Art & LiteratureWorld News

ബ്രിട്ടന്‍ ബുദ്ധിസ്റ്റ് പ്രദേശമായിരുന്നുവെന്ന് പഠനറിപ്പോര്‍ട്ടുകള്‍

കണ്ണന്‍ മേലോത്ത്

സി.ഇ. മൂന്നാം നൂറ്റാണ്ട്, ചക്രവര്‍ത്തി അശോകന്റെ കാലത്തുതന്നെ ബ്രിട്ടന്‍ ഒരു ബുദ്ധിസ്റ്റ് പ്രദേശമായിരുന്നുവെന്ന് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കോട്ടിഷ് പത്രപ്രവവര്‍ത്തകനും ഫോക്‌ലോറിസ്റ്റും ആന്ത്രോപ്പോളജിസ്റ്റുമായ ഡൊണാള്‍ഡ് അലക്സാണ്ടര്‍ മക്കന്‍സി (Donald A Mackenzie, 1873-1936) യാണ് ഈ വിഷയത്തിലെ പ്രമുഖ പഠിതാവ്. അദ്ദേഹത്തിന്റെ ‘ബുദ്ധിസം ഇന്‍ പ്രീ ക്രിസ്ത്യന്‍ ബ്രിട്ടണ്‍’ (Buddhism in Pre Christian Britain) എന്ന പുസ്തകത്തില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ നിരീക്ഷണം ഡോ. ബി.ആര്‍. അംബേദ്കര്‍ സ്ഥിരീകരികരിക്കുന്നു; ‘അദ്ദേഹത്തിന്റെ മതം (ബുദ്ധ) കാട്ടുതീപോലെ പടര്‍ന്നു. അതിവേഗംതന്നെ അത് ഇന്ത്യയുടെ മുഴുവനും മതമായിത്തീര്‍ന്നു. എങ്കിലും അത് ഇന്ത്യയില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. അക്കാലത്ത് ലോകത്തിന്റെ അറിയപ്പെടുന്ന എല്ലാ മൂലകളിലും അത് ചെന്നെത്തി. എല്ലാ വംശക്കാരും അതിനെ സ്വീകരിച്ചു. ഒരുകാലത്ത് അഫ്ഗാന്‍കാര്‍ പോലും ബുദ്ധമതക്കാരായിരുന്നു. അത് ഏഷ്യയില്‍മാത്രം ഒതുങ്ങിനില്‍ക്കുകയുണ്ടായില്ല. കെല്‍റ്റുകളുടെ കാലത്ത് ബ്രിട്ടന്റെ മതം ബുദ്ധമതമായിരുന്നുവെന്നതിന് തെളിവുണ്ട്’. (പ്രസ്താവനക്കുശേഷം ഡോ. ബി.ആര്‍. അംബേദ്്കര്‍, ഡൊണാള്‍ഡ് എ. മക്കന്‍സിയുടെ പുസ്തകത്തിന്റെയും പ്രസാധകരുടെയും റഫറന്‍സ് കൊടുത്തിട്ടുണ്ട്.-സമ്പൂര്‍ണകൃതികള്‍ വാല്യം 7).

