കാഞ്ച ഇളയ്യ ഇസ്ലാമോഫോബിക്കാണോ?
ശ്രീ ടി.ആര്‍. രമേഷ് പലസ്തീന്‍ -ഇസ്രയേല്‍ പ്രശ്‌നവും കാഞ്ച ഇളയ്യയുടെ ഇസ്ലമോഫോബിയായും എന്ന ലേഖനത്തില്‍ പരിശോധിക്കുന്നു
ദലിത് ബഹുജന്‍ ബുദ്ധിജീവിയായ കാഞ്ച ഇളയ്യ പലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ച് ഒരു ലേഖനം എഴുതുകയുണ്ടായി. അതില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരമായ അധിനിവേശത്തെയും കൊടുംപാതകങ്ങളേയും ഫലപ്രദമായി തമസ്‌ക്കരിക്കുകയും പലസ്തീന്‍ ജനതയുടെ ദേശീയ വിമോചന സമരത്തെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്നു. ഇവിടെ തന്റെ കടുത്ത ഇസ്ലാം വിരുദ്ധ മനോഭാവമാണ് കാഞ്ച ഇളയ്യ വെളിപ്പെടുത്തുന്നത്. ചരിത്രത്തെയും വര്‍ഗ്ഗപരമായ സംവര്‍ഗത്തെയും നിരസിക്കുന്ന അദ്ദേഹത്തിന്റെ സത്വവാദ രാഷ്ട്രീയത്തിന് സാമ്രാജ്യത്വ സാമ്പത്തിക-രാഷ്ട്രീയ മേധാവിത്വത്തിന്റെ പരിസരത്തെ ആഴത്തില്‍ മനസ്സിലാക്കാനാവില്ല എന്നതിന്റെ ഉദാഹരണം കൂടിയാണിത്.
അദ്ദേഹത്തിന്റെ ആധുനികോത്തര സ്വത്വവാദ നിലപാടിന് പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെ മതവികാരത്തിന്റെയും വംശീയ ഭിന്നതകളുടേയും സാമൂഹ്യ പരിണാമമായിട്ടേ കാണാനാവുന്നുള്ളു. മാത്രമല്ല, ഒരു സ്വത്വവാദിക്ക് എങ്ങനെയൊക്കെ മാറി തീരാം എന്നതിന്റെ ഉത്തമദൃഷ്ടാന്തം കൂടിയാണിത്. ഇന്ത്യയിലെ ഏതെങ്കിലും സവര്‍ണ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്‌നത്തിന്റെ ചരിത്രത്തെക്കുറിച്ച് ബോധവാന്മാരല്ലെങ്കില്‍ ഇളയ്യയുടെ ഈ ലേഖനം വായിക്കുന്നത് ഇസ്രായേലിനെ ഇരയാക്കാനും പലസ്തീനെതിരെ വാളെടുക്കാനും പ്രേരിപ്പിച്ചേക്കും. 20023 ഒക്ടോബര്‍ 7-ലെ ഹമാസ് നടപടിയെ ഭീകര പ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇളയ്യ അതിന് ഇസ്രായേലിനോട് മാപ്പപേക്ഷിക്കുന്നുണ്ട് ഈ ലേഖനത്തില്‍. കഴിഞ്ഞ
ഒരു വര്‍ഷം തന്നെ ഇസ്രായേല്‍ നടത്തിയ വംശഹത്യാ യുദ്ധത്തില്‍ ഇരുപതിനായിരത്തിലധികം കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കിയതൊന്നും ഇളയ്യയുടെ പരിഗണനയില്‍ വരുന്നതേയില്ല. മാത്രമല്ല, ഒരു ജനതക്ക് കുടിവെള്ളവും മുരുന്നും ഭക്ഷണവും വൈദ്യുതിയുമൊക്കെ നിഷേധിക്കുമ്പോഴും അതിനെ അപലപിക്കുന്ന ഒരു
