വിഭീഷണനാല്‍ ചതിക്കപ്പെട്ട രാവണന്
കണ്ണന് മേലോത്ത്
സുഗ്രീവസഖ്യത്തിനുശേഷം കിഷ്കിന്ധാവിട്ട രാമലക്ഷ്ണന്മാര്‍ മാല്യവത്പര്വതത്തിലേക്കുപോയി, അവിടെ നാല് മാസം താമസിച്ചു. സമ്പാതിയില്നിന്നും സീത ലങ്കയിലുണ്ടെന്ന വിവരം അറിവായി. അവിടെനിന്നും സീതാന്വേഷണത്തിനായി ആദ്യം ലങ്കയിലെത്തിയ ഹനുമാന് സീതയെ കണ്ടെത്തുകയും രാവണപുത്രനായ അക്ഷകുമാരനെ വധിക്കുകയും ചെയ്തു.
ഇന്ദ്രജിത് ഹനുമാനെ ബന്ധിച്ച് രാവണസവിധത്തില്‍ ഹാജരാക്കി. രാമന്റെ ശക്തിയെ ഹനുമാന് രാവണനെ ഉണര്‍ത്തിച്ചു. കൊട്ടാരത്തില്‍നിന്നും പുറത്തുകടന്ന ഹനുമാന് ലങ്കാദഹനത്തിനുശേഷം രാമാദികളുടെ അടുത്ത് തിരികെയെത്തി. സീത നല്കിയ ചൂഡാമണി രാമനെ ഏല്പിച്ചു.
വാനരസൈന്യത്തോടൊപ്പം ലങ്കയിലേക്ക് പോകുവാനായി രാമലക്ഷ്ണണന്മാര് സമുദ്രതീരത്തെത്തി. അപ്പോള്‍ ജ്യേഷ്ഠന് തന്നെ രാജ്യഭ്രഷ്ടനാക്കി എന്ന് വ്യാജമായി വിലപിച്ചുകൊണ്ട് വിഭീഷണന് അവരുടെ അടുത്തെത്തി. ഉടനെതന്നെ രാമന് ലങ്കാധിപതിയായി വിഭീഷണനെ അഭിഷേകം ചെയ്തു!
ലങ്കയിലെത്തിയ രാമാദികളെ നേരിടാന്‍ രാവണന് അയച്ച പ്രഹസ്തന്റെ നേതൃത്വത്തിലുള്ള രാക്ഷസന്മാരെ വാനരസൈന്യം വകവരുത്തി. രാവണപക്ഷത്ത് കനത്ത ആള്‍നാശമുണ്ടായി.
ഇന്ദ്രജിത് അവിടെയെത്തി രാമലക്ഷ്ണണന്മാരെ നാഗപാശത്താല്‍ ബന്ധിച്ചു. ഗരുഡന് അവരെ മോചിപ്പിക്കുകയും ചെയ്തു.
രാവണന് കുംഭകര്‍ണനെ രാമസൈന്യത്തെ നേരിടാന്‍ അടര്ക്കളത്തിലേക്കയച്ചു. രാമന് ഐന്ദ്രാസ്ത്രംകൊണ്ട് കുംഭകര്‍ണനെ വധിച്ചു. പിന്നീട് രാവണന് പറഞ്ഞയച്ച ദേവന്തകന്, നരാന്തകന്‍ എന്നിവര്‍ യഥാക്രമം ഹനുമാന്, അംഗദന് എന്നിവരാല്‍ കൊല്ലപ്പെട്ടു. അതികായന് എന്ന രാക്ഷസപ്പടയാളിയെ ലക്ഷ്മണനും വധിച്ചു. അതിനുശേഷം രാവണനാല്‍ പറഞ്ഞയക്കപ്പെട്ട സ്വന്തം മകന് ഇന്ദ്രജിത് ബ്രഹ്മാസ്ത്രംകൊണ്ട് ബന്ധിച്ചശേഷം അനേകം വാനരന്മാരെ കൊന്നു. ഒപ്പം രാമലക്ഷ്ണണന്മാരും മരിച്ചുവീണു. ഹനുമാന് ജാംബവാന്റെ ഉപദേശമനുസരിച്ച് പര്‍വതത്തില്‍ ചെന്ന് ഔഷധഗുണമുള്ള സസ്യങ്ങള്‍ കൊണ്ടുവന്ന് മണപ്പിച്ച് രാമലക്ഷ്മണന്മാരെ പുനരുജ്ജീവിപ്പിച്ചു.
