Culture & HistoryPolitics

ശ്രീബുദ്ധനും മാര്‍ക്‌സുംഃ പരസ്പരവിനിമയങ്ങളുടെ ചരിത്രത്തിലൂടെ-2

വി. വിജയകുമാര്‍

ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ നവോത്ഥാനത്തിനായി പരിശ്രമിച്ച മാര്‍ക്‌സിസ്റ്റ് പണ്ഡിതനായ ധര്‍മ്മാനന്ദ് കൊസാംബി ശിങ്കാരവേലുവിന്റെയും ഇയോത്തി താസിന്റെയും സമകാലികനായിരുന്നു. സിലോണിലെ വിദ്യോദയ പിരിവേണയിലേക്കുള്ള യാത്രക്കിടയില്‍ അദ്ദേഹം മദ്രാസിലെ ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ റസ്റ്റ്ഹൗസില്‍ താമസിക്കാറുണ്ടായിരുന്നു. ഗോവയിലെ ഒരു പരമ്പരാഗത സാരസ്വതബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച കൊസാംബി ചെറുപ്പം മുതലേ ബ്രാഹ്‌മണ്യയാഥാസ്ഥിതികതയില്‍ നിരാശനായിരുന്നു. ബുദ്ധമത ജാതക കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, 20 വയസ്സുള്ളപ്പോള്‍ അദ്ദേഹം ബുദ്ധമതം പഠിക്കുന്നതിനായി വീടു വിട്ടു, ഇന്ത്യയിലെമ്പാടും ശ്രീലങ്കയിലും സഞ്ചരിച്ചു. തേരവാദഭിക്ഷുക്കളുടെ കീഴില്‍ ശ്രീലങ്കയില്‍ പാലി ഭാഷയിലുള്ള ബുദ്ധമത ഗ്രന്ഥങ്ങള്‍ പഠിച്ചു. തുടര്‍ന്ന് സന്യാസപരിശീലനത്തിനായി ബര്‍മ്മയിലേക്കു പോയി. ഇന്ത്യയിലേക്ക് മടങ്ങി വന്ന് ബുദ്ധഭിക്ഷുവായി പ്രതിജ്ഞയെടുത്തു. ഭിക്ഷുവായി ജീവിച്ചു. പാലിയിലുള്ള ബുദ്ധമതഗ്രന്ഥങ്ങളെ വിമര്‍ശനാത്മകമായി പഠിക്കുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്ത ആദ്യത്തെ ആധുനിക ഇന്ത്യക്കാരില്‍ ഒരാളായി ധര്‍മ്മാനന്ദ് കൊസാംബി മാറി.
അശ്വഘോഷന്റെ സംസ്‌കൃത ബുദ്ധജീവചരിത്രമായ ബുദ്ധചരിതത്തിന്റെ വിവര്‍ത്തനം, മറ്റു ചില പാലി ഗ്രന്ഥങ്ങളുടെ വിമര്‍ശനാത്മക പതിപ്പുകള്‍, ഭഗവാന്‍ ബുദ്ധന്‍ (ബുദ്ധന്റെ ഒരു മറാത്തി ജീവചരിത്രം) എന്നിവ രചിച്ചു. ബുദ്ധമതത്തെ ആചാരപരമായ മതമെന്നതിലുപരി യുക്തിസഹവും ധാര്‍മ്മികവുമായ തത്ത്വചിന്ത എന്ന നിലയില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യം സഹായിച്ചു. പ്രധാനമായും ഒരു ബുദ്ധമത പണ്ഡിതനായിരുന്നെങ്കിലും മാര്‍ക്‌സിസവുമായുള്ള ബന്ധത്തിലൂടെ പില്‍ക്കാല വര്‍ഷങ്ങളില്‍ അദ്ദേഹം സോഷ്യലിസ്റ്റ്, കൊളോണിയല്‍ വിരുദ്ധപ്രസ്ഥാനങ്ങളുമായി ഇടപഴകി.

