മുഖം മിനുക്കി തൃശൂരിന്റെ കൈരളി ശ്രീ തിയേറ്റര്‍
ഉദ്ഘാടനം ജൂലൈ ഒന്നിന് രാവിലെ 11ന്
തൃശൂര്‍: സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ പ്രിയപ്പെട്ട, ചലച്ചിത്ര ആസ്വാദകരുടെയും പ്രവര്‍ത്തകരുടെയും സ്വന്തം ഇടമായ, നിരവധി ജനകീയ ചലച്ചിത്രോത്സവങ്ങള്‍ക്ക് വേദിയായ തൃശൂരിലെ കൈരളി ശ്രീ തിയേറ്ററിന്റെ നവീകരിച്ച കെട്ടിടവും തിയേറ്ററും ജൂലൈ ഒന്നിന് രാവിലെ 11ന് മന്ത്രി സജി ചെറിയാന് നാടിന് സമര്‍പ്പിക്കും.
ചലച്ചിത്ര വികസന കോര്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ശ്രീ തിയേറ്റര്‍ നിരവധി ആധുനിക സൗകര്യങ്ങളോടെയാണ് തുറന്നു നല്കാന് ഒരുങ്ങുന്നത്. ലോകോത്തര സാങ്കേതിക വിദ്യയോടുകൂടിയ ആര്‍ജിബി ഫോര്‍ കെ ലേസര്‍ പ്രൊജക്ഷന്, ഹ്യൂഗോ സില്‍വര്‍ സ്ക്രീന്‍, 36 ചാനലുകളോടുകൂടിയ ഡോള്‍ബി അറ്റ്മോസ് ശബ്ദ സംവിധാനം, പുഷ് ബാക്ക് സീറ്റുകള്‍, പ്ലാറ്റിനം സോഫ സീറ്റുകള്‍, എന്നീ സംവിധാനങ്ങള്‍ തിയേറ്ററില്‍ ഒരുക്കിയിട്ടുണ്ട്.
കൈരളി തിയേറ്ററില്‍ 33 ബാല്‍ക്കണി പ്ലാറ്റിനം സോഫ സീറ്റുകള്‍ ഉള്‍പ്പെടെ 519 സീറ്റുകളും, ശ്രീ തിയേറ്ററില്‍ 36 പ്ലാറ്റിനം സോഫ സീറ്റുകള്‍ ഉള്‍പ്പെടെ 327 സീറ്റുകളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 800 ല്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തിയേറ്ററില്‍ സിനിമാ ആസ്വാദകര്‍ക്കായി ശീതീകരണ സംവിധാനത്തോടു കൂടിയ ബേബി ഫീഡിങ് റൂമുകള്‍, ലിഫ്റ്റ്, കഫെറ്റീരിയ, വെയ്റ്റിംഗ് ഏരിയ, ഗസ്റ്റ് റൂം, ടോയ്ലറ്റ്, വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായിട്ടാണ് തിയേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ആര് ബിന്ദു മുഖ്യപ്രഭാഷണം നടത്തും. പി ബാലചന്ദ്രന് എം എല്‍ എ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ കെ രാധാകൃഷ്ണന് എം പി, കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളാകും.
ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ പി എസ് പ്രിയദര്ശനന്, ചലച്ചിത്ര സംവിധായകനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം എ നിഷാദ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം മെല്വിന് മാത്യു,
സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്, കമ്പനി സെക്രട്ടറി ജി വിദ്യ, മെയിന്റനന്‍സ് എഞ്ചിനീയര്‍ അര്‍ച്ചന പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.
