PoliticsWorld News

യുദ്ധവും സംഘര്‍ഷങ്ങളും പോലയല്ല ആണവോര്‍ജം എടുത്തുള്ള കളി

ജയരാജന്‍ സി.എന്‍.

ആണവദുരന്തങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് പാവം ജനങ്ങളാണ്. ആരും അത് മറന്നു പോകരുത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇപ്പോള്‍ പറയുന്നത് ഇറാനിലെ നതാന്‍സിലെ ആണവോര്‍ജ പ്ലാന്റ് ആക്രമണത്തിന് വിധേയമായതിന്റെ ഫലമായി വികിരണങ്ങള്‍ ഉണ്ടാവാമെന്നും അതിനാല്‍ ആളുകളെ ഒഴിപ്പിക്കണമെന്നുമാണ്. അതീവ ഗുരുതരമായ ഭാവിയാണ് നമ്മളെ തുറിച്ചു നോക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധി ഇന്ത്യയില്‍ ഉഷ്ണ തരംഗങ്ങളായും അതി തീവ്രമഴയായും ഒക്കെ വന്നു കൊണ്ടിരിക്കുന്ന കാര്യം പോലും പുച്ഛത്തോടെ കാണുന്ന മലയാളി എത്ര കണ്ട് ആണവ യുദ്ധക്കെടുതികളെ മനസ്സിലാക്കും എന്നറിയില്ല.
കാരണം, കാലവസ്ഥാ പ്രതിസന്ധി അനുഭവിച്ചിട്ടു പോലും അവര്‍ക്ക് അത് കാര്യമായി എടുക്കാനുള്ള ബോധം വന്നിട്ടില്ല. അപ്പോള്‍ ആണവ ദുരന്തത്തെ കുറിച്ച് പറഞ്ഞാല്‍ എത്രത്തോളം മനസ്സിലാവുമെന്നറിയില്ല. യുദ്ധ സമയങ്ങളില്‍ ഭാഗം പിടിച്ച് കയ്യടിക്കുന്നത് ജനങ്ങളനുഭവിക്കുന്ന, അനുഭവിക്കാന്‍ പോകുന്ന ദുരിതങ്ങളെ കുറിച്ച് കാണാതെ പോകുന്നതു കൊണ്ടാണ്. ഇറാനില്‍ അനുഭവിക്കാന്‍ പോകുന്നത് ജനങ്ങളാണ്, ഭരണകൂടമല്ല. അവര്‍ ഏറ്റവും സുരക്ഷിത സ്ഥാനത്തേക്ക് പോകും. ഇറാന്‍ ആണവനിരായുധീകരണ ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങുകയാണ് എന്നറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇറാനിലെ ജനങ്ങള്‍ക്ക് ഗുണമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല.

ഇസ്രായേല്‍ എന്നത് ആഗോള തെമ്മാടിക്കൂട്ടങ്ങളുടെ ഇടമാണ്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരനായ തെമ്മാടിയാണ് നെതന്യാഹു. അയാളുടെ ക്രൂരതകള്‍ കൂടുകയല്ലാതെ കുറയുന്നില്ല. അമേരിക്കയുമായി ഇറാന്‍ ആണവ ചര്‍ച്ചകള്‍ നടത്താനിരിക്കുന്നതിന് കുറച്ചു മുമ്പാണ് നതാന്‍സില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുള്ളത്. ഇന്നലെ ഗാസയില്‍ ആഹാരം മേടിക്കാന്‍ നിന്നിരുന്ന പാവം 38 പാലസ്തീന്‍ മനുഷ്യരെ ഇസ്രായേല്‍ ഭീകരസൈന്യം വെടിവെച്ചു കൊന്നു. ചോദിച്ചപ്പോള്‍ ഇക്കാര്യം പരിശോധിക്കാം എന്ന വൃത്തി കെട്ട മറുപടിയും അവര്‍ നല്‍കിയിരിക്കുന്നു. ഇസ്രായേല്‍ ഇതൊക്കെ ചെയ്യുന്നത് അമേരിക്കയുടെ ആസൂത്രണങ്ങളുടെ ഭാഗമായിട്ടാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്.

മോദിയുടെ മൈപ്രണ്ട് ലോകത്തിലെ ഏറ്റവും വലിയ ഭീകരനാണ്. അതേസമയം, ആണവായുധങ്ങള്‍ എടുത്തുള്ള പ്രയോഗം, ആണവ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ആക്രമണം, ആണവായുധ നിരായുധീകരണ പരിപാടികളില്‍ നിന്നുള്ള പിന്‍മാറ്റം ഒക്കെ ജനങ്ങളെ മാത്രമല്ല, വരും കാല തലമുറകളെ പോലും ഇഞ്ചിഞ്ചായി കൊന്നൊടുക്കിക്കൊണ്ടിരിക്കും. ലോകത്ത് ആണവ ലോബി വളരെ ശക്തമാണ്. അവര്‍ ആദ്യം ആണവ നിലയങ്ങളുടെ പേര് പറയും… അത് ഒരിക്കലും ഒരു ഊര്‍ജ ആവശ്യങ്ങള്‍ക്കും മതിയാവില്ല എന്ന് ഇന്ത്യയിലെ കണക്ക് എടുത്തു നോക്കിയാല്‍ അറിയാം.. എന്നാലും അവര്‍ ആണവ പരിപാടികള്‍ ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കും. ഫലം ഇന്ത്യയും പാക്കിസ്ഥാനും ഇറാനും ഇസ്രായേലും ഒക്കെ ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ ശക്തിയുള്ള രാജ്യങ്ങളായി മാറുന്നു..

രാജ്യങ്ങള്‍ എന്നത് അതിര്‍ത്തികളില്‍ ചില വരകളും ഭരണകൂട ശക്തികളും കൂടി തീരുമാനിക്കുന്ന പ്രദേശങ്ങളാണ്… ജനങ്ങള്‍, ജന്തുജീവ ജാലങ്ങള്‍ അതിനനുസരിച്ച് കഴിയുകയാണ് ചെയ്യുന്നത്. ആണവായുധങ്ങള്‍, ആണവ വിസ്‌ഫോടനങ്ങള്‍ ഈ വരകളൊന്നും പാലിക്കാന്‍ പോകുന്നില്ല. ചെര്‍ണോബില്‍ ആണവവിസ്‌ഫോടനം സകല വരകളും കടന്നു പോയത് നമ്മളൊക്കെ മറന്നു പോവുകയാണ്. യുദ്ധവും സംഘര്‍ഷങ്ങളും പോലയല്ല ആണവോര്‍ജം എടുത്തുള്ള കളി. ഇത് മനസ്സിലാക്കിയില്ലെങ്കില്‍ നാം വരും തലമുറയോട്, നമ്മുടെയടക്കം കുഞ്ഞുങ്ങളോട് ചെയ്യാന്‍ പോകുന്ന ഏറ്റവും വലിയ ക്രൂരതകളിലൊന്നായിരിക്കും അതുണ്ടാക്കാന്‍ പോകുന്നത്…

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message