പൂരം അലങ്കോലമാക്കല്‍: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ലീഗ്
തൃശൂര്‍: പൂരം അലങ്കോലപ്പെടുത്താന്‍ ഉന്നത പോലീസ് കേന്ദ്രങ്ങളില്‍ നിന്നും നടത്തിയ ശ്രമം സാംസ്‌കാരിക നഗരി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതിനുത്തരവാദിയായ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് ആവശ്യപ്പെട്ടു. കേരളത്തില്‍ സംഘപരിവാറിന് വളരാന്‍ പിണറായി വിജയന്‍ വഴിയൊരുക്കുന്നതിന്റെയും അവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഏറ്റവും വലിയ തെളിവ് കൂടെയാണ്
പോലീസിനെ ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയെന്ന ആക്ഷേപം ശരിവെക്കുന്ന ഇടതുപക്ഷ എം.എല്‍.എ. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നതെന്നും മുഹമ്മദ് റഷീദ് പറഞ്ഞു. ദുബൈ കെ.എം.സി.സി. തൃശൂര്‍ കോര്‍പ്പറേഷന്‍ കമ്മിറ്റി സീതീ സാഹിബ് സ്മാരകത്തില്‍ സംഘടിപ്പിച്ച ‘കനിവ്’ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി. സുല്‍ത്താന്‍ ബാബു അധ്യക്ഷനത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. ഷാഹുല്‍ ഹമീദ്
മുഖ്യപ്രഭാഷണം നടത്തി. ആര്‍.കെ മുഹമ്മദ്, സി.കെ ബഷീര്‍, കെ.എ സുല്‍ഫിക്കര്‍, കെ.കെ. ഷംസുദ്ദീന്‍, കെ.എം. സുബൈര്‍, പി.കെ. ഹസന്‍കുട്ടി, പി.ജെ. ജഫീക്. കെ.എ. നവാബ്, സി.ഐ. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.
