ലോകത്തെ തന്നിലേക്ക് ആഗിരണം ചെയ്ത കവി
വേടന്റെ പാട്ടും അദ്ദേഹത്തിന്റെ പ്രായവും വെച്ചു നോക്കുമ്പോള്‍ അതിശയകരമായ ചില സംഗതികള്‍ നമുക്ക് മനസ്സിലാകും. വേടന്റെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയുന്നതിനപ്പുറം ലോകത്തെ തന്നിലേക്ക് സന്നിവേശിപ്പിച്ച ഒരു കവിയെ ആണ് അല്ലെങ്കില്‍ ഒരു ദാര്‍ശനികനെയാണ് നമുക്ക് ആ പാട്ടുകളിലൂടെ കാണാന്‍ കഴിയുന്നത്. വേടന്റെ പാട്ടില്‍ കടന്നുവരുന്ന ഓരോ സ്ഥലങ്ങളും സംഭവങ്ങളും വാക്കുകളും അതിന്റെ യഥാര്‍ത്ഥ സത്തയില്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളതാണ് അത്ഭുതകരമായ കാര്യം. വേടന്‍ ഒരു ജ്ഞാന വൃദ്ധനോ ആധികാരികമായ ഗവേഷണങ്ങള്‍ നടത്തിയ ഒരു മധ്യവയസ്‌കനോ അല്ല. കൗമാരം കടന്നു നില്‍ക്കുന്ന ഒരു കൊച്ചു പയ്യന്‍ മാത്രമാണ്. ഇവിടെയാണ് വേടന്‍ ഈ അറിവുകള്‍ എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചപ്പോള്‍ പരമ്പര എന്ന ഉത്തരം പറയുന്നത്. പിതാക്കന്മാര്‍ കരുതിയ ജ്ഞാനം തന്നിലൂടെ പ്രവര്‍ത്തിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ഞാനിവിടെ അതിശയകരമായി കാണുന്ന ഒരു താരതമ്യം ഓഷോയാണ്. കേവലം 58 വയസ്സ് മാത്രം ജീവിച്ച അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലൂടെ തുറന്നിട്ടത് 100 വര്‍ഷം സ്വബോധത്തോടെ ജീവിച്ച ജ്ഞാനിയെക്കാള്‍ വലിയ അറിവിന്റെ വഴികളാണ് അദ്ദേഹം തുറന്നിട്ടത്. എന്തെല്ലാം കാര്യങ്ങള്‍ അദ്ദേഹം വ്യാഖ്യാനിച്ചില്ല എന്ന് മാത്രം നോക്കിയാല്‍ മതി. അതിശയകരവും മനോഹാരിതവുമായ, വ്യാഖ്യാനങ്ങളിലൂടെ ലോകത്ത് മറ്റൊരാള്‍ക്കും പറയാന്‍ കഴിയാത്ത വിധം കാര്യങ്ങളെ അദ്ദേഹത്തിന് വ്യാഖ്യാനിക്കാന്‍ കഴിഞ്ഞു എന്നുള്ളത് കൊണ്ടാണ് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചിന്താശേഷിയുള്ളവരെ ആകര്‍ഷിക്കാന്‍ ഓഷോയ്ക്ക് കഴിഞ്ഞത്. സ്ത്രീകളെ കുറിച്ചും യുദ്ധത്തെക്കുറിച്ചും സമാധാനത്തെ കുറിച്ചും മനുഷ്യന്റെ ആത്യന്തികമായ സ്വാതന്ത്ര്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞത് മറ്റൊരാള്‍ക്കും അതിനപ്പുറം പറയാന്‍ കഴിയാത്ത പോലെയാണ്.
അന്ന് അദ്ദേഹത്തെ വേട്ടയാടിയത് കമ്മ്യൂണിസ്റ്റുകാരും ക്രിസ്ത്യാനികളും ആയിരുന്നെങ്കില്‍, ഇന്ന് വേടന്റെ വിമര്‍ശകര്‍ കമ്മ്യൂണിസ്റ്റുകാരും ജാതി ഹിന്ദുക്കളും ആണെന്നുള്ളതാണ് ഒരു ചെറിയ വ്യത്യാസം. ജാതിയുടെയും മതങ്ങളുടെയും ഭാഷകളുടെയും കെട്ടുപാടുകള്‍ക്കപ്പുറം മനുഷ്യന് നിര്‍മ്മിക്കാനും ആനന്ദിക്കാനും ഒത്തിരി ഇടങ്ങളുണ്ടെന്ന് ഓഷോ പറയുന്നു. വേടനും അത് തന്നെയാണ് പറയുന്നത്. ആരുടെയും ഭൗതികമേല്‍ക്കോയ്മയെ അംഗീകരിക്കാത്ത ഓഷോയും വേടനും വ്യത്യസ്തമല്ല. ബാബ സാഹിബിനെ കുറിച്ച് വാചാലമായും മനോഹരമായും സംസാരിച്ച ആളാണ് ഓഷോ. അംബേദ്കറിനെതിരായി യര്‍വാദ ജയിലില്‍ മരണം വരെ നിരാഹാര സത്യാഗ്രഹം പ്രഖ്യാപിച്ച ഗാന്ധിയെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ബാബാസാഹിബ് അങ്ങേയറ്റം ശരിയാണ് എന്നും ഗാന്ധിയുടെ നിലപാട് തെറ്റാണെന്ന് ഓഷോ പറയുന്നുണ്ട്. ഇതില്‍ നിന്നും ഓഷോ ലോകത്തെ നോക്കി കണ്ടത് എങ്ങനെയാണെന്ന് നമുക്ക് വ്യക്തമാകും.