ബുദ്ധമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം സമൂലമായി സമത്വവാദപരമായിരുന്നു. ബുദ്ധദര്‍ശനം മാര്‍ക്‌സിസ്റ്റ് ദര്‍ശനങ്ങളുമായി യോജിക്കുന്നതാണെന്ന് അദ്ദേഹം കരുതി. ആദ്യകാല ബുദ്ധമതം യുക്തിവാദവുമായും ശാസ്ത്രീയചിന്തയുമായും പൊരുത്തപ്പെടുന്നുണ്ടെന്നും അമാനുഷികതയെ നിരാകരിക്കുന്നുവെന്നും വാദിച്ചു. ഇത് മാര്‍ക്‌സിസ്റ്റ് ഭൗതികവാദവുമായി യോജിപ്പിലാണെന്നു കരുതി. ധര്‍മ്മാനന്ദ് കൊസാംബിയില്‍ പുനരുജ്ജീവനവാദപരമായ മൂലകങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നോയെന്ന് സന്ദേഹിക്കാവുന്നതുമാണ്. ഗൃഹാതുരതയോടെ ഏഷ്യയുടെ ഭൂതകാലസംസ്‌കാരത്തിന്റെ തകര്‍ച്ചയെ കാണുന്ന ഒരു മനസ്സ് അദ്ദേഹത്തിലുണ്ടായിരുന്നു. ജയിംസ് വുഡിന്റെ ക്ഷണപ്രകാരം അമേരിക്കയില്‍ എത്തിച്ചേരുന്ന അദ്ദേഹം അവിടുത്തെ സോഷ്യലിസ്റ്റ് പ്രവര്‍ത്തകരുമായുണ്ടായ സാമിപ്യത്തിലൂടെയാണ് മാര്‍ക്‌സിസവും ബുദ്ധചിന്തയുമായുള്ള സാദൃശ്യങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. സമ്പത്തിന്റെ ദേശസാല്‍ക്കരണത്തെ കുറിച്ചുള്ള സോഷ്യലിസ്റ്റുകളുടെ വീക്ഷണം ഭിക്ഷുക്കള്‍ക്ക് അനുവദിച്ചിരുന്ന എട്ടു വസ്തുക്കളിലൊഴികെ മറ്റൊരു വസ്തുവിലും വ്യക്തിപരമായ ഉടമസ്ഥാവകാശം പാടില്ലെന്ന ഭിക്ഷുസംഘത്തോടുള്ള ബുദ്ധനിര്‍ദ്ദേശത്തില്‍ ഇതരരൂപത്തില്‍ കാണാമെന്ന് കൊസാംബി എഴുതുന്നു.

ജനാധിപത്യസോഷ്യലിസത്തിന്റെ തത്ത്വങ്ങള്‍ക്കനുസരിച്ചാണ് ബുദ്ധിസം പ്രവര്‍ത്തിച്ചതെന്നാണ് കൊസാംബി നിഗമിക്കുന്നത്. ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വേദങ്ങളിലുണ്ടെന്ന ദയാനന്ദസരസ്വതി മുതല്‍ പുതിയ കാല ഹിന്ദുത്വവാദികള്‍ വരെയുള്ള പുനരുജ്ജീവനവാദികളുടെ വാദങ്ങളോട് സദൃശമായ സമീപനമാണ് കൊസാംബിയുടേതെന്ന് ഡഗ്ലസ് ഓബര്‍ കാണുന്നുണ്ട്. കൊസാംബി ബുദ്ധമതത്തെ കാരണയുക്തി കൊണ്ടു നയിക്കുന്ന മതമായി മനസ്സിലാക്കുന്നു. എന്നാല്‍, ബുദ്ധമതം മാര്‍ക്‌സിസത്തിനു സമാനമാണെന്നോ അതിനുപരിയാണെന്നോ പറയാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. അദ്ദേഹം ഒരിക്കലും വൈരുദ്ധ്യാത്മകഭൗതികവാദത്തെ പൂര്‍ണ്ണമായി സ്വീകരിക്കുകയും ചെയ്തില്ല. എന്നാല്‍, സെച്ചര്‍ബാട്‌സ്‌കിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം സോവിയറ്റ് യൂണിയനിലേക്കു പോകുന്നുണ്ട്. ലോകമെമ്പാടും അറിയപ്പെടുന്ന ബുദ്ധദര്‍ശനചിന്തകനായ സെച്ചര്‍ബാട്‌സ്‌കിയോടൊപ്പം നടത്തിയ യോജിച്ച പ്രവര്‍ത്തനങ്ങള്‍ ബുദ്ധദര്‍ശനത്തെ മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തോടു താരതമ്യം ചെയ്യാനുള്ള കൊസാംബിയുടെ താല്‍പ്പര്യങ്ങളെ ഉത്തേജിപ്പിച്ചു. മുപ്പതുകള്‍ക്കു ശേഷം സ്റ്റാലിന്‍ നടപ്പിലാക്കിയ നയങ്ങളുടെ തുടര്‍ച്ചയില്‍ റഷ്യയിലെ ബുദ്ധദര്‍ശനഗവേഷണം മിക്കവാറും അവസാനിക്കുകയായിരുന്നു.

