ള ആദിവാസികളായിരുന്നു എന്നാണ്. രാവണന്‍ ഒരു ഗോണ്ട് ആണെന്നും അദ്ദേഹത്തിന്റെ ലങ്ക മധ്യേന്ത്യയിലാണ്.’ (ചന്ദ്രിക പ്രസാദ് ജിദ്‌ന്യാസു, രാവണ ഔര്‍ ഉസ്‌കി ലങ്ക)
ആചാര്യ നരേന്ദ്ര ദേവ തന്റെ ‘ബുദ്ധ ദര്‍ശന’യില്‍ രാവണന്‍ നിര്‍വാണം പോലുള്ള ബുദ്ധമത സിദ്ധാന്തങ്ങളെക്കുറിച്ച് ബുദ്ധനോട് നൂറ് ചോദ്യങ്ങള്‍ ചോദിക്കുന്നതായി വിവരിക്കുന്നു. (പേജ് 53-54, രാവണന്‍ ഔര്‍ ഉസ്‌കി ലങ്ക) ബുദ്ധമതക്കാരുടെ നിബ്ബാന, ശൂന്യത എന്നീ ആശയങ്ങള്‍ രാവണന്‍ അംഗീകരിച്ചിട്ടുണ്ട്. ‘വാസ്തവത്തില്‍, ശാക്യ ഗോത്രങ്ങള്‍ക്കുള്ളില്‍ നിരവധി വംശങ്ങള്‍ ഉണ്ടായിരുന്നു, അവയില്‍ ഒന്നില്‍ നിന്നാണ് ബുദ്ധന് ഗൗതമന്‍ (ഗൗതം) എന്ന പേര് ലഭിച്ചത്.'(ലോകായതം)

രാവണനെ കണ്ടെടുക്കുന്നത് ചരിത്രത്തില്‍ നിന്നും ആയിരിക്കണം. അല്ലാതെ പുരാണങ്ങളില്‍ നിന്നും കണ്ടെടുക്കുന്ന നികൃഷ്ടനായ രാവണനെ തദ്ദേശീയനായതുകൊണ്ട് വിശുദ്ധീകരിക്കുന്ന രീതി തിരിഞ്ഞു കടിക്കുന്ന പാമ്പ് ആയിരിക്കും. അവര്‍ പറയുന്ന രാവണന്‍ ചരിത്രത്തിലെ രാവണന്‍ അല്ല. ബുദ്ധനോടൊപ്പം സംവദിച്ചവനും വൈദിക മതത്തിനെതിരെ പോരാട്ടം നടത്തിയവനുമായ രാവണന്‍ വിവിധ വിഷയങ്ങളില്‍ അറിവുള്ളവനും സിംഹ പരാക്രമിയും ആയിരുന്നു. മഹാജ്ഞാനിയായിരുന്ന പുലസ്ത്യന്റെ മകന്‍ വിശ്രവസിന്റെയും കൈകസിടെയും പുത്രനാണ് രാവണന്‍. രാവണന്റെ പിതാവ് ബ്രാഹ്‌മണന്‍ ആണെന്നാണ് രാമായണം പറയുന്നത്. കൈകസി ഒരു രാക്ഷസിയും. ഇതു വാസ്തവവിരുദ്ധമാണ്. പൂര്‍വ്വ ബൗദ്ധ പാരമ്പര്യമുള്ള ഒരു വംശത്തെ അവരുടെ ജ്ഞാനത്തെ മറ്റൊരു വംശത്തിന്റേതാക്കി മാറ്റുന്ന വലിയൊരു കവര്‍ച്ചയാണ് ഇതിലൂടെ നമുക്ക് വെളിവാകുന്നത്. പുരാണങ്ങളിലെയും ചരിത്രങ്ങളിലെയും മഹത്തുക്കളായ മനുഷ്യരില്‍ ബ്രാഹ്‌മണ ബീജം ആരോപിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. ഈ ബ്രാഹ്‌മണ ബീജം ബലമായും അല്ലാതെയും കടത്തിവിട്ടുകൊണ്ടാണ് ഭൂരിപക്ഷങ്ങള്‍ക്കിടയില്‍ അവര്‍ മേധാവിയായി തുടരുന്നത്. എന്നാല്‍ നമുക്ക് സത്യത്തെയും യാഥാര്‍ത്ഥ്യത്തെയും വിവേചിച്ച് അറിയാനുള്ള ബാധ്യതയുണ്ട്. ബുദ്ധനോളം പോന്ന മഹാജ്ഞാനിയായ ഒരു മനുഷ്യനെ അധമനായ ഒരു കഥാപാത്രമായി ഹിന്ദു ചിത്രീകരിച്ച ഒരു ഗ്രന്ഥത്തില്‍ നിന്നും കണ്ടെടുത്തല്ല നമ്മുടെ നായകന്‍ ആക്കേണ്ടത്. വൈദിക മതത്തിനെതിരെ അരയും തലയും മുറുക്കി പോരാടിയ മഹാ വിപ്ലവകാരിയായ രാവണനെയാണ് കൊണ്ടുവരേണ്ടത്. അല്ലാതെ വിദേശ അക്രമികളുടെ മനോവങ്ങളില്‍ നിന്നും ഉണ്ടായ രാവണനെയല്ല. അദ്ദേഹത്തോട് ചേര്‍ന്ന് രാമായണത്തിലെയോ ഇതര ഹൈന്ദവ ഗ്രന്ഥങ്ങളിലെയോ കഥകളുടെ ഒരു പൊടി പോലും ഉണ്ടാകാന്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ അത് നമ്മളെ വീണ്ടും ചരിത്രത്തില്‍ നിന്നും കെട്ടുകഥകളുടെ മാലിന്യത്തിലേക്ക് തള്ളിയിടും. ചരിത്രത്തില്‍ നിന്നും കണ്ടെടുത്ത ധീരനായ രാവണനാണ് നമുക്ക് വേണ്ടത്. വൈദിക ബ്രാഹ്‌മണരുടെ സംസ്‌കാരശൂന്യമായ യജ്ഞ സംസ്‌കാരത്തിനെതിരെ പോരാടിയ ഒരു മഹാ മനുഷ്യന്റെ ചരിത്രമാണ് അനാവരണം ചെയ്യപ്പെടേണ്ടത്
വേടന്റെ 10 തല രാവണന്‍ ഇതില്‍ ഏതായിരിക്കും എന്നറിയില്ല. ഒരു കാര്യം പറയാം രാമായണത്തില്‍ നിന്നും കണ്ടെടുക്കുന്ന രാവണന്‍ ആണെങ്കില്‍ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. കേള്‍വിയുടെ സുഖത്തിനപ്പുറം അതിനൊന്നും ചെയ്യാനുമുണ്ടാകില്ല. അതല്ല, ചരിത്രത്തില്‍ നിന്നുള്ള രാവണന്‍ ആണെങ്കില്‍ വൈദിക മതത്തിനെതിരെയുള്ള പോരാട്ടത്തിന് മുമ്പേ അതൊരു തീപ്പന്തമായി നടന്നുകൊള്ളും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message