Art & LiteratureCulture & HistoryPolitics

അടിയന്തരാവസ്ഥ: ചില ഓര്‍മ്മപ്പെടുത്തലുകള്‍

അശോകന്‍ ചരുവില്‍

സ്‌നേഹലതാറെഡ്ഡി, അടിയന്തരാവസ്ഥയുടെ രക്തസാക്ഷി

യു.ആര്‍. അനന്തമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ‘സംസ്‌കാര’യുടെ ചലച്ചിത്രരൂപം കണ്ടവര്‍ അതില്‍ ചന്ദ്രി എന്ന കഥാപാത്രത്തിന് ജീവന്‍പകര്‍ന്ന സ്‌നേഹലതാറെഡ്ഡിയെ ഒരു കാലത്തും മറക്കും എന്നു തോന്നുന്നില്ല. അവരുടെ ഭര്‍ത്താവ് പട്ടാഭിരാമറെഡ്ഡിയാണ് ആ സിനിമയുടെ സംവിധായകന്‍.

അടിയന്തരാവസ്ഥക്കാലത്ത് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന സോഷിലിസ്റ്റ് നേതാവ് മധുദന്താവാദെ അതേ ജയിലില്‍ നരകയാതന അനുഭവിച്ചു കഴിഞ്ഞിരുന്ന സ്‌നേഹലതയെക്കുറിച്ച് പിന്നീട് (Dialogue with life) എഴുതിയിട്ടുണ്ട്. ആസ്മാരോഗിയായ അവര്‍ക്ക് ചികിത്സ അനുവദിച്ചിരുന്നില്ല. അവരുടെ കരച്ചില്‍ സെല്ലിനു പുറത്തേക്ക് കേള്‍ക്കാമായിരുന്നു. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് അവരെ മോചിപ്പിച്ചത്.

ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടയായ കലാകാരിയായിരുന്നു സ്‌നേഹലതാറെഡ്ഡി. ലോഹ്യയുടെ അനുയായി എന്ന നിലയില്‍ അവരും ഭര്‍ത്താവും സോഷിലിസ്റ്റ് പ്രസ്ഥാനവുമായാണ് ബന്ധപ്പെട്ടിരുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് ‘പിടികിട്ടാപ്പുള്ളി’യായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന് അഭയം കൊടുത്തു എന്നു സംശയിച്ചാണ് ഇന്ദിരാഗാന്ധി അവരെ തടവിലിട്ടത്. കുറ്റപത്രമോ വിചാരണയോ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയായിരുന്നു അക്കാലം.

അമ്പതുവര്‍ഷങ്ങള്‍ക്കു ശേഷം അടിയന്തരാവസ്ഥ എന്ന അധികാരഭീകരതയെ ഓര്‍ക്കുമ്പോള്‍ സ്‌നേഹലതാറെഡ്ഡി ഒരു സ്‌നേഹജ്വാലയായി മുന്നില്‍ വരുന്നു.

വി. സാംബശിവനും അടിയന്തരാവസ്ഥയും

അമ്പതുവര്‍ഷങ്ങള്‍ക്കു ശേഷം അടിയന്തരാവസ്ഥാ ഭീകരതയുടെ നാളുകളെ ഓര്‍മ്മിക്കുമ്പോള്‍ തിളക്കത്തോടെ മുന്നിലേക്ക് വരുന്നത് വി. സാംബശിവനാണ്. കേരളംകണ്ട ഏറ്റവും ജനകീയനായ കലാകാരന്‍. കഥാപ്രസംഗം എന്നു പറഞ്ഞാല്‍പോര; അതുപോലെ ആ കലാരൂപം സാംബശിവനു മുന്‍പും ശേഷവും അവതരിക്കപ്പെട്ടിട്ടില്ല. വിശ്വസാഹിത്യം മലയാളി പരിചയപ്പെടുന്നത് കൊയ്‌തൊഴിഞ്ഞ പാടത്തും സ്‌കൂള്‍/ ക്ഷേത്രമൈതാനങ്ങളിലും അദ്ദേഹത്തിന്റെ മുന്നിലിരുന്നാണ്. അടിയന്തരാവസ്ഥാകാലത്ത് ജനങ്ങളോട് കഥപറഞ്ഞു എന്ന ‘കുറ്റ’ത്തിന് ശിക്ഷിക്കപ്പെട്ട് പത്തുമാസക്കാലമാണ് അദ്ദേഹത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്നത്.

അദ്ദേഹം പറയുന്നു: ‘ബിമല്‍ മിത്രയുടെ ഇരുതാംനൂറ്റാണ്ട് എന്ന നോവല്‍ കഥാപ്രസംഗമായി അവതരിപ്പിച്ചപ്പോള്‍ ഒരോ സദസ്സിലേക്കും ആയിരങ്ങളാണ് ഒഴുകി എത്തിയത്. വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ എത്തി. പ്രത്യേകമായി പറയട്ടെ: നമ്മുടെ സര്‍ക്കാരും കിങ്കരന്മാരും കഥകേള്‍ക്കാന്‍ വന്നു. കഥകേട്ട് സംപ്രീതരായ കിങ്കരന്മാര്‍ പറഞ്ഞു. ‘നല്ല കഥ. അതുകൊണ്ട് താങ്കളെ ഞങ്ങള്‍ അതിഥിയായി കൊണ്ടുപോകുന്നു.’ അവിടെ പൂജപ്പുരയില്‍ നാലാള്‍ക്കുള്ള സെല്ലില്‍ ഒരു പായയും ഇലയടപോലെയുള്ള തലയിണയും തന്നു.’