പിന്നീട്, ധര്‍മ്മാനന്ദ് കൊസാംബി മഹാത്മാഗാന്ധിയോടൊപ്പം ഹ്രസ്വകാലം പ്രവര്‍ത്തിച്ചു, യംഗ് ഇന്ത്യയ്ക്ക് സംഭാവന നല്‍കി, സ്വാതന്ത്ര്യസമരത്തില്‍ ബുദ്ധമത നൈതികതക്കു വേണ്ടി വാദിച്ചു. പിന്നീട് ഗാന്ധിയുടെ മതവിശ്വാസത്തെ വിമര്‍ശിച്ചു. മാര്‍ക്‌സിനെ യൂറോപ്യന്‍ സംസ്‌കാരം സ്വാധീനിച്ചിട്ടുണ്ടെന്നു പറയുന്ന കൊസാംബി സോഷ്യലിസത്തിനു വേണ്ടി ഹിംസയുടെ പാതയെയും സ്വീകരിക്കാമെന്ന വീക്ഷണത്തെ നിരാകരിക്കുകയും മാര്‍ക്‌സ് മുന്നോട്ടുവയ്ക്കുന്ന സോഷ്യലിസ്റ്റ് ജ്ഞാനവിവേകത്തെ ബുദ്ധന്റെ അഹിംസയോടും ഗാന്ധിജിയുടെ സത്യഗ്രഹമെന്ന രാഷ്ട്രീയതന്ത്രത്തോടും കൂട്ടുച്ചേര്‍ക്കുന്ന ഒരു സമ്മിശ്രമാര്‍ഗത്തെ ഭാവനയില്‍ കാണുകയും ചെയ്തു. ഇന്ത്യയുടെ ഭാവിയുടെ അടിത്തറയായി ബുദ്ധമത മതേതരനൈതികതയെ ഉള്‍ക്കൊള്ളണമെന്നു പ്രത്യാശിച്ചു. അദ്ദേഹത്തിന്റെ മകന്‍ ദാമോദര്‍ ധര്‍മ്മാനന്ദ് കൊസാംബി, ബുദ്ധമത പഠനങ്ങളെ ഭൗതികവാദ ചരിത്രവുമായി സമന്വയിപ്പിച്ച ഒരു മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായി. ധര്‍മ്മാനന്ദ് 1942ല്‍ ഭിക്ഷുജീവിതം ഉപേക്ഷിച്ചു, പക്ഷേ, ബുദ്ധമതം തുടര്‍ന്നും പഠിപ്പിച്ചു. പുരാതന ബുദ്ധമതചിന്തകള്‍ ആധുനിക സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ എങ്ങനെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. ബുദ്ധമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ജാതിവിരുദ്ധവായനകള്‍ പിന്നീട് ദളിത് ബുദ്ധമത പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ബി.ആര്‍. അംബേദ്കറെ സ്വാധീനിക്കുന്നുണ്ട്.
(തുടരും)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message