ശ്രീബുദ്ധനും മാര്‍ക്‌സുംഃ പരസ്പരവിനിമയങ്ങളുടെ ചരിത്രത്തിലൂടെ
വി. വിജയകുമാര്‍
മാര്‍ക്‌സിസവും ബുദ്ധമതവുമായുള്ള കൊടുക്കല്‍ – വാങ്ങലുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെ ചില സംഭവങ്ങളോ പ്രവണതകളോ ആയിട്ടാണ് പലപ്പോഴും വിവരിക്കപ്പെടുന്നത്. അമ്പതുകളില്‍ കമ്പോഡിയന്‍ രാജാവ് ഷിഹാനുക്കിന്റെ ബുദ്ധിസ്റ്റ് സോഷ്യലിസത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങളോ അറുപതുകളില്‍ ബര്‍മ്മയില്‍ നെവിന്റെ സോഷ്യലിസ്റ്റു മാര്‍ഗത്തെ കുറിച്ചുള്ള കല്‍പ്പനകളോ തിബത്തിന്റെ ചൈനീസ് അധിനിവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സ്വയം നിര്‍ണ്ണയാവകാശത്തിന്റെ പ്രശ്‌നങ്ങളോ എഴുപതുകളില്‍ പോള്‍പോട്ടിന്റെ ഖമര്‍റൂഷ് വ്യാജമാര്‍ക്‌സിസ്റ്റ് വാചാടോപങ്ങളോ ആണ് ഇത്തരം ചര്‍ച്ചകളില്‍ ആദ്യം ഉയര്‍ന്നു വരിക! ചൈന, മംഗോളിയ, ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളിലെല്ലാം പല ദശാബ്ദങ്ങള്‍ക്കു മുന്നേ മാര്‍ക്‌സിസവും ബുദ്ധമതവും തമ്മില്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നതാണ് വാസ്തവം. ചൈനയുടെ ഭാവി കൂമിന്താങുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഇടയില്‍ വിഭജിക്കപ്പെട്ടു നിന്ന ഒരു സന്ദര്‍ഭത്തില്‍ മാര്‍ക്‌സിസ്റ്റ് ചിന്തയുടെ അദ്ധ്യയനം നാടുവാഴിത്താശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ വലിയ സഹായമാണ് നല്‍കിയതെന്ന് മാസ്റ്റര്‍ ജുവാനെ പോലുള്ള പുരോഗമനകാരികളായ ബുദ്ധിസ്റ്റുകള്‍ പറയുന്നുണ്ട്. ഇന്ത്യയിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ തന്നെ ചില പരസ്പരവിനിമയങ്ങള്‍ നടക്കുന്നുണ്ട്.
1.
ദക്ഷിണേന്ത്യയിലെ സാമൂഹിക പരിഷ്‌കരണത്തിന്റെയും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പശ്ചാത്തലത്തില്‍, ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകളിലൊരാളായ ശിങ്കാരവേലു ചെട്ടിയാര്‍ക്ക് (1860-1946) ബുദ്ധമതവുമായി കാര്യമായ ബന്ധമുണ്ടായിരുന്നു.
റഷ്യന്‍ വിപ്ലവം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍, 1918ല്‍ ബി പി വാഡിയയുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളിസംഘടനയായ മദ്രാസ് ലേബര്‍ യൂണിയന്‍ സ്ഥാപിക്കുകയും 1923ല്‍ ഇന്ത്യയില്‍ ആദ്യമായി മെയ് ദിനാഘോഷത്തിനു നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്ത എം എന്‍ ശിങ്കാരവേലു തമിഴ്‌നാട്ടിലെ ബുദ്ധിസ്റ്റ് പ്രസ്ഥാനമായ ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു. 1922ല്‍ ഗയയില്‍ വച്ചു നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷനില്‍, തന്റെ സഹപ്രവര്‍ത്തകരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വയം ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് പ്രഖ്യാപിക്കുകയും 1924ലെ കാണ്‍പൂര്‍ ബോള്‍ഷേവിക് ഗൂഢാലോചനക്കേസില്‍ പ്രതിയായി ഒളിവില്‍ പോകുകയും ചെയ്യുന്ന ശിങ്കാരവേലു 1925ല്‍ കാണ്‍പൂരില്‍ നടക്കുന്ന ആദ്യത്തെ കമ്മ്യുണിസ്റ്റ് കോണ്‍ഫറന്‍സില്‍ നടത്തുന്ന അദ്ധ്യക്ഷപ്രസംഗത്തില്‍ കമ്മ്യൂണിസത്തിന് ചരിത്രത്തോളം പഴക്കമുണ്ടെന്നും ശ്രീബുദ്ധന്‍ പഠിപ്പിച്ചതും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പരിശീലിപ്പിച്ചതും പ്രചരിപ്പിച്ചതും കമ്മ്യൂണിസമായിരുന്നെന്നും പറയുന്നു. ഒരു മുക്കുവകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. 1899 മുതല്‍ ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ ആസ്ഥാനകേന്ദ്രത്തിന്റെ ചുമതല നിര്‍വ്വഹിക്കുന്നുണ്ടായിരുന്നു. ശ്രീലങ്കയിലെ അനാഗരിക ധര്‍മ്മപാലയുമായി അദ്ദേഹത്തിന് സുദൃഢമായ ബന്ധങ്ങളുണ്ടായിരുന്നു.