മതങ്ങളും ജാതികളും സംസ്‌കാരങ്ങളും കടിഞ്ഞാണിട്ട് മനുഷ്യനെ അവര്‍ നിശ്ചയിക്കുന്ന ദ്വാരങ്ങളിലൂടെ നോക്കി ലോകത്തെ കാണണമെന്ന് നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥയില്‍ നിന്നും പുറത്തേക്ക് സഞ്ചരിച്ച ആളാണ് ഓഷോ. മതങ്ങളെ കുറിച്ച് അദ്ദേഹം വളരെ രസകരവും യാഥാര്‍ത്ഥ്യബോധവും ഉള്‍ക്കൊള്ളുന്നതായ ഒരു കഥ പറയുന്നുണ്ട്.’ഒരു ദിവസം രാജാവ് മാളിക മുകളില്‍ മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ താഴെ തെരുവില്‍ ഒരു വിശറി വില്പനക്കാരന്‍ തന്റെ ഉല്‍പ്പന്നത്തിന്റെ വിശേഷം വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്നതുകൊണ്ട്. ആളുകള്‍ ധാരാളം വാങ്ങുന്നുണ്ട്. അതുകൊണ്ട് രാജാവ് അയാളെ തന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് വരുവാന്‍ പറഞ്ഞു. അടുത്ത് വന്ന കച്ചവടക്കാരനോട് രാജാവ് ചോദിച്ചു
‘എന്താണ് നിന്റെ വിശറിയുടെ പ്രത്യേകത? കണ്ടിട്ട് ഇത് ഒരു സാധാരണ പോലെ തന്നെ ഉണ്ടല്ലോ’
‘മഹാരാജാവേ, എന്റെ വിശറി വളരെ പ്രത്യേകതയുള്ളതാണ് .ഇതിന് വില കൂടുതലാണ്. പക്ഷേ ഇത് 100 വര്‍ഷം നിലനില്‍ക്കുന്നതാണ്. അതാണ് ഇതിന്റെ പ്രത്യേകത’ വില്‍പ്പനക്കാരന്‍ അഭിമാനത്തോടുകൂടി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
രാജാവ് ഒരു വിശറി വാങ്ങി. ചൂടുള്ള രാത്രിയായിരുന്നു. അദ്ദേഹം വിശറി നന്നായി വീശിക്കൊണ്ടിരുന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞുപോയി. വിശറി കുത്തഴിഞ്ഞു വീണു. രാജാവിന് വല്ലാത്ത ദേഷ്യം തോന്നി.
പിറ്റേന്ന് രാജാവ് മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ കച്ചവടക്കാരന്‍ അതേ തെരുവിലൂടെ വിശറി വിറ്റുകൊണ്ട് നടക്കുന്നുണ്ട്. അതുകണ്ട് രാജാവ് അയാളെ പിടിച്ചുകൊണ്ടുവരുവാന്‍ സേവകരെ അയച്ചു. രാജാവിന്റെ മുന്നിലെത്തിയിട്ടും അയാള്‍ തലയുയര്‍ത്തി തന്നെ നിന്നു. ആ നില്‍പ്പ് തന്നെ രാജാവിന് രസിച്ചില്ല.
‘നിങ്ങള്‍ നൂറുവര്‍ഷം നിലനില്‍ക്കുമെന്ന് പറഞ്ഞ വിശറി ഇന്നലെ രാത്രി ഒരു വീശലില്‍ തന്നെ അഴിഞ്ഞു പോയി. നീ കബളിപ്പിക്കുകയായിരുന്നു’ രാജാവ് ദേഷ്യപ്പെട്ടു.
അപ്പോള്‍ അയാള്‍ ശാന്തനായി ചോദിച്ചു ‘മഹാരാജാവ് അങ്ങ് എങ്ങനെയാണ് ഉപയോഗിച്ചത്?’
