Art & Literature

ബഷീര്‍ എന്തുകൊണ്ട് തൃശൂരില്‍ സ്ഥിരതാമസമാക്കിയില്ല?

ഡി ഡേവീസ്

ഭൂമിമലയാളത്തിലെ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കുന്ന വേളയാണല്ലോയിത്. ഈ സന്ദര്‍ഭത്തില്‍ ഒരു ചോദ്യം ഉന്നയിക്കട്ടേ, ബഷീര്‍ എന്തുകൊണ്ട് തൃശൂരില്‍ ജീവിച്ചില്ല?
ഇതു വളരെ പ്രസക്തമായ ചോദ്യമാണ്? എന്തെന്നാല്‍, മംഗളോദയം കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ഏ.കെ.ടി. കെ.എം വാസുദേവന്‍ നമ്പൂതിരിപ്പാടും ജോസഫ് മുണ്ടശ്ശേരിയും ഒക്കെ ബഷീറിനോട് തൃശൂരില്‍ താമസമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വീടും പുരയിടവും വാങ്ങി നല്‍കുന്നതിന് ഏ.കെ.ടി. കെ.എം തയ്യാറുമായതാണ്. ഭഗവദ്ഗീതയും കുറെ മുലകളും എന്ന കഥയില്‍ ഇതേ പറ്റി ബഷീര്‍ തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
‘ഒരു പുസ്തകം തന്നെ പല പ്രാവശ്യം വില്‍ക്കണ്ട. കടകളിലും വീടുകളിലും വില്‍ക്കുകയും വേണ്ട. അതൊക്കെ ഞങ്ങള്‍ ചെയ്യും. ഇരുന്നെഴുതിക്കോളൂ. താമസം തൃശൂരേക്ക് മാറ്റ്. ഇവിടെ മുണ്ടശ്ശേരി മാസ്റ്ററുണ്ട്. പരിചയമില്ലേ?’
മറ്റൊരിടത്ത് ബഷീര്‍ എഴുതിയത് ഇങ്ങനെയാണ്; ‘ഒരിക്കല്‍ അദ്ദേഹം (ഏ.കെ.ടി. കെ.എം) എനിക്ക് തൃശൂര് വീടും പുരയിടവും വാങ്ങിത്തരാന്‍ പോയതാണ്. സ്ഥലവും വീടും എന്നെ കൊണ്ടുപോയി കാണിച്ചു. എന്റെ പേരില്‍ വാങ്ങിച്ചു തരും. റോയല്‍റ്റിയില്‍ നിന്ന് കുറെശ്ശേ വിട്ടിയാല്‍ മതി.’
ബഷീറും വിമര്‍ശകരും എന്ന ലേഖനത്തില്‍ പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ് ‘നമ്മുടെ ചെറുകഥാകൃത്തുക്കള്‍ ആണ് പിന്നീട് നോവലിസ്റ്റുകളായി, ചന്തുമേനോനും സി.വി.യ്ക്കും ശേഷം മരവിച്ചുനിന്ന നോവല്‍ ശാഖയെ പുനരുജ്ജീവിപ്പിച്ചത്. ചെറുകഥകളും നോവലുകളും മുണ്ടശ്ശേരിയുടെ വിമര്‍ശനങ്ങളു കുറ്റിപ്പുഴയുടെ വിപ്ലവചിന്തയും കെ. ദാമോദരന്റെ മനുഷ്യന്‍ തൊട്ടുള്ള കൃതികളും മംഗളോദയം പ്രസിദ്ധീകരിച്ചു. ഗദ്യസാഹിത്യത്തിന്റെ തഴപ്പ് മംഗളോദയം പ്രസിദ്ധികരണങ്ങളിലൂടെയാണ് തെളിഞ്ഞു കാണാറായത്. തൃശൂരില്‍ മുകളില്‍ പറഞ്ഞ എഴുത്തുകാരില്‍ പലരും സ്ഥിരതാമസക്കാരായും സന്ദര്‍ശകരായും വന്നു കൂടി. കൂട്ടത്തില്‍, ബഷീര്‍ തൃശൂരിലെ ചെമ്പൂക്കാവ് ഭാഗത്തെ ഒരു ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളിലെ മുറിയില്‍ താമസമാക്കിയിരുന്നു.