ലങ്കാരപുരി അഗ്നിക്കിരയാക്കിയതുകണ്ട് കുപിതനായ രാവണന് കുംഭകര്‍ണന്റെ പുത്രന്മാരായ കുംഭനേയും നികുംഭനേയും അടര്ക്കളത്തിലേക്കയച്ചു. രാമന് അവരെ അമ്പെയ്തുകൊന്നു. പിന്നീട് രാവണന് പറഞ്ഞയച്ച ഖരന്റെ പുത്രനേയും രാമന് കൊന്നു.
തപ്തഹൃദയനായ രാവണന് പിന്നീട് യുദ്ധത്തില്‍ ആരേയും തോല്‍പ്പിക്കാനാവാത്തവന്‍ എന്നു കീര്‍ത്തികേട്ട തന്റെ മകന് ഇന്ദ്രജിത്തിനെ രാമലക്ഷ്ണണന്മാരെ വധിക്കുവാനായി നിയോഗിച്ചു.
ഈന്ദ്രജിത് ഒരു മായാസീതയെ സൃഷ്ടിച്ച് അവളെ ഹനുമാന്റെ മുമ്പില്‍വെച്ച് വധിച്ചശേഷം തേരിലേറി എങ്ങോ മറഞ്ഞു. ആ കാഴ്ചകണ്ട് യഥാര്‍ത്ഥ സീതയാണതെന്ന് തെറ്റിദ്ധരിച്ച ഹനുമാന് സ്തബ്ധനായി. വിവരം വാനരാദികള് രാമന്റെ അടുത്തെത്തി അറിയിച്ചു. അതുകേട്ട രാമന് അസ്തപ്രജ്ഞനായി നിലംപതിച്ചു. ഈ ഘട്ടത്തിലും ചതിയനായ വിഭീഷണന് രാമാദികളുടെ രക്ഷക്കെത്തി. മേഘനാദന് സൃഷ്ടിച്ച മായാവിലാസമായിരുന്നു, സീതാവധം എന്ന് വെളിപ്പെടുത്തിയപ്പോള്‍ രാമാദികള്‍ക്ക് ജീവന് വെച്ചു.
ഇന്ദ്രജിത് ഇപ്പോള്‍ നികുംഭിലയിലെത്തി ഒരു ഹോമം ആരംഭിച്ചിട്ടുണ്ടെന്നും അതുപൂര്‍ത്തിയായാല്‍ അവനെ ആര്‍ക്കും തോല്പിക്കാനാവില്ലെന്നും മറ്റുമുള്ള രഹസ്യവിവരവും രാമന് വിഭീഷണന് ചോര്‍ത്തിക്കൊടുത്തു. ഉടനെ തന്നെ രാമന്, ഹോമം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇന്ദ്രജിത്തിനെ വധിക്കാന്‍ ലക്ഷ്മണനെ വിഭീഷണന്റെ കൂടെ നികുംഭിലയിലേക്കയച്ചു. അവിടെയെത്തി, ‘ധര്മാത്മാവായ’ വിഭീഷണന് തന്റെ സഹോദരപുത്രനെ ലക്ഷ്മണന് കാണിച്ചുകൊടുത്തു. മറ്റ് രാക്ഷസസൈന്യത്തെ വധിച്ചശേഷം ലക്ഷ്മണന് ഐന്ദ്രാസ്ത്രത്താല് ഇന്ദ്രജിത്തിന്റെ ശിരസ്സ് ഛേദിച്ചു.
വിവരമറിഞ്ഞ് രാവണന് വിലപിച്ചു; ‘അല്ലയോ ശൂരാ! രാജ്യഭ്രഷ്ടനും, ദീനനും, മനുഷ്യനായ പടയാളിയാല്‍ വധിക്കപ്പെട്ട നീ, ജീവിച്ചിരിക്കുന്നവനായ എന്നെ വിട്ടിട്ട് എവിടെയാണ് പോയിരിക്കുന്നത്?’…..’നിന്നെപ്പോലെ ഒരുവന് ലോകത്തിലില്ല. അങ്ങനെയുള്ള നിന്റെ പിതാവാണ് എന്ന ആശയോടെ ഞാന്‍ അഹങ്കരിച്ചിരിക്കുകയായിരുന്നു…’
ധൂമ്രാക്ഷന്, വജ്രമുഖന്‍ തുടങ്ങി പ്രതാപശാലികളായി അവശേഷിച്ചിരുന്ന രാക്ഷസന്മാരും വധിക്കപ്പെട്ടു. തുടര്‍ന്ന് നടന്ന അതിഘോരയുദ്ധത്തില് രാമന് ബ്രഹ്മാസ്ത്രമെയ്ത് രാവണനെ വധിച്ചു.
