സംഗീത നാടക അക്കാദമിക്കെതിരായ കള്ള പ്രചാരണംതള്ളിക്കളയണമെന്ന് ചെയര്‍മാനും സെക്രട്ടറിയും
തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയിലെ നിര്‍വ്വാഹക സമിതി അംഗമായിരുന്ന ഫ്രാന്‍സിസ് ടി. മാവേലിക്കര രാജിവയ്ക്കുന്നതായി അറിയിച്ചുകൊണ്ട് സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും മാധ്യമങ്ങള്‍ക്കും നല്‍കിയ കത്തില്‍ ഉന്നയിച്ച വാസ്തവവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി എന്നിവര്‍ പ്രസ്താവിച്ചു. 2016 മുതല്‍ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം 2022 ല്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചപ്പോഴും അതില്‍ ഇടം കണ്ടെത്തിയെങ്കിലും പൊതുവേ നിസ്സഹകരണ മനോഭാവം പുലര്‍ത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചു യോഗങ്ങളിലായി അദ്ദേഹം പങ്കെടുക്കാറില്ലെന്നു മാത്രമല്ല, പങ്കെടുത്ത യോഗങ്ങളില്‍ തന്നെ പൂര്‍ണസമയം ഇരിക്കാറുമില്ല.
അക്കാദമിയില്‍ ജനാധിപത്യപരമായ ചര്‍ച്ചകളില്ലെന്നും തീരുമാനങ്ങള്‍ മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നത് ഒരാള്‍ക്കു പോലും അംഗീകരിക്കാനാവാത്ത അസത്യമാണ്. അക്കാദമി പ്രവര്‍ത്തനങ്ങള്‍ ഇത്രയേറെ ജനകീയവും ജനാധിപത്യപരവുമായിത്തീര്‍ന്ന കാലത്ത് അക്കാദമിക്കെതിരായി ഇത്തരം പ്രചാരണം നടത്തുന്നതിനു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളോ വ്യക്തിപരമായ ഇച്ഛാഭംഗങ്ങളോ ആയിരിക്കാം. അക്കാദമി നിര്‍വ്വാഹക സമിതി യോഗങ്ങള്‍ മുഴുവന്‍ കൃത്യമായി ചേരുകയും വിശദമായ ചര്‍ച്ചകളിലൂടെ തീര്‍ത്തും ജനാധിപത്യപരമായി തീരുമാനങ്ങളെടുക്കുകയുമാണ് ചെയ്തു വരുന്നത്. ആരോപിക്കുന്നതുപോലെ ഒരു രാഷ്ട്രീയ വിവേചനമോ അവഗണനയോ ഇന്നുവരെ ഒരു കലാകാരനോടും അക്കാദമിയില്‍ നിന്നുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അക്കാദമിയുടെ പരിപാടികളില്‍ പോലും നിരന്തരം സര്‍ക്കാരിനും വകുപ്പുമന്ത്രിക്കും അക്കാദമിക്കുമെതിരെ പ്രചാരണം നടത്തുകയാണ് ഫ്രാന്‍സിസ് ചെയ്തത്. കേസരി മാസികയില്‍ അദ്ദേഹം നല്‍കിയ കവര്‍ സ്റ്റോറിയിലുടനീളം ഈ പ്രതിലോമ രാഷ്ട്രീയ പ്രചാരണം നിറഞ്ഞു നില്‍ക്കുന്നതുകാണാം. ആരോഗ്യപരമായ കാരണങ്ങളാല്‍ യാത്ര ചെയ്യാനും പരിപാടികളില്‍ പങ്കെടുക്കാനും കഴിയാത്തതുകൊണ്ട് അക്കാദമി ഭരണസമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് വി.ടി. മുരളി രേഖാമൂലം അക്കാദമിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. തന്റെ നിക്ഷിപ്ത താല്‍പ്പര്യവുമായി അതിനെ കൂട്ടിക്കെട്ടാന്‍ ഫ്രാന്‍സിസ് ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.
