Kerala NewsPolitics

സച്ചിദാനന്ദന്‍ ചെയര്‍മാനായ ദേശീയ മാനവിക വേദി ആദിവാസി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

തൃശൂര്‍: കവി കെ. സച്ചിദാനന്ദന്‍ ചെയര്‍മാനായ ദേശീയ മാനവിക വേദി ആദിവാസികളുടെ രാപകല്‍ സത്യഗ്രഹ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ആദിവാസികള്‍ വീണ്ടും സമരത്തിലാണ്. ഇത്തവണ മലപ്പുറം ജില്ലാ കലക്ടറേറ്റ് പടിക്കല്‍ 2025 മെയ് 20 മുതല്‍ അവര്‍ ‘രാപകല്‍ സത്യഗ്രഹ സമര’ത്തിലാണ്. കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഭൂമിക്ക് അവകാശമുണ്ടെന്നും ഒരു ഏക്കര്‍ റവന്യുഭൂമി വീതം അവര്‍ക്ക് പതിച്ചു കൊടുക്കണമെന്നും 2009ല്‍ത്തന്നെ സുപ്രീം കോടതി വിധിയുണ്ട്. 2018 മുതല്‍ നിരന്തരം അവര്‍ അതിനു വേണ്ടി സമരത്തിലുമാണെന്നും വേദിയുടെ പ്രസ്താവനയില്‍ പറഞ്ഞു. മലപ്പുറം ജില്ലാ കലക്ടറുമായി 2018ല്‍ നടന്ന ചര്‍ച്ചയിലൂടെ 50 സെന്റ് എന്ന സമവായത്തിലേക്ക് അവര്‍ എത്തിയതാണ്. അധികാരികളുടെ വഞ്ചനയുടെ, വാഗ്ദത്തലംഘനത്തിന്റെ കഥയാണ് ആദിവാസികള്‍ക്ക് പക്ഷേ, ഇപ്പോഴും പറയാനുള്ളത്. 3 മാസത്തെ സമയമാവശ്യപ്പെട്ട് സമരമവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച കളക്ടര്‍ 4 മാസം കഴിഞ്ഞും മൗനം തുടരുന്നതിനാലാണ് വീണ്ടും കലക്ടറേറ്ററിനു മുന്നിലെ സമരത്തിന് അവര്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നും സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.
ആദിവാസികള്‍ക്ക് വിതരണം ചെയ്യാവുന്ന ആയിരക്കണക്കിന് ഭൂമിയുണ്ടായിട്ടും അവരോടുള്ള വഞ്ചനയുടെ ചരിത്രം തുടരുകയാണ്. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നിഷ്‌കളങ്കരായ, കാടിന്റെ മക്കളായ ആദിവാസികളെ പറഞ്ഞു പറ്റിച്ചുകൊണ്ടേയിരിക്കുന്നു. കാടിന്റെ മക്കള്‍ക്കവകാശപ്പെട്ട ഭൂമി അവര്‍ക്കു കൊടുക്കാതിരിക്കുമ്പോള്‍ തന്നെ ഭൂമാഫിയകളുടെയും റിയല്‍ എസ്റ്റേറ്റുകാരുടെയും കയ്യേറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കുകയുമാണ് അധികാരികള്‍. വനഭൂമിയുടെ ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി, അതിനു കോട്ടം തട്ടാതെ പരിരക്ഷിച്ചുകൊണ്ട് അവിടെ ജീവിക്കാന്‍ കാടിന്റെ മക്കളായ ആദിവാസികള്‍ക്കു മാത്രമേ കഴിയൂ. അതിനാല്‍, ആദിവാസികളുടെ ന്യായമായ സത്യഗ്രഹസമരത്തിനു ദേശീയ മാനവിക വേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സച്ചിദാനന്ദന്‍ പ്രസ്താവിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message