ശിങ്കാരവേലുവിന് ബുദ്ധമതത്തോടുള്ള അടുപ്പം ആ മതത്തിലെ സമത്വപരവും ബ്രാഹ്‌മണവിരുദ്ധവുമായ ചിന്തകളോടുള്ള വിശാലമായ പ്രത്യയശാസ്ത്ര ഐക്യത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ കാലത്തെ പല തമിഴ് സാമൂഹികപരിഷ്‌കര്‍ത്താക്കളെയും പോലെ ബ്രാഹ്‌മണ്യത്തിന്റെ അടിച്ചമര്‍ത്തലിനെ നിരാകരിച്ച ഒരു തദ്ദേശീയ ഇന്ത്യന്‍ പാരമ്പര്യമായിട്ടാണ് ബുദ്ധമതത്തെ അദ്ദേഹം കണ്ടത്. തമിഴ് സ്വത്വത്തെ ബുദ്ധമതവുമായി ബന്ധിപ്പിച്ച തമിഴ് ദലിത് ബുദ്ധിജീവിയായ ഇയോത്തി താസും ജാതീയതയെ നിരാകരിച്ചതിന് ബുദ്ധമതത്തോടു തല്‍പ്പരനായിരുന്ന പെരിയാര്‍ ഇ.വി. രാമസാമിയും മറ്റും അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നു. തമിഴ് സമൂഹത്തിലെ ബ്രാഹ്‌മണ ആധിപത്യം ഇല്ലാതാക്കാന്‍ ശ്രമിച്ച പെരിയാറിന്റെ നേതൃത്വത്തിലുള്ള ആത്മാഭിമാന പ്രസ്ഥാനത്തിന്റെ ഭാഗമായും ശിങ്കാരവേലു പ്രവര്‍ത്തിച്ചിരുന്നു. അന്ധവിശ്വാസജഡിലമായ മതാചാരങ്ങള്‍ക്ക് യുക്തിവാദപരമായ ബദല്‍, സവര്‍ണ്ണജാതിമേധാവിത്വത്തിനെതിരെ ദലിത് ശാക്തീകരണത്തിനുള്ള ഒരു ഉപകരണം എന്നീ നിലകളില്‍ ബുദ്ധധര്‍മ്മം അദ്ദേഹത്തിനു താല്‍പ്പര്യമുള്ളതായി. സമത്വത്തെക്കുറിച്ചുള്ള ബുദ്ധമതത്തിന്റെ നൈതികനിദര്‍ശനങ്ങള്‍ മാര്‍ക്‌സിസ്റ്റ് ചിന്തയുമായി പൊരുത്തപ്പെടുന്നതായി അദ്ദേഹം കരുതിയിരിക്കണം. ബുദ്ധമതത്തെ ഒരു മതമായി മാത്രമല്ല, സാമൂഹിക നീതിയുടെ ഒരു തത്ത്വചിന്തയായും അദ്ദേഹം കണ്ടു. ആദ്യകാല ബുദ്ധമതത്തിന്റെ ഭൗതികവാദപരമായ നിലപാടുകളെ അദ്ദേഹം സോഷ്യലിസ്റ്റ് ആദര്‍ശങ്ങളുമായി ബന്ധിപ്പിച്ചു.
മതത്തെ കേവലമായി നിരാകരിച്ച മാര്‍ക്‌സിസ്റ്റുകളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ സാഹചര്യത്തില്‍ ബുദ്ധമതത്തിന് വിപ്ലവകരമായ സാധ്യതകളുണ്ടെന്ന് മനസ്സിലാക്കി. ബുദ്ധമതവുമായുള്ള ശിങ്കാരവേലുവിന്റെ ബന്ധം പ്രധാനമായും ഭക്തിപരമല്ല, മറിച്ച് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായിരുന്നു. (തുടരും)
(ബുദ്ധിസവും മാര്‍ക്‌സിസവും ബുദ്ധിസവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ വൈരുദ്ധ്യങ്ങളുണ്ടോ എന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. ഇതുമായി ബന്ധപ്പെട്ട് സംവാദാത്മക രചനകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുകയാണ്. എഴുത്തുകാരനായ പ്രഫ. വി. വിജയകുമാറിന്റെ ലേഖനത്തിലൂടെ തുടക്കം കുറിക്കുന്നു. അഭിപ്രായങ്ങള്‍ ലേഖകരുടേത് മാത്രമാണ്. എല്ലാവരുടെയും സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു.)