തെറ്റിദ്ധാരണ പരത്തുന്ന ഒരു വാര്‍ത്തയാണ് വി.ടി. മുരളിയുടെ രാജിയെ ബന്ധിപ്പിച്ച് ഒരു പത്രം പ്രസിദ്ധീകരിച്ചത്. സംഗീത നാടക അക്കാദമിയില്‍ കലാപം എന്ന ശീര്‍ഷകത്തിലാണ് വാര്‍ത്ത വന്നത്. അനാരോഗ്യത്തിന്റെ പേരില്‍ ഒരാള്‍ ഒഴിയുന്നു എന്നത് മാത്രമാണ് ഇവിടെ നടന്നത്. രണ്ടു മാസത്തില്‍ ഒരു തവണയാണ് ബൈലോ പ്രകാരം നിര്‍വ്വാഹക സമിതി ചേരാന്‍ അനുമതിയുള്ളത്. അത് കൃത്യമായും ചേര്‍ന്ന് എല്ലാ നയപരമായ തീരുമാനങ്ങളും സ്വീകരിക്കാറുണ്ട്. യോഗങ്ങളുടെ ഇടവേളകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എക്സിക്യുട്ടീവ് മെമ്പര്‍മാരെ വിളിച്ചറിയിക്കാറുണ്ട്. ഒപ്പം എല്ലായോഗങ്ങളിലും അത് റിപ്പോര്‍ട്ട് ചെയ്ത് സാധൂകരിക്കാറുമുണ്ട്. സംഗീത നാടക അക്കാദമിയില്‍ ഏറ്റവും ജനാധിപത്യ പരമായാണ് കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുന്നത്. ഏറ്റവും സൗഹൃദ പൂര്‍ണ്ണമായ അന്തരീക്ഷത്തിലാണ് ഈ യോഗങ്ങളെല്ലാം നടക്കുന്നത്. നാടക രംഗത്ത് നല്‍കിയിരുന്ന സമഗ്രസംഭാവന പുരസ്‌കാരം നിര്‍ത്തിവെച്ചു എന്ന അദ്ദേഹത്തിന്റെ ആരോപണം അവാസ്തവമാണ്. 50,000 രൂപയുടെ ആ പുരസ്‌ക്കാരത്തിനു പകരം ഒരു ലക്ഷം രൂപയുടെ എസ്.എല്‍ പുരം സദാനന്ദന്‍ പുരസ്‌കാരം സര്‍ക്കാരിന്റെ സഹായത്തോടെ അക്കാദമി നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കി വരികയാണ്. അമ്മന്നൂര്‍ പുരസ്‌കാരം നിര്‍ത്തലാക്കിയിട്ടില്ല. അത് ഇറ്റ് ഫോക്കിന്റെ ഭാഗമായി നല്‍കുന്ന ദേശീയ പുരസ്‌കാരമാണ്. അത് എല്ലാവര്‍ഷവും നല്‍കുന്ന അവാര്‍ഡല്ല. ഇറ്റ് ഫോക് ഡയരക്ടറേറ്റിന്റെ ശുപാര്‍ശയനുസരിച്ചുള്ള പ്രത്യേക പുരസ്‌കാരമാണ്. ഇന്‍ഷുറന്‍സ് സ്‌കീമില്‍ ഇപ്പോഴും ആക്സിഡന്റ് ക്ലെയിമിന് 2 ലക്ഷം രൂപ തന്നെയാണ്. കലാരംഗത്തുള്ളവര്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ് അത്.
കേരള സംഗീത നാടക അക്കാദമി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിന്റെ കാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. 14 ജില്ലകളിലും കേന്ദ്ര കലാസമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. അതിന്റെ സംസ്ഥാനതല യോഗവും നടന്നു കഴിഞ്ഞു. അക്കാദമിയുടെ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും വലിയ ജനകീയ പങ്കാളിത്തമാണി പ്പോള്‍. ഏറ്റവും അര്‍ഹതയുള്ളവരെ കണ്ടെത്തി അവാര്‍ഡുകള്‍ നല്‍കി വലിയ ജനപ്രീതി നേടിയെടുക്കാന്‍ ഈ കാലയളവില്‍ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ അസഹിഷ്ണുതയുള്ളവരും വ്യക്തിപരമായ ഇച്ഛാഭംഗങ്ങളുള്ളവരും നിഷേധിച്ചാലും എതിര്‍ പ്രചാരണം നടത്തിയാലും സത്യം ആര്‍ക്കും മൂടി വെക്കാന്‍ കഴിയില്ല.
കാലാകാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാര്‍ ആണ് അക്കാദമി ഭരണസമിതിയെ നോമിനേറ്റ് ചെയ്യുന്നത്. സര്‍ക്കാരിന്റെ സാംസ്‌കാരിക നയത്തിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മെമ്പര്‍മാര്‍ മാത്രമല്ല ഭാരവാഹികള്‍ പോലും രാജിവെച്ചു പോയിട്ടുണ്ട്. പക്ഷേ, ദീര്‍ഘനാളുകള്‍ പ്രവര്‍ത്തിച്ച ഒരു മഹാ സ്ഥാപനത്തിന്റെ നേര്‍ക്ക് ചെളിവാരിയെറിയുന്നത് അനുചിതമായ നടപടിയാണെന്നും അവര്‍ പറഞ്ഞു.