അക്കാലത്ത് പ്രധാനമന്ത്രി ശ്രീമതി ഗാന്ധിയും കോണ്‍ഗ്രസ് സര്‍ക്കാരും എത്രമാത്രം ഭയത്തോടെയാണ് ജനങ്ങളെ കണ്ടിരുന്നത് എന്നതിന്റെ തെളിവാണ് സാംബശിവന്റെ അറസ്റ്റ്.

അടിയന്തരാവസ്ഥയില്‍ ഒരു കഥയെഴുത്തുകാരന്‍

മലയാള ചെറുകഥയില്‍ നവീനമായൊരു വഴിതുറന്ന് സഞ്ചരിച്ച കഥാകൃത്താണ് പി.കെ. നാണു. അടിയന്തരാവസ്ഥക്കാലത്ത് കക്കയം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍വെച്ച് അതിക്രൂരമായ മര്‍ദ്ദനത്തിന് അദ്ദേഹം വിധേയനായി. അടിയന്തിരാവസ്ഥക്കെതിരായ പ്രചരണത്തിലോ ആക്ഷനിലോ ഒന്നും പി.കെ. നാണു പങ്കെടുത്തിരുന്നില്ല. ഉത്തരേന്ത്യയില്‍ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ (ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ ആണെന്ന് തോന്നുന്നു) ജോലി ചെയ്യവെ ലീവില്‍ നാട്ടില്‍ വന്നതായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനെല്ലാം ഏറെ മുമ്പ് മടപ്പിള്ളി കോളേജില്‍ പഠിക്കുന്ന കാലത്ത് ‘യെനാന്‍ മാസിക’യില്‍ അദ്ദേഹം ഒരു കഥയെഴുതിയിരുന്നു. അക്കാര്യം ചോദിച്ചു കൊണ്ടാണ് പോലീസ് വീട്ടിലേക്ക് വന്നത്.
‘ഇതാ നമുക്കൊരു സാഹിത്യബുദ്ധിജീവിയെ കിട്ടിയിട്ടുണ്ട്.’ എന്നു പറഞ്ഞാണ് അറസ്റ്റുചെയ്ത പോലീസ് മേധാവി മര്‍ദ്ദനമുറിയിലേക്ക് അദ്ദേഹത്തെ നയിച്ചത്.

അടിയന്തരാവസ്ഥ പിന്‍വലിച്ച കാലത്ത് പി.കെ.നാണു തന്റെ അനുഭവങ്ങള്‍ കലാകൗമുദിയില്‍ ഒരു കുറിപ്പായി എഴുതിയിരുന്നു. കെ. കരുണാകരന്റെ വേട്ടനായ്ക്കളായി മാറിയ പോലീസ് ഉദ്യോഗസ്ഥര്‍ അന്ന് മനുഷ്യത്വത്തിന്റെ അവസാന ഭാവവും കൈവെടിഞ്ഞിരുന്നു. മനുഷ്യന് എത്രമാത്രം ക്രൂരനാവാം എന്നതിന്റെ നടുക്കുന്ന ചിത്രങ്ങള്‍ അതിലദ്ദേഹം വാക്കുകൊണ്ടു വരക്കുന്നുണ്ട്. ഉടുത്തിരുന്ന കൈലി അഴിച്ചുമാറ്റി അണ്ടര്‍വെയര്‍ മാത്രമായിട്ടാണ് നാണുവിനെ പുലിക്കോടന്‍ നാരായണന്‍ എന്ന മനുഷ്യമൃഗം ജീപ്പില്‍ കയറ്റിക്കൊണ്ടുപോയത്.

അധികാര ഭീകരതയില്‍ അഴിഞ്ഞാടുമ്പോള്‍ മനുഷ്യന്റെ സംസ്‌കാരം എങ്ങനെയായിരിക്കും എന്നും പി.കെ. നാണു സൂചിപ്പിക്കുന്നുണ്ട്. ഉന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍ (ഐ.പി.എസ്.കാരും ഉണ്ടായിരിക്കും) ജീപ്പിലിരുന്ന് പരസ്പരം തെറിപറഞ്ഞ് രസിക്കുകയായിരുന്നു എന്ന് അദ്ദേഹം എഴുതുന്നു. അന്നത്തെ കക്കയം ക്യാമ്പിനെ അദ്ദേഹം കൃത്യമായി വിവരിക്കുന്നുണ്ട്. ഭീകരമായ അന്തരീക്ഷം. ഒരുഭാഗത്ത് മദ്യക്കുപ്പികള്‍ കുന്നുകൂടിക്കിടക്കുന്നു. മുറികളില്‍ കാലും കയ്യുമൊടിഞ്ഞ് തലയ്ക്കു പരിക്കുപറ്റി ചോരയൊലിച്ച് പാതിബോധത്തിലും അബോധത്തിലും കിടക്കുന്ന ഒരുപാട് യുവാക്കള്‍.

എന്തെങ്കിലും ആക്ഷനുമായി ബന്ധപ്പെട്ട ആളല്ല പി.കെ. നാണുവെന്ന് പോലീസിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നു തോന്നുന്നു. തട്ടിക്കളിച്ച് വിനോദിക്കാന്‍ ഒരു ഇരയെ കിട്ടിയപ്പോള്‍ കൊണ്ടുപോയി എന്നു മാത്രം. നാലോ അഞ്ചോ ദിവസം കഴിഞ്ഞപ്പോള്‍ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.

ആര്‍.എസ്.എസ്. ഫാസിസം അതിന്റെ പല്ലും നഖവും പുറത്തെടുക്കുന്ന ഇക്കാലത്ത് അടിയന്തരാവസ്ഥാ ഭീകരതയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തായി മാറും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message