ഈ കഥയില്‍ രണ്ടുതരത്തിലുള്ള സാഹോദര്യങ്ങളുടെ ദ്വന്ദമുണ്ട്. ഒന്ന് ഭ്രാതൃഭക്തനായ ലക്ഷ്ണന്‍. മറ്റൊന്ന് ഭ്രാതൃവിരക്തനായ വിഭീഷണന്. രണ്ടും ഒത്തുചേര്‍ന്നപ്പോഴാണ് രാവണവധം സുസാധ്യമാകുന്നത്. ഇന്ദ്രജിത്ത് വധിക്കപ്പെട്ടില്ലാ യിരുന്നെങ്കില്‍ രാമന് രാവണനെ ജയിക്കാനാവു മായിരുന്നില്ല. രാമന് ലക്ഷ്മണനെക്കൊണ്ടാണ് അത് ചെയ്യിക്കുന്നത്. രാമന് നേരിട്ട് ചെയ്താല്‍ അത് ‘മര്യാദകേട്’ ആകും. ഇന്ദ്രജിത് തപസ്സു ചെയ്തുകൊണ്ടിരിക്കുന്നതിനാലാണ് ആ ക്രൂരകൃത്യം ചെയ്യാനുള്ള ചുമതല ലക്ഷ്മണനെ ഏല്പിച്ചത്. (പില്ക്കാലത്ത് ശംബൂകനെ വധിക്കുമ്പോഴും രാമന് ഈ തന്ത്രമാണ് പ്രയോഗിക്കുന്നത്). എന്നാല്‍ വിഭീഷണനോ, രാജ്യലാഭത്തിനുവേണ്ടി സ്വസഹോദരനെ ഒറ്റുകയാണ് ചെയ്യുന്നത്.
വിഭീഷണനെപ്പറ്റിയുള്ള പെരിയാര്‍ മൊഴികള്‍-
-ലങ്കയുടെ രാജാവ് ആകുക എന്ന ലക്ഷ്യത്തോടെ ഇയാള്‍ കുടുംബവിരോധിയായ രാമനുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഭ്രാതൃഹത്യക്കിടവരുത്തുകയും ചെയ്തു.
-രാവണന് സീതയെ കട്ടുകൊണ്ടുപോയി എന്ന ന്യായീകരണത്തിന്റെ പേരില്‍ വിഭീഷണന് അധികാരം നേടാനായി രാവണനെ വഞ്ചിച്ച് രാമപക്ഷത്തു ചേര്‍ന്നു.
-വിഭീഷണന് പല രഹസ്യങ്ങളും രാമന് ചോര്‍ത്തിക്കൊടുത്തു.
-രാവണന് അനീതി കാട്ടി എന്നത് വിഭീഷണന്റെ പാഴ്ക്കഥ മാത്രമായിരുന്നു.
-രാവണന് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ രാമന് വിഭീഷണനെ ലങ്കാധിപതിയാക്കി.
-രാമന് രാവണന്റെ വനികയില്‍ അതിക്രമിച്ചുകടന്ന് അവിടത്തെ ജന്തുജാലങ്ങളെ കൊന്നൊടുക്കുന്നത് വിഭീഷണന് കണ്ടില്ലെന്നു നടിച്ചു.
ശത്രുപക്ഷത്തില്നിന്നും ഒറ്റുകാരെ സമ്പാദിച്ചാണ് എല്ലാക്കാലത്തും യുദ്ധങ്ങള്‍ വിജയിച്ചിട്ടുള്ളത്. ഇവിടെ എതിര്‍പക്ഷത്തുനിന്ന് വിഭീഷണന്റെ സഖ്യം നേടിയാണ് രാമന് രാവണനെ ജയിക്കുന്നത്. തുടക്കം മുതല്‍ വിഭീഷണന് ഭ്രാതൃവിരോധിയായാണ് കാണപ്പെടുന്നത്. അങ്ങനെയുള്ള ഒരാളെ വശീകരിക്കാന്‍ രാമന് എളുപ്പം സാധിച്ചു. തന്റെ രക്തബന്ധുക്കളായ വാനരന്മാരാണ് രാമന്റെ അംഗബലമെന്നറിഞ്ഞിട്ടും രാവണന് അവരില്‍നിന്നും ഒരു ഒറ്റുകാരനെ നേടാന്‍ തയാറാകുന്നില്ല. അങ്ങനെ ചെയ്യുന്നത് ‘മര്യാദകേട്’ ആണെന്ന് രാവണന് ‘ഉത്തമ’ബോധ്യമുണ്ട്. അതാണ് ‘മര്യാദാപുരുഷോത്തമന്’ ആയ രാവണന്.