വാക്കുപോലും പറയാതെ സയണിസ്റ്റ് ഭരണകൂടത്തിന് ഇളയ്യ പ്രശംസ സമൃതമായി കോരി ചൊരിയുന്നു. പലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ച് ചെറിയ ധാരണയുള്ള ആര്‍ക്കും, പ്രശ്‌നത്തിന്റെ ചരിത്രം 2023 ഒക്ടോബര്‍ 7-ന് ആരംഭിച്ചതല്ലെന്നും എന്നാല്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നും അറിയാം. 1948-ല്‍ ആയിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുകയും 7.5 ലക്ഷം ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കുകയും ചെയ്തുകൊണ്ടാണ് സാമ്രജ്യത്വങ്ങളുടെ സഹായത്താല്‍ ഇസ്രായേല്‍ രാഷ്ട്രം സൃഷ്ടിക്കപ്പെട്ടത്. 1963 ല്‍ പ്രസിദ്ധീകരിച്ച മദ്ധ്യ പൗരസ്ത്യദേശം എന്ന കൃതിയില്‍ 1918 ല്‍ 10 ശതമാനത്തില്‍ താഴെമാത്രം യഹൂദരാണ് പലസ്തീനില്‍ ഉണ്ടായിരുന്നതെന്നും 5 ല്‍ 4 ഭാഗവും മുസ്‌ളിങ്ങളായിരുന്നെന്നും രേഖപ്പെടുത്തുന്നുണ്ട്. അവിടെയാണ് ആയുധവും സമ്പത്തും ഉപയോഗിച്ചുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ ഇസ്രയേല്‍ രൂപം കൊള്ളുന്നത്. യൂറോപ്പ്, ഏഷ്യ, ആഫ്രക്ക ഇവയുടെ സംഘമസ്ഥാനം എന്ന നിലയില്‍ തന്ത്ര പ്രധനമായ പ്രദേശത്ത് ആധിപത്യമുറപ്പിക്കുക എന്നതായിരുന്നു ഇസ്രായേലിനെ അവിടെ കുടിയിരുന്നതിലുള്ള സാമ്രാജ്യത്വ താല്‍പ്പര്യം. പതിറ്റാണ്ടുകളായി ഇസ്രായേല്‍ അതിന്റെ അധിനിവേശം വിപുലീകരിച്ച് കൊണ്ടിരിക്കുന്ന നയം പിന്തുടരുകയുമാണ്. അത് പലസ്തീനികളെ ഗാസ്സ ,വെസ്റ്റ് ബാങ്ക് എന്നീ ചെറിയ പ്രദേശങ്ങളിലേക്ക് ഒതുക്കിയിരിക്കുന്നു. അവിടെ വര്‍ണ്ണവിവേചന നയം പിന്തുടരുകയും ജൂത വാസസ്ഥലങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയുമാണ്. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ പോലും നിര്‍ത്തിവെച്ചിരിക്കുന്നു. വാസ്തവത്തില്‍ ശ്വാസംമുട്ടിക്കുന്ന അവസ്ഥയ്ക്കെതിരായ ഒരുതരം പ്രതിപ്രവര്‍ത്തനം ആയിരുന്നല്ലോ 2023 ഒക്ടോബര്‍ 7 ന് നടന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ ജയിലായിലാണ് ഗാസ . കാഞ്ച ഇളയ്യ ഇത്തരം വസ്തുതകളെ പാടെ നിഷേധിക്കുകയാണ്.പലസ്തീനികള്‍ തങ്ങളുടെ ദേശീയ വിമോചനം നേടിയെടുക്കാന്‍ അക്രമം നടത്താതിരുന്നപ്പോഴും സയണിസ്റ്റ് ഇസ്രായേല്‍ നിരവധി വംശഹത്യയും വംശീയ ഉന്മൂലനവും നടത്തിയിട്ടുണ്ട്.
