Culture & HistoryIndia NewsKerala News

ഡോ. അംബേദ്കറുടെ കേരള സന്ദര്‍ശനത്തിന് 75 വയസ്സ്

അനിരുദ്ധ് രാഘവന്‍

ഭരണഘടനാശില്പിയും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയുമായിരുന്ന ഡോ. അംബേദ്ക്കറുടെ ഔദ്യോഗിക കേരള സന്ദര്‍ശനത്തിന് 2025 ജൂണില്‍ 75 വര്‍ഷം തികയുകയാണ്. നിയമസഭയുടെ ചരിത്രരേഖകളില്‍ ഒളിമങ്ങാതെ കിടക്കുന്ന ആ ചരിത്ര സംഭവം അന്നത്തെ ദിനപത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണഘടനാ ശില്പി എന്ന നിലയിലും നിയമമന്ത്രി എന്ന നിലയിലും രാജ്യത്താകെ ഡോ. അംബേദ്കര്‍ തിളങ്ങി നിന്നിരുന്ന കാലമായിരുന്നു അത്. ഭാര്യ ഡോ. സവിത അംബേദ്ക്കര്‍ക്കൊപ്പം ശ്രീലങ്കയില്‍ നടന്ന ലോക ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് തമിഴ്‌നാട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്. 75 വര്‍ഷം മുന്‍പ് 1950 ജണ്‍ 8 നായിരുന്നു ശ്രീലങ്കയില്‍ നിന്നുള്ള മടക്കയാത്രയില്‍ തിരു-കൊച്ചി സംസ്ഥാനത്തിന്റെ അതിഥിയായി അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നതും 11 ന് മദ്രാസ് വഴി ഡെല്‍ഹിയിലേക്ക് മടങ്ങുന്നതും. തമിഴ്‌നാട്ടില്‍ നിന്നുള്ള തിരുവനന്തപുരം എക്‌സ്പ്രസ്സിലായിരുന്നു യാത്ര.

തിരുവനന്തപുരത്ത് എത്തിയ അദ്ദേഹത്തെയും ഭാര്യയെയും അന്നത്തെ മുഖ്യമന്ത്രി ടി.കെ. നാരായണ പിള്ള, മന്ത്രിമാരായ എ.ജെ. ജോണ്‍, കെ. കുഞ്ഞുരാമന്‍, സ്പീക്കര്‍ ടി.എം. വര്‍ഗീസ്, ഡെപ്യൂട്ടി സ്പീക്കര്‍ കൊച്ചുകുട്ടന്‍, കോണ്‍ഗ്രസ് പ്രസിഡന്റ് സി. കേശവന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമകാര്യ മന്ത്രിയായിരിക്കെ ഡോ. അംബേദ്കര്‍ നടത്തിയ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം എന്ന നിലയില്‍ സര്‍ക്കാര്‍ രേഖകളില്‍ അടയാളപ്പെടുത്തപ്പെട്ട പ്രസ്തുത സമ്മേളനത്തിന്റെ പ്രാധാന്യം പക്ഷേ പില്‍ക്കാലത്ത് കേരളം ബോധപൂര്‍വം വിസ്മരിക്കുകയാണുണ്ടായത്. ഡോ. അംബേദ്ക്കറുടെ കേരള സന്ദര്‍ശനത്തെപ്പറ്റിയും സന്ദര്‍ശനവേളയില്‍ ജൂണ്‍ 9ന് നിയമസഭാ ഹാളില്‍ ഭരണഘടനാ ധാര്‍മികതയെപ്പറ്റിയും നിഷ്പക്ഷമായ ഭരണനിര്‍വഹണത്തിന്റെ അനിവാര്യതയെപ്പറ്റിയും അദ്ദേഹം നടത്തിയ പ്രസംഗത്തെപ്പറ്റിയും ഹിന്ദു കോഡ് ബില്ലിനെപ്പറ്റി തിരഞ്ഞെടുത്ത പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെപ്പറ്റിയും എല്ലാം ആദ്യം രേഖപ്പെടുത്തിയത് ഡോ. അംബേദ്ക്കറുടെ ജീവചരിത്രകാരനായ ഡോ. ധനഞ്ജയ് കീര്‍ ആണ്. ആ ഗ്രന്ഥത്തില്‍ പക്ഷേ യാത്രയുടെ മറ്റു വിശദാംശങ്ങളോ അദ്ദേഹം പങ്കെടുത്ത പൊതു പരിപാടികളുടെ വിശദാംശങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. പില്‍ക്കാലത്ത് 2008ല്‍ ചരിത്രകാരനായ ചെറായി രാമദാസ് നടത്തിയ അന്വേഷണങ്ങളാണ് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ വഴിതെളിച്ചത്.