ആധുനിക ക്രിസ്തുമതത്തിന്റെ പിതാവായ അറിജിന്‍ (Origen) (ക്രി വ 185-253), ക്രിസ്തുമതത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ വിളനിലമായാണ് ബ്രിട്ടനെ ഉള്‍ക്കൊണ്ടിരുന്നത്. എന്നാല്‍ ബ്രിട്ടന്റെ ആദിമനിവാസികള്‍ കെല്‍റ്റു (Celt) കള്‍ എന്നറിയപ്പെടുന്ന ജനതയാണ്. ഏഷ്യാമൈനര്‍ മുതല്‍ അയര്‍ലണ്ടുവരെയാണ് കെല്‍റ്റ് ജനതയുടെ വ്യാപനം. ഇവര്‍ ബുദ്ധധമ്മാവലംബികളായിരുന്നു. അവരുടെ ബൗദ്ധപാരമ്പര്യത്തെയും അതിന്റെ പുരോഹിത നേതൃത്വമായ ഡ്രൂയിടു (Druids) കളെയും അറിജിന്‍ തെറ്റിദ്ധരിച്ചിരിക്കുന്നുവെന്നാണ് ഡൊണാള്‍ഡ് എ. മക്കന്‍സി തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നത്. കെല്‍റ്റുകളുടെ ബുദ്ധധമ്മ പാരമ്പര്യത്തെക്കുറിച്ച് മനസ്സിലാക്കതെ, അറിജിന്‍ തെറ്റായി രൂപപ്പെടുത്തിയതത്രെ ബ്രിട്ടനെ സംബന്ധിച്ചുള്ള അതിന്റെ ക്രിസ്ത്യന്‍ പൂര്‍വമത ആരാധനാരീതികള്‍.

1891-ല്‍ ഡെന്‍മാര്‍ക്കിലെ ഗണ്ടേസ്ട്രുപ്പില്‍ നിന്ന് പുരാതനമായ ഒരു വെള്ളിപ്പാത്രം കണ്ടെടുക്കുകയുണ്ടായി. ആ സ്ഥലത്തുനിന്നു കണ്ടെത്തുകയാല്‍ അതിനെ ‘ഗണ്ടേസ്ട്രുപ് (Gundestrup cauldron) വെള്ളിപ്പാത്രം’ എന്നു വിളിക്കുന്നു. പുരാവസ്തുഗവേഷകര്‍ അതിന്റെ നിര്‍മാണകാലം കണക്കാക്കിയിട്ടുള്ളത് 150-1 ബി.സിയിലോ, അല്ലെങ്കില്‍ 200 ബി.സിക്കും 300 എ.ഡിക്കും ഇടയ്‌ക്കോ ആവാമെന്നാണ്. ആ പാത്രത്തില്‍ ആലേഖനം ചെയ്തിട്ടുള്ള കെല്‍റ്റിക് ദേവനായ ‘കെനൂനോസ്’ (Cernunnos) ന്റെ രൂപം നിരീക്ഷിച്ചു പഠിച്ച ഡൊണാള്‍ഡ് എ. മക്കന്‍സി അത് ‘ഉപദേശം നല്‍കുന്ന ബുദ്ധ’ന്റേതാണെന്ന് വിലയിരുത്തുന്നു. കെല്‍റ്റിക് കലാസമ്പ്രദായത്തിലാണ് ആ രൂപത്തിന്റെ രചന.

ധ്യാനബുദ്ധനെപ്പോലെ ഇരിക്കുന്ന കെനൂനോസ് ഒരു നാഗത്തെ ഇടംകൈയിലേന്തുന്ന രൂപമാണ് ഗണ്ടേസ്ട്രുപ് വെള്ളിപ്പാത്രത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. നാഗം ബൗദ്ധ സമ്പ്രദായത്തിലെ ‘വിരൂപാക്ഷ’നത്രെ. ടിബറ്റന്‍ ആലേഖനങ്ങളില്‍ ഇതിന്റെ പ്രതിനിധാനം കാണാവുന്നതാണ്. കെല്‍റ്റോ-ബ്രിട്ടീഷ്, കെല്‍റ്റോ-ഐറിഷ് നാടോടിക്കഥകളില്‍ പരാമര്‍ശിക്കുന്ന ഗൗളിഷ് കല്ലുകളില്‍ (ഏമൗഹശവെ ടീേില)െ ആവര്‍ത്തിച്ചുകാണുന്ന ‘കൊമ്പുള്ള നാഗം’ തന്നെയാണ് ഈ വിരൂപാക്ഷന്‍. ഇതിന്റെ പ്രോട്ടോടൈപ്പാണ് ചൈനയിലെ കൊമ്പുള്ള ‘സര്‍പ്പന്റ്-ഡ്രാഗണ്‍’.

