Culture & History

അശോക ചക്രം ഹിന്ദുത്വത്തിന്റേതല്ല; ബുദ്ധന്റെ ഉപദേശങ്ങളുടെ ആവിഷ്‌കാരം

അശോകചക്രം ഹിന്ദു ചക്രമാണെന്നും ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാവില്ലെന്നും ബി.ജെ.പിക്കാരനായ ഒരു എം.പി. സംഘപരിവാറുകാര്‍ ചരിത്രത്തെ സംബന്ധിച്ച് അജ്ഞരൊന്നുമല്ല. പക്ഷേ, തങ്ങളുടെ ആശയങ്ങള്‍ സമൂഹത്തിലാകെ ചര്‍ച്ചയാക്കുന്നതിന് അവര്‍ ബോധപൂര്‍വം വിഡ്ഢിത്തം വിളമ്പുകയും ചെയ്യും. ഡല്‍ഹിയിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ പാഠ്യപദ്ധതിയില്‍നിന്ന് ഇന്ത്യ എന്ന പദം ഒഴിവാക്കുന്നതും ഇതുപോലെ കാണാവുന്നതാണ്. ഇന്ത്യ എന്ന പദം വിദേശിയാണെന്നാണ് വി.സിയുടെ വിശദീകരണം.

അശോകചക്രം പേരില്‍ തന്നെ അതിന്റെ ചരിത്രവും രാഷ്ട്രീയവും വ്യക്തമാണ്. അപ്പോള്‍ ഹിന്ദുത്വം ലക്ഷ്യമാക്കുന്നത്, ഇത്തരം ചിഹ്നങ്ങളെ തമസ്‌കരിക്കാനാവില്ലെന്നതിനാല്‍ തനിക്കാക്കി വെടക്കാക്കുകയാണ്. എന്താണ് അശോക ചക്രത്തിന്റെ ചരിത്രവും രാഷ്ട്രീയവുമെന്ന് നോക്കാം. ശ്രീബുദ്ധന്റെ ഉപദേശങ്ങളെയാണ് അശോകചക്രം പ്രതീകവല്‍ക്കരിക്കുന്നത്. അശോകചക്രവര്‍ത്തി സ്ഥാപിച്ചതിനാല്‍ അത് അശോകചക്രം എന്നറിയപ്പെടുന്നു. യഥാര്‍ഥത്തില്‍ അത് ധമ്മചക്രമാണ്. സംസ്‌കൃതപദമായ ധര്‍മ്മമല്ല. പാലി ഭാഷയിലെ ധമ്മം. മൗര്യരാജാവായ അശോകന്‍ സ്ഥാപിച്ച പല സ്തംഭങ്ങളിലും അശോകചക്രം കൊത്തിവച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാരാനാഥിലെ സ്തംഭമാണ്. ഈ സ്തംഭത്തിലെ ചക്രമാണ് ഇന്ന് ഇന്ത്യയുടെ ദേശീയ പതാകയില്‍ ഉപയോഗിക്കുന്നത്.

അശോകചക്രം ഏറ്റവുമധികം ഉപയോഗിക്കുന്നത് ഇന്ത്യയുടെ ദേശീയപതാകയുടെ മധ്യത്തിലായാണ്. 1947 ജൂലൈ 22ന് ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമിതി ത്രിവര്‍ണ്ണ പതാക അംഗീകരിച്ചപ്പോള്‍, നടുവിലെ വെള്ള ഭാഗത്ത് അശോകചക്രം ആലേഖനം ചെയ്യാന്‍ തീരുമാനിച്ചു. നാവിക-നീലനിറത്തിലാണ് ദേശീയപതാകയില്‍ അശോക ചക്രം ചിത്രീകരിക്കുന്നത്. ഭാരതത്തിന്റെ ദേശീയ ചിഹ്നം ആയി സ്വീകരിച്ചിട്ടുള്ള അശോകന്റെ സിംഹസ്തംഭത്തിന്റെ ചുവട്ടിലും അശോകചക്രം ചിത്രീകരിച്ചിട്ടുണ്ട്. സമാധാന കാലത്ത് ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ അശോകചക്ര മെഡലിലും ഈ ചിഹ്നം ഉപയോഗിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, അശോകചക്രം എന്നത് അശോകചക്രവര്‍ത്തിയുടെ സംഭാവനയാണ്, ഇത് ധര്‍മ്മത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.

(അവലംബം: Wikipedia)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message