‘സാധാരണ വിശറി എങ്ങനെയാണ് ഉപയോഗിക്കുന്നത് അതുപോലെ ‘
‘എന്നാല്‍ ഈ വിശറി അങ്ങനെയല്ല ഉപയോഗിക്കേണ്ടത് .’അയാള്‍ ഒന്നു നിര്‍ത്തി ഒരു വിശറിയെടുത്ത് തന്റെ മുഖത്തിന് നേരെ പിടിച്ച് മുഖം ഇടത്തോട്ടും വലത്തോട്ടും വെട്ടിക്കാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു, ‘ഇങ്ങനെയാണ് ഈ വിശറി ഉപയോഗിക്കേണ്ടത്. അങ്ങേയ്ക്ക് തെറ്റുപറ്റി’
മതം ഇങ്ങനെയാണെന്നാണ് ഓഷോ പറയുന്നത്. അതൊരിക്കലും മാറുകയില്ല നമ്മള്‍ അതിനുവേണ്ടി പാകപ്പെട്ടുകൊണ്ടിരിക്കണം ഓഷോ ജീവിച്ച കാലഘട്ടവും വേടന്‍ ജീവിക്കുന്ന കാലഘട്ടവും തമ്മില്‍ ചില സാങ്കേതിക പുരോഗതി ഉള്ളതല്ലാതെ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. ഇന്ന് വേടന്‍ അടങ്ങുന്ന ഈ സമൂഹത്തോട് ഹിന്ദുമതം എന്ന് വിശ്വസിക്കുന്ന മുഖം വെട്ടിച്ചു കൊണ്ടിരിക്കാനാണ് ആവശ്യപ്പെടുന്നത്.
ഓഷോ ഒരു വലിയ പ്രതലത്തില്‍ നിന്നുകൊണ്ടാണ് ലോകത്തോട് സംസാരിച്ചത്. യാതൊന്നിന്റെയും തടസ്സങ്ങള്‍ ഇല്ലാതെ പ്രാപഞ്ചിക രഹസ്യങ്ങളോട് മനുഷ്യന് സംവേദിക്കുവാന്‍ കഴിയണമെന്ന് ഓഷോ പറയുന്നത് മതബദ്ധരായവര്‍ക്ക് മനസ്സിലായില്ല. ഓഷോയെ ഇന്നും പലര്‍ക്കും മനസ്സിലാകുന്നില്ല. അനാവശ്യമായി മനുഷ്യരെ കെട്ടിവരിഞ്ഞ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കെട്ടുപാടുകളില്‍ നിന്നും വിമോചനം അദ്ദേഹം ആഗ്രഹിച്ചത് മനുഷ്യരുടെ പ്രാകൃതികമായ അഭിവാഞ്ചയെ തിരിച്ചറിഞ്ഞുകൊണ്ടാണ്.
വേട്ട നായ്ക്കള്‍ ഇര പിടിക്കാന്‍ തുടിച്ചു തുടിച്ചു നടക്കുന്ന ഒരു വലിയ കാടാണ് ഹിന്ദു മതം. പരസ്പരം കൊന്ന് തിന്നുന്ന ജീവികള്‍. ഇതിനിടയില്‍ നിന്നാണ് വേടന്‍ ജാതി കൊണ്ട് മനുഷ്യനെ ഇഴപിരിച്ച് മാറ്റിയിട്ടിരിക്കുന്ന വ്യവസ്ഥയോട്, ‘ഞാന്‍ മനുഷ്യന്‍ മാത്രമാണെന്ന്’ പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനത്തിന് പിന്നില്‍ നൂതനമായ സമൂഹസൃഷ്ടിയെക്കുറിച്ചുള്ള അവബോധം ഉണ്ട്. ലോകമെമ്പാടും നടക്കുന്ന പീഡനങ്ങളെക്കുറിച്ചും വിമോചനത്തെക്കുറിച്ചും എല്ലാം അയാള്‍ അറിയുന്നുണ്ട്. അത് തന്റെ ഗാനങ്ങളിലൂടെ അല്ല കവിതയിലൂടെ പ്രതിഫലിപ്പിക്കുന്നുമുണ്ട്.
എന്നെ ആകര്‍ഷിച്ച അനേകം മാസ്റ്റേഴ്‌സ് ഉണ്ട്. എന്നാല്‍ എന്നെ വിസ്മയിപ്പിച്ച രണ്ടുപേരാണ് ഓഷോയും ബാബാസാഹിബ് അംബേദ്കറും. എന്നാല്‍ ഓഷോ ബാബാസാഹിബ് പറയാത്ത ജീവിതത്തിന്റെ പല മേഖലകളിലേക്കും കടന്നു പോകുന്നുണ്ട് .ലോക വൈജ്ഞാനിക മേഖലയിലെ സാഹിത്യരംഗത്തെയും പ്രധാനപ്പെട്ട ഏതാണ്ട് എല്ലാ കൃതികളെക്കുറിച്ച് ഒക്കെ അദ്ദേഹം സംസാരിക്കുമ്പോള്‍ നമ്മള്‍ അതിശയിക്കും, എങ്ങനെയാണ് ഈ കുറഞ്ഞ കാലഘട്ടത്തില്‍ ഈ അറിവുകള്‍ സാംശീകരിച്ചത്! എന്നാല്‍ വേടന്‍ അദ്ദേഹത്തിന്റെ പകുതി പ്രായത്തോട് മാത്രം അടുക്കുന്ന ഒരാളാണ്. അതുകൊണ്ടുതന്നെയാണ് വേടനും ഒരു വിസ്മയം ആകുന്നത്.