നാഗരൂപം ബുദ്ധന്റെ വംശബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അതില്ലാതെ ബുദ്ധസ്വത്വം പരിപൂര്‍ണമാവുകയില്ല. ‘നാഗങ്ങളെ ഒരു മതവിരുദ്ധ ബൗദ്ധവിഭാഗം ഏറ്റെടുക്കുകയും ബുദ്ധനെ ‘നാഗരാജാവ്’ ആയി രൂപാന്തരപ്പെടുത്തുകയും ചെയ്തു. അങ്ങനെ ബുദ്ധന്‍ ജലവിതരണത്തിന്റെ നിയന്താവും വിളകളുടെ വര്‍ദ്ധമാനകനും ഋതുക്കളുടെ ചാക്രികക്രമത്തിന് കാരണക്കാരനുമായിത്തീരുന്നു. ഈ നാഗരാജാവ് -ബുദ്ധന്‍, വിരൂപാക്ഷന്‍, കെനൂനോസ് എന്നീ നിലകളില്‍ പാശ്ചാത്യനാടുകളുടെ സംരക്ഷകനുമാകുന്നു’. -ഡൊണാള്‍ഡ് എ. മക്കന്‍സി പറയുന്നു.

ജലവിതരണത്തിന്റെ നിയന്താവായി ബുദ്ധനെ വിലയിരുത്തിയ എ. മക്കന്‍സിയുടെ നിരീക്ഷണം വളരെ കൃത്യമാണ്. ബുദ്ധന്‍ നാഗന്‍ മാത്രമല്ല, നാഗന്മാരുടെ രാജാവുമാണ്. നാഗ എന്ന പദാഗമംതന്നെ ‘ജല’ത്തില്‍ (നദി) നിന്നുമാണ്. ഒഴുകുന്ന നദിയുടെ ചലനവ്യവസ്ഥ ഇഴയുന്ന ആ ജന്തുവിനുള്ളതുകൊണ്ടാണ് രണ്ടിനും നാഗ എന്ന പേരുവന്നത്. അതല്ലാതെ ജന്തുവായ നാഗത്തിന് ജലവുമായി പ്രത്യക്ഷബന്ധമൊന്നുമില്ല. നദിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ജനതയ്ക്കും നാഗ എന്ന വംശനാമം വന്നുചേര്‍ന്നു. അവരുടെ ‘മാതൃഭൂമി’യാണ് നാഗ അഥവാ നദി. അവര്‍ മാതൃഭൂമിയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്നാല്‍ അത് പ്രകടിപ്പിക്കുവാന്‍ അവര്‍ക്ക് മാതൃഭൂമിയുടെ ഒരു പ്രതീകം വേണം. അതിനായി അവര്‍ സ്വീകരിച്ചതാണ് ഈ ‘നാഗരൂപം’. ഇവിടെ ശ്രദ്ധിക്കേണ്ടത്, ജനത ‘നാഗരൂപ’ത്തെയാണ് ആരാധിക്കുന്നത്, മറിച്ച് ‘നാഗ’ത്തെയല്ല എന്ന വസ്തുതയാണ്.

കെനൂനോസിന്റെ (കെല്‍റ്റിക് ബുദ്ധന്റെ) കൈയിലേന്തുന്ന നാഗവും ടിബറ്റന്‍, ചൈനീസ് ഡ്രാഗണുമെല്ലാം ഇഴയുന്ന രൂപത്തിലാണ് പ്രതീകവത്കരിച്ചിരിക്കുന്നത് എന്ന വസ്തുത പരിഗണിക്കേണ്ടതുണ്ട്. നദിയുടെ ചലനത്തെയാണ് ഇത് സൂചിതമാക്കുന്നത്. ‘ചലം’ എന്നാല്‍ത്തന്നെ നദിയാണ് (ഝലം എന്ന നദി ഇപ്പോഴുമുണ്ടല്ലൊ). ചലത്തിന്റെ സംസ്‌കൃതീകരണമാണ് ‘ജലം’. നിശ്ചലാവസ്ഥ ജലത്തിനില്ല. നിശ്ചലമായതിനെ ‘അചലം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ചലിക്കാത്തത് എന്തോ അതാണ് അചലം. അതായത് ‘മല’.

