ഭാരതീയ പട്ടികജന സമാജംഉന്നത വിദ്യാഭ്യാസമന്ത്രിയുടെവസതിയിലേക്ക് മാര്‍ച്ച് നടത്തും
തൃശൂര്‍: ഭാരതീയ പട്ടികജന സമാജം തൃശൂര്‍ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന് കാളിയുടെ 161-ാം ജന്മദിനം ആഘോഷിച്ചു. ജില്ലാ ഓഫീസില്‍ ജില്ല പ്രസിഡന്റ് കെ.എസ്. അനില്‍കുമാര്‍ പുഷ്പാര്‍ച്ചന നടത്തി. നേടിയെടുത്ത വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ തന്റെ തലമുറകള്‍ നിശബ്ദരാകില്ല എന്ന് തെളിയിച്ച മഹാത്മ അയ്യന്‍കാളിയുടെ സമരപോരാട്ടങ്ങളെ കുറിച്ചു മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാബുമാസ്റ്റര്‍ വിശദീകരിച്ചു. സംവരണ അട്ടിമറിക്കും വിദ്യാഭ്യാസ അവകാശലംഘനങ്ങള്‍ക്കും ഉദ്യോഗസ്ഥ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചു ഫണ്ടുകള്‍ വക മാറ്റുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നിയമ പരമായിനടപടികള് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 20ന് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാര്‍ച്ചും ധര്‍ണയും വന്‍ വിജയമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ട് ഇറങ്ങണമെന്നും സംസ്ഥാന സെക്രട്ടറി പി.കെ. അജിത്കുമാര്‍ ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് കെ.കെ. ശിവരാമന്, മഹിള പ്രസിഡന്റ് സാവിത്രി ചന്ദ്രന്, സെക്രട്ടറി രശ്മി സുമേഷ്, മറ്റു ജില്ലാ നേതാക്കള്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന് കാതിക്കോട് സ്വാഗതവും മഹിള ട്രഷറര്‍ ജാനു സജീവന് നന്ദിയും പറഞ്ഞു.
