news

ജനാധിപത്യവും ഭരണഘടനയും അപകടത്തില്‍;കാരണം ജാതിവ്യവസ്ഥ: ബാംസെഫ് സമ്മേളനം

കൊച്ചി: ബഹുജന്‍ വിഭാഗങ്ങളുടെ ദേശീയ സാംസ്‌കാരിക കൂട്ടായ്മയായ ബാക്ക്‌വേര്‍ഡ് ആന്‍ഡ് മൈനോരിറ്റി കമ്യൂണിറ്റീസ് ഫെഡറേഷന്‍ (ബാംസെഫ്) കേരള ഘടകത്തിന്റെ പതിനഞ്ചാം സംസ്ഥാന സമ്മേളനം എറണാകുളം അധ്യാപക ഭവനില്‍ നടന്നു. ഇന്ത്യയിലെ ബഹുജനങ്ങളുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിലുള്ള ആശങ്ക സമ്മേളനത്തില്‍ പങ്കെടുത്ത ചരിത്രപണ്ഡിതര്‍, എഴുത്തുകാര്‍, ഗവേഷകര്‍, അഭിഭാഷകര്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കുവച്ചു. ജനാധിപത്യവും ഭരണഘടനയും അപകടത്തിലാവുന്നതിനുള്ള പ്രധാന കാരണം ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയും ജാതിവ്യവസ്ഥ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുമതവുമാണെന്നും എല്ലാവരും അഭിപ്രായപ്പെട്ടു. ഭരണഘടനാശില്‍പ്പി ഡോ. അംബേദ്കര്‍ വ്യക്തമാക്കിയതുപോലെ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവുമില്ലാത്ത രാജ്യമാണ് ഇന്ത്യ. അതിനു കാരണം ഹിന്ദുമതമാണ്. അത്തരമൊരു സമൂഹത്തില്‍ ഭരണഘടനയും ജനാധിപത്യവും മുന്നോട്ടുപോകില്ലെന്നു അംബേദ്കര്‍ മുന്നറിയിപ്പു നല്‍കിയിരുന്ന കാര്യം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എടുത്തു പറഞ്ഞു. ഇന്ത്യന്‍ സമൂഹം പുതിയൊരു സാമൂഹിക ഫിലോസഫിയിലേക്ക് മാറേണ്ടതിന്റെ അവശ്യകത ബാബാ സാഹേബ് അംബേദ്കര്‍ അന്നേ ചൂണ്ടിക്കാട്ടിയതാണ്. ഹിന്ദുസംസ്‌കാരം അസമത്വത്തിന്റേതാണ്. അതിനെ റീപ്ലേയ്‌സ് ചെയ്യണം. ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കണമെങ്കില്‍ ഇന്ത്യ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയിലൂന്നുന്ന പുതിയൊരു സോഷ്യല്‍ ഫിലോസഫി സ്വീകരിച്ചേ മതിയാവൂവെന്നും അങ്ങനെ ഇന്ത്യയുടെ സാമൂഹികവ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഊന്നിക്കൊണ്ട് ബാംസെഫ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നു നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തവരും പറഞ്ഞു. അത്തരത്തിലുള്ള ഒരു സാമൂഹിക സാംസ്‌കാരിക വ്യവസ്ഥ കൊണ്ടുവരാനും ജാതിവ്യവസ്ഥയ്‌ക്കെതിരായുമുള്ള പ്രവര്‍ത്തനങ്ങളും ബാംസെഫ് നടത്തും. അതിനായി സോഷ്യല്‍ ഫിലോസഫികളെ പരിശോധിക്കുകയും ബാബാ സാഹേബ് മുന്നോട്ടുവച്ച ബൗദ്ധസംസ്‌കാരം പര്യാപ്തമാണെങ്കില്‍ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനും സമ്മേളനം തീരുമാനിച്ചു. സാംസ്‌കാരികമണ്ഡലത്തിലെ പരിവര്‍ത്തനമാണ് പ്രധാനം. കല, സാഹിത്യം, നൃത്തം, സംഗീതം, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും ഒരു തിരിച്ചിടല്‍ അനിവാര്യമെന്നും സമ്മേളനം വിലയിരുത്തി.
സമ്മേളനം കേരള പിന്നാക്കവിഭാഗ വികസന വകുപ്പ് മുന്‍ ഡയറക്ടര്‍ വി.ആര്‍. ജോഷി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ഡോ. കുമാര്‍ നാഗെല്ലി അധ്യക്ഷത വഹിച്ചു. കാനഡയിലെ അംബേദ്കറൈറ്റ് ധമ്മചാരി അജിത് വാസു മുഖ്യാതിഥിയായിരുന്നു. ഡോ. അജയ് എസ്. ശേഖര്‍, എം. ഗീതാനന്ദന്‍, ഡോ. മാളവികാ ബിന്നി, ചന്ദ്രബാബു, എസ്. രാജേന്ദ്രന്‍, ഇല്യാസ് കുണ്ടൂര്‍, സി.കെ. ഷീബ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ബാംസെഫ് സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ നെല്ലിക്കുന്ന്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആര്‍. മരുഗയ്യന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചട്ടഞ്ചാല്‍, രാഷ്ട്രീയ ക്രിസ്ത്യന്‍ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഫ്രാന്‍സിസ് ഡാനിയേല്‍, അഡ്വ. സുരേഷ് കുമാര്‍, കെ.ജി.ബി. ചീഫ് മാനേജര്‍ അനില്‍കുമാര്‍, വിശ്വകര്‍മസഭാ സംസ്ഥാന പ്രസിഡന്റ് ജി. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message