കേരളത്തിന്റെ രാഷ്ടീയ ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായി അടയാളപ്പെടുത്തി പഠന വിധേയമാക്കേണ്ടിയിരുന്ന ഡോ.അംബേദ്ക്കറുടെ കേരള സന്ദര്‍ശനവും നിയമസഭയെ അഭിസംബോധ ചെയ്തു കൊണ്ട് അദ്ദേഹം നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗവും പക്ഷേ ആരും അന്വേഷണ വിധേയമാക്കിയില്ല. ഡോ. അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപകല്പന ചെയ്യപ്പെട്ട ഭരണഘടന നിലവില്‍ വന്ന് ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറി ഏതാനും മാസങ്ങള്‍ക്കുള്ളിലായിരുന്നു ഡോ. അംബേദ്ക്കറുടെ കേരള സന്ദര്‍ശനം. ഭരണഘടനാ ശില്പി എന്ന നിലയില്‍ ഇന്ത്യയിലുടനീളം ഭരണഘടനയുടെ സവിശേഷതകളെപ്പറ്റിയും ജനാധിപത്യ ഭരണ സമ്പ്രദായത്തെപ്പറ്റിയും പ്രഭാഷണ പരമ്പരകള്‍ നടത്തികൊണ്ടിരുന്ന ഡോ. അംബേദ്കര്‍ കേരള നിയമസഭയില്‍ ചെയ്ത പ്രസംഗവും ഭരണഘടനയെ സംബന്ധിച്ചായിരുന്നു. ഹിന്ദു കോഡ് ബില്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു ഡോ. അംബേദ്കര്‍. അതുകൊണ്ടുതന്നെ മരുക്കക്കത്തായം, ഇളയ സന്താനം, പെണ്‍മക്കളുടെയും വിധവകളുടെയും സ്വത്തവകാശം തുടങ്ങിയവയെപ്പറ്റിയെല്ലാം അദ്ദേഹം സമുദായ പ്രമുഖരുമായി ചര്‍ച്ച നടത്തി. സചിവോത്തമപുരം പോലുള്ള ദലിത് കോളനികള്‍ സന്ദര്‍ശിക്കുന്നതിനെപ്പറ്റി ഡോ. അംബേദ്കര്‍ ആലോചിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ അതു നടന്നില്ല. ഭരണഘടനാ ശില്പി ഡോ. അംബേദ്കര്‍ നടത്തിയ ചരിത്രപ്രസിദ്ധമായ കേരള സന്ദര്‍ശനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷങ്ങളോ ഓര്‍മപ്പെടുത്തലുകളോ ഇല്ലാതെ നിശബ്ദം കടന്നുപോകുമ്പോള്‍ ബന്ധപ്പെട്ട ഭരണാധികാരികള്‍ നിയമസഭയില്‍ അദ്ദേഹം നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം കണ്ടെത്താനും പഴയ നിയമസഭാ ഹാളിന് ഭരണഘടനാ ശില്പിയുടെ പേര് നല്‍കാനും തയ്യാറായാല്‍ അത് ചരിത്രത്തോടുള്ള നീതി പുലര്‍ത്തലായിരിക്കും.

ഫോട്ടോ: ഡോ. അംബേദ്കറുടെ കേരള സന്ദര്‍ശനത്തിനിടെ തിരുവനന്തപുരത്ത് ഭരണഘടനാപരമായ ‘ധര്‍മ്മാനുഷ്ഠാനങ്ങള്‍’ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രസംഗത്തിന്റെ വാര്‍ത്ത- മലയാള മനോരമ, 1950 ജൂണ്‍ 8-11.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message