എ. മക്കന്‍സി നിരീക്ഷിക്കുന്നതുപോലൊരു ജലാധികാരിയെ ബുദ്ധന്‍ പിറന്ന നാട്ടിലും കണ്ടെത്താം. അവിടത്തെ നാഗജനതയിലാണ് കെല്‍റ്റിക് ജനതയുടെ പ്രതിനിധാനമുള്ളത്. അവരൊന്നാകെ അനാര്യജനതയുമാണ്. ഋഗ്വേദത്തില്‍നിന്നും ഡോ. ബി.ആര്‍. അംബേദ്കര്‍ ജലാധികാരിയായ അഹിവിത്രന്‍ എന്ന നാഗനെ പരിചയപ്പെടുത്തുന്നു. ‘ഋഗ്വേദത്തില്‍ എല്ലായ്പ്പോഴും അഹിവിത്രനെ വിവരിക്കുന്നത് വെള്ളത്തില്‍ ചുറ്റിനടക്കുകയോ ഒളിഞ്ഞുകിടക്കുകയോ ചെയ്യുന്ന, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ജലസമ്പത്തിന്റെ മേല്‍ ഒരുപോലെ പൂര്‍ണനിയന്ത്രണം ചെലുത്തുന്ന സര്‍പ്പമായിട്ടാണ്’ (ഡോ. അംബേദ്്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 56)
എ. മക്കന്‍സി നിരീക്ഷിക്കുന്ന കെനൂനോസും ഡോ. അംബേദ്്കര്‍ പരിചയപ്പെടുന്ന അഹിവിത്രനും ഒരേ വംശപാരമ്പര്യത്തില്‍ പെടുന്നവര്‍തന്നെ.
ഗണ്ടേസ്ട്രുപ് വെള്ളിപ്പാത്രം ഒന്നുമാത്രമല്ല കെല്‍റ്റോ-ബുദ്ധധമ്മപാരമ്പര്യത്തെ വെളിച്ചത്തുകൊണ്ടുവരുന്നതിനായി എ. മക്കന്‍സി പരിഗണിക്കുന്നത്. ഗൗളിഷ് കല്ലുകളില്‍നിന്നും നാണയങ്ങളില്‍നിന്നും പണ്ഡിതനായ റൈസ് (Rhys) കണ്ടെത്തുന്ന രൂപങ്ങളുടെ കെനൂനോസുമായുള്ള സാദൃശ്യം തന്റെ നിരീക്ഷണങ്ങളുമായി കണ്ണിചേര്‍ക്കപ്പെടുന്നുവെന്ന് എ. മക്കന്‍സി അഭിപ്രായപ്പെടുന്നു. ഇവയാകട്ടെ കെല്‍റ്റിക് ക്രിസ്ത്യന്‍ പൂര്‍വ ഉപവാസ ആചാരങ്ങളിലേക്കും വെളിച്ചം വീശുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലും ഇന്ത്യയിലും മെഗാലിത്തിക് സ്മാരകങ്ങള്‍ സ്ഥാപിച്ച പൗരാണിക ജനതയുമായി ബന്ധപ്പെടുത്തുന്നതിന് പര്യാപ്തമായ സബീനെ ബാറിങ്-ഗൗള്‍ഡിന്റെ (Sabine Baring-Gould) പഠനവും തന്റെ നിരീക്ഷണങ്ങള്‍ക്ക് ഉപോല്‍ബലകമാണെന്നും എ. മക്കന്‍സി ചൂണ്ടിക്കാട്ടുന്നു.
(കണ്ണന്‍ മേലോത്ത്@പുസ്തകം:ദ്രമിളബുദ്ധന്‍)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message