Art & LiteratureCulture & HistoryKerala News

ആര്‍ എസ് എസിന്റെ ദണ്ഡയുടെ ആദ്യ അടി കൊണ്ടത് ദലിതന്റെ ദേഹത്ത്: വേടന്‍

കൊച്ചി: ആര്‍ എസ് എസിന്റെ ദണ്ഡയുടെ അടി ആദ്യം കൊണ്ടത് മുസ്ലിമിന്റെയും ക്രിസ്ത്യാനികളുടെയോ ദേഹത്തല്ല, ദലിതന്റെ ദേഹത്താണെന്ന് റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ് മുരളി) റിപ്പോര്‍ട്ടര്‍ ടിവിയുടെ കോഫി വിത്ത് അരുണ്‍ പ്രോഗ്രാമില്‍ പറഞ്ഞു. ആ അടിയുടെ വേദന തനിക്കിപ്പോഴുമുണ്ട്. അപ്പോള്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും പറഞ്ഞു. ശരണ്‍ കുമാര്‍ ലിംബാളെയെ ഉദ്ധരിച്ച് ഒരാള്‍ അടുത്തിടെ ഇക്കാര്യം പറയുന്നത് കേട്ടിരുന്നു. രാവണനേയും രാമനേയും സംബന്ധിച്ച ഡോ. അരുണിന്റെ ചോദ്യത്തെ തുടര്‍ന്നായിരുന്നു വേടന്റെ പ്രതികരണം.
ജയ്ശ്രീറാം വിളി ആദ്യമായി കേള്‍ക്കുന്നത് ഒരാളെ കൊല്ലാന്‍ വേണ്ടിയോ ഉപദ്രവിക്കാന്‍ വേണ്ടിയുമാണെന്ന് വേടന്‍ പറഞ്ഞു. ‘ഞാന്‍ ഒരു ദൈവ വിശ്വാസിയല്ല. മര്യാദ പുരുഷോത്തമനായ രാമനെ എനിക്കറിയില്ല. ജയ്ശ്രീറാം വിളി ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ഒരാളെ കൊല്ലാനോ ഉപദ്രവിക്കാനോ വേണ്ടിയിട്ടാണ്. താന്‍ സമത്വത്തിലാണ് വിശ്വസിക്കുന്നത്. ബാബാ സാഹേബ് അംബേദ്കറും മഹാവീരന്‍ അയ്യന്‍കാളിയുമാണ് തന്റെ വഴികാട്ടികള്‍. ഇവരുടെ പേരുകള്‍ പറയുന്നത് വലിയ ഊര്‍ജമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേദിയില്‍ പാട്ട് പാടുമ്പോള്‍ കുട്ടികളെ കൊണ്ട് നാലഞ്ച് തവണ അയ്യങ്കാളിയെന്നെല്ലാം ആവര്‍ത്തിച്ച് പറയിപ്പിക്കാറുണ്ടെന്നും വേടന്‍ പറഞ്ഞു.

തന്റെ എഴുത്തുകളും പാട്ടുകളും ആരെങ്കിലുമൊക്കെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂവെന്നും രാഷ്ടീയം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും പറഞ്ഞു. താന്‍ വേദിയില്‍ കയറി തെറിവിളിക്കുന്നുവെന്ന് പറയുന്നവരോട് താന്‍ ഒരു വ്യക്തിയെ അല്ല, സിസ്റ്റത്തെയാണ് തെറിവിളിക്കുന്നതെന്നും ജാതീയമായി, വിദ്യാഭ്യാസ പരമായി, സാമൂഹികമായി അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന സിസ്റ്റത്തിന് നേരെയാണെന്നും വേടന്‍ പറഞ്ഞു. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന് പറയുന്നവരെല്ലാം ഉണ്ട്. തൃശൂരുകാര്‍ക്ക് തെറ്റുപറ്റി. ഇത്തരക്കാരോട് ഒരേസമയം പേടിയും സഹതാപവുമാണ് തോന്നുന്നത്. കാരണം, നമ്മള്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? പിറവിയാല്‍ താന്‍ ഉന്നതനാണെന്ന് എങ്ങനെയാണ് ഒരാള്‍ ചിന്തിക്കുന്നതെന്നും വേടന്‍ ചോദിക്കുന്നു. ഡി.എന്‍.എയുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും വേടന്‍ പറഞ്ഞു.
ക്ലാസ് മുറികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് ജാതി വിവേചനം കൂടുതലായും നേരിട്ടിരിക്കുന്നതെന്നും വിദ്യാഭ്യാസ സമ്പ്രദായം തന്നെ പരിവര്‍ത്തനപ്പെടണമെന്നും വേടന്‍ പറഞ്ഞു. തനിക്ക് കുറേ പണമുണ്ടായാല്‍ അംബേദ്കറുടെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കുമെന്ന് സൃഹൃത്തുക്കളോടൊക്കെ പറയാറുണ്ടെന്നും പറഞ്ഞു.

സര്‍വകലാശാലയുടെ പാഠപുസ്തകത്തില്‍ തരതമ്യപഠനത്തിന് തന്റെ പാട്ട് ഉള്‍പ്പെടുത്തിയതില്‍ വേടന്‍ സന്തോഷം പ്രകടിപ്പിച്ചു.
‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതില്‍ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടന്‍ പറഞ്ഞു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message