യഹൂദരുടെ കഠിനാധ്വാന സംസ്‌കാരത്തെയും അവരുടെ ആത്മീയ തത്വശാസ്ത്രത്തെയും കാഞ്ച ഇളയ്യ മതി മറന്ന് മഹത്വവല്‍ക്കരിക്കുന്നുണ്ട്. ഇസ്രയേലികള്‍
മരുഭൂമികളെ ഉല്‍പ്പാദന ഭൂമികളാക്കി മാറ്റുകയും അതേ സമയം മതത്തില്‍ മുഴുകി വേണ്ടത്ര കഠിനാധ്വാനം ചെയ്യാത്തവരാണ് പലസ്തീനികളെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. മാത്രമല്ല, ഐക്യരാഷ്ട്രസഭയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടും അവര്‍ ദരിദ്രരായി തുടരുന്നുവെന്ന് പരാമര്‍ശിച്ചുകൊണ്ട് ഇസ്രായേലിന്റെ മഹത്വം പാടുകയാണ് കാഞ്ച ഇളയ്യ. പലസ്തീനിലെ സ്ത്രീകള്‍ കൃഷിയിടങ്ങളില്‍ ജോലി ചെയ്യാതിരിക്കുകയും ഇസ്രായേല്‍ സ്ത്രീകള്‍ ഇന്ത്യന്‍ ശൂദ്രന്മാരെപ്പോലെ എല്ലാ സമയത്തും ജോലി ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു. ഇസ്രായേല്‍ രൂപം കൊള്ളുന്നതിന് മുമ്പ് പലസ്തീന്‍ മുഴുവന്‍ മരുഭൂമിയായിരുന്നു എന്ന സയണിസ്റ്റ് ആഖ്യാനമാണ് നമ്മെ വിശ്വസിപ്പിക്കാന്‍ ഇവിടെ ഇളയ്യ ശ്രമിക്കുന്നത്. എന്നാല്‍ ചരിത്രം നമ്മോട് പറയുന്നത് ,വ്യത്യസ്തമായ ഒരു വിവരണമാണ്. പലസ്തീനികളുടെ ഭൂമി സയണിസ്റ്റുകള്‍ ബലമായി പിടിച്ചടക്കുന്നതിന് മുമ്പ് പലസ്തീനില്‍ അഭിവൃദ്ധി പ്രാപിച്ച ഒരു നാഗരികത ഉണ്ടായിരുന്നു . ലോകപ്രശസ്തമായ ഒലിവുകളുള്ള ഈ നാഗരികത പലസ്തീനിലെ തൊഴിലാളികളുടെ കഠിനാധ്വാനമില്ലാതെ സാധ്യമല്ലല്ലോ. ഇതാണ് കാഞ്ച ഇളയ്യ നിഷേധിക്കുന്നത്. പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെ ഊഷര ഭൂമിയില്‍ കൃഷിക്കായി ഇസ്രായേല്‍ ചില സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് ഒരു അധിനിവേശക്കാരന്‍ എന്ന നിലയില്‍ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളില്‍ നിന്ന് അവരെ മുക്തമാക്കാന്‍ കാരണമാകുന്നില്ല. മാത്രമല്ല, എല്ലാ ഇസ്രായേലി സ്ത്രീകളും അവിടെ കഠിനാധ്വാനം ചെയ്യുന്നില്ല. മറിച്ച് ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ ഏത് ഭാഗത്തെയും പോലെ ഇസ്രായേലില്‍ നിന്നുള്ള തൊഴിലാളിവര്‍ഗ സ്ത്രീകള്‍ മാത്രമാണ് ശരിക്കും അവിടെ കഠിനാധ്വാനം ചെയ്യുന്നത്. ഈ ലേഖനത്തില്‍ ഉടനീളം കാഞ്ച ഇളയ എല്ലാ ആധുനികോത്തര ബുദ്ധിജീവികളെയുംപോലെ തന്നെ ഇസ്രയേല്‍ ഭരണകൂടത്തേയും ജനങ്ങളെയും വേര്‍തിരിച്ചു കാണതിന്ന് പകരം ഒന്നായി കാണുന്നു എന്നതാണ് മറ്റൊരു വീക്ഷണ വൈകില്യം .
