ആര്‍ എസ് എസ് ആശയത്തെ ഒഴിവാക്കി ദേശീയപതാകയേന്തി ബി ജെ പിയുടെ ഭാരതാംബ
തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ മറ്റൊരു ട്വിസ്റ്റ്. ബി ജെ പിയുടെ പുതിയ ഭാരതാംബ ചിത്രത്തില്‍ നിന്ന് കാവിക്കൊടിയും രാജ്യവിരുദ്ധ ഭൂപടവും മാറ്റി. പകരം ദേശീയപതാകയേന്തിയ സ്ത്രീരൂപവും സിംഹവും മാത്രമായി. ഇത് ആര്‍ എസ് എസിന്റെ ആശയത്തെ അട്ടിമറിക്കുന്നതുമായി.
രാജ്ഭവനില്‍ നടന്ന ചടങ്ങുകളില്‍ ആര്‍ എസ് എസിന്റെ ആശയത്തെ പ്രചരിപ്പിക്കുന്ന തെറ്റായ ഭൂപടത്തിലുള്ള ഭാരതാംബയുടെ കൈയിലെ കാവിക്കൊടിയേന്തിയ ചിത്രത്തിനെതിരേ സംസ്ഥാന മന്ത്രിമാര്‍ രംഗത്തുവന്നത് വിവാദമായിരുന്നു. ഭൂപടവും ഭാരതാംബയെന്ന രീതിയിലുള്ള സ്ത്രീരൂപവും ഭരണഘടനാ വിരുദ്ധവും രാജ്യദ്രോഹപരവുമാണെന്നു ആരോപിച്ചാണ് രണ്ടു മന്ത്രിമാര്‍ ചടങ്ങുകള്‍ ബഹിഷ്‌കരിച്ചത്.
ഇത് രാജ്യദ്രോഹമെന്നും ഗവര്‍ണറോടുള്ള അവഹേളനമാണെന്നും ഭരണഘടനാവിരുദ്ധവുമെന്നാണ് സംഘപരിവാര്‍ നേതാക്കള്‍ വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ ഇപ്പോള്‍ ബി ജെ പി തന്നെ ഭൂപടമില്ലാത്ത ത്രിവര്‍ണപാകയേന്തിയ ഭാരതാംബയെ അംഗീകരിച്ചതായി പുതിയ പോസ്റ്ററിലിലൂടെ വ്യക്തമാക്കി. ഇന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന പ്രതിഷേധപരിപാടിയുടെ പോസ്റ്ററിലാണ് ബി ജെ പിയുടെ നിറംമാറ്റം പ്രകടമായത്.
അഭിമാനമാണ് ഭാരതാംബ, ഒറ്റപ്പെടുത്തുക എല്‍ ഡി എഫ്-യു ഡി എഫ് രാജ്യവിരുദ്ധമുന്നണികളെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. ഭാരതാംബയ്ക്ക് പഷ്പാര്‍ച്ചന നടത്തി രാവിലെ 10.30ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയെന്നാണ് പോസ്റ്റര്‍.