സയണിസ്റ്റുകളെ നാണമില്ലാതെ പുകഴ്ത്തുക മാത്രമല്ല, വസ്തുതകളെ വളച്ചൊടിച്ച് ലോകമെമ്പാടുമുള്ള പലസ്തീനികളെയും മുസ്ലീങ്ങളെയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ടീലേഖനത്തില്‍. വ്യക്തിസ്വാതന്ത്ര്യവും വോട്ടവകാശവും നടപ്പിലാക്കാന്‍ കഴിയുന്ന ഒരു പ്രായോഗിക സംവിധാനമായി പലസ്തീന്‍ ഭരണാധികാരികള്‍ ജനാധിപത്യത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം എഴുതുന്നു. ആസൂത്രിതമായി നിഷേധിക്കപ്പെട്ട അവരുടെ ജനാധിപത്യപരമായ സ്വയം നിര്‍ണ്ണയാവകാശത്തിനുവേണ്ടി പോരാടുമ്പോഴും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഇന്ന് പലസ്തീന്‍ രാഷ്ട്രം ഇല്ല എങ്കിലും
വെസ്റ്റ് ബാങ്കിലും ഗാസയിലും എത്രത്തോളം പ്രതിനിധികള്‍ നിലവിലുണ്ടോ അത് പലസ്തീനികള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തതുകൊണ്ടാണെന്ന വസ്തുതയും ഇളയ്യ നിഷേധിക്കുന്നു. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തികഞ്ഞ അജ്ഞതയാണ് ഇത് പ്രകടമാക്കുന്നത്.
മുസ്ലീം രാജ്യങ്ങള്‍ ശരിയായ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്ക് നീങ്ങണമെന്നും അവ മതപരമായ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളായി തുടരരുത് എന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് പരിവര്‍ത്തനത്തെക്കുറിച്ച് നാമെല്ലാവരും ചിന്തിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് ചില ആര്‍എസ്എസ് സൈദ്ധാന്തികന്‍ എഴുതിയതാണോ എന്ന് ആരും സംശീയിച്ച് പോകും. ചരിത്രം പരിശോധിച്ചാല്‍ 1950 കളുടെ അവസാനം ഇറാന്‍, ഇറാക്ക് ഈജിപ്ത് ,സിറിയ തുടങ്ങിയ എത്രയോ അറബ് രാജ്യങ്ങളില്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ നില വന്നിരുന്നു. അവര്‍ സാമ്രാജ്യത്വ സ്ഥാപനങ്ങളെ ദ്ദേശസാല്‍ക്കരിക്കാനും തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് സാമ്രാജ്യത്വം ഇസ്‌ളാമിക ഫണ്ടമെന്റലിസം ഉയര്‍ത്തിക്കൊണ്ടുവരികയും ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുകയും ചെയ്തു. പിന്നെയും പിന്നെയും സമ്രാജ്യത്വത്തിനെതിരാകുന്ന ഭരണാധികാരികളെ മുഴുന്‍ അവര്‍ കൊല ചെയ്യുകയോ അട്ടിമറിക്കുകയോ ചെയ്തു കൊണ്ടിരുന്നു. ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ ഉയര്‍ത്തി കൊണ്ടു വരുന്നതിലും സാമ്രാജ്യത്വം വഹിച്ച പങ്ക് സുവിദിതമാണല്ലോ.
ഇളയ്യയുടെ സയണിസ്റ്റ് അനുകൂലവും പലസ്തീന്‍ വിരുദ്ധവും ആയ ഇസ്ലാം വിരുദ്ധ ആഖ്യാനം മുമ്പെങ്ങുമില്ലാത്തവിധം ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ മോദി നടത്തിയ പ്രസംഗത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മോദിയുടെ രാമന്‍ മതേതരനാണ്. രാമക്ഷേത്രത്തില്‍ ഒബിസി, ദളിത് പുരോഹിതന്മാരെ നിയമിക്കണമെന്നും അദ്ദേഹം മോദിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി . എന്തായാലും അദ്ദേഹത്തിന്റെ ഇസ്രയേല്‍ അനുകൂല നിലപാടടക്കം നിരീക്ഷച്ചാല്‍ ഇസ്ലാംവിരുദ്ധതയില്‍ മുങ്ങിക്കുളിച്ച ഒരാള്‍ക്കെ ഇതൊക്കെ പറയാനാവു എന്ന് വ്യക്തമാവും.