ബഷീറിന്റെ പ്രസിദ്ധമായ പല രചനകളും തൃശൂരില്‍ വെച്ചാണ് എഴുതിയിട്ടുള്ളത്. പ്രസിദ്ധ കഥയായ ജന്മദിനം മുതല്‍ പലതും. അദ്ദേഹം മംഗളോദയത്തില്‍ മാത്രമല്ല വന്നു പറ്റിയത്. ചിയ്യാരത്ത് ഉണ്ടായിരുന്ന വല്ലപ്പുഴാസ് ആയുര്‍വേദ ചികിത്സാലയത്തിലാണ് അദ്ദേഹത്തെ ഭ്രാന്തിന് ചികത്സിച്ചത്.
പ്രസിദ്ധ സാഹിത്യനിരൂപകനായ എം.പി. പോളുമായി ബഷീറിനുണ്ടായ ബന്ധം പ്രസിദ്ധമാണല്ലോ. അദ്ദേഹം ആയിരിക്കാം ബഷീറിന്റെ തൃശൂര്‍ കുടിയേറ്റത്തിന് വിലങ്ങുതടിയായത്. ബഷീറിന്റെ എഴുത്തിനെയടക്കം സ്വാധീനിക്കുന്നതില്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരിക്കല്‍ ബഷീര്‍ തൃശൂര്‍ വിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ എം.പി. പോളിനോട് എ.കെ.ടി. കെ.എംന്റെയും മറ്റും തൃശൂലേക്കുള്ള ക്ഷണത്തെ പറ്റി പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ബഷിറിന് എറണാകുളമാണ് നല്ലത്’
ബാല്യകാലസഖി ഇന്നത്തെ നിലയില്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരണ എം.പി.പോള്‍ ആയിരുന്നല്ലോ. ആരംഭത്തില്‍ അത് 400 പേജില്‍ കൂടുതല്‍ ഉണ്ടായിരുന്നു. എഡിറ്റു ചെയ്യിച്ചത് അദ്ദേഹമാണ്.
ബഷീര്‍ സ്ത്രീ എന്ന പേരില്‍ എഴുതിയ നോവലും എഴുതിയിരുന്നല്ലോ. സ്‌ക്രിപ്റ്റ് വായിച്ചതിനെ പറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ എം.പി. പോള്‍ പറഞ്ഞു. ‘പബ്ലിഷ് ചെയ്യരുതെന്നോ ചെയ്യണമെന്നോ ഞാന്‍ പറയുകയില്ല. സഭ്യതയുടെയും വികാരത്തിന്റെയും അതിരുകള്‍ കടന്നുപോയിരിക്കുന്നു. ബഷീറിന്റെ ഇഷ്ടം പോലെ ചെയ്യ്.’ പിന്നെ, ബഷീര്‍ ഒന്നും ആലോച്ചില്ല.
ബഷീര്‍ ‘ആ നോവല്‍ വലിച്ചു കീറി വേമ്പനാട്ടുകായലില്‍ ഇട്ടു.’ അന്നേരം എം.പി. പോളും ഭാര്യയും അടക്കം ചങ്ങനാശ്ശേരിയില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു.
ബഷീര്‍ തട്ടകം ബേപ്പൂര്‍ ആക്കി. രണ്ടേക്കര്‍ പുരയിടത്തില്‍ വലിയ അല്ലലില്ലാത കഴിഞ്ഞു. അവിടെവെച്ച് ആണ് അദ്ദേഹം ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ തിരിച്ചറിഞ്ഞത്. അദ്ദേഹത്തെ സഹൃദയര്‍ ബേപ്പൂര്‍ സുല്‍ത്താനുമാക്കി വാഴിച്ചു. ഞാനിപ്പോള്‍ സ്ത്രീ എന്ന നോവല്‍ പിലിച്ചീന്തി വേമ്പനാട്ടുകായലില്‍ എറിഞ്ഞ കഥ ഓര്‍ത്തു പോകുകയാണ്.
ഇന്നാണെങ്കില്‍, പെങ്കിളി സാഹിത്യത്തെയും ജനപ്രിയ സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന മാധ്യമ ഏജന്‍സികളുടെയും നിരൂപകകേസരികളുടെയും കാലമാണല്ലോ. എം.പി. പോളുമാരും ഇല്ല. ബഷീറിനെ പോലെയുള്ള വലിയ മനസ്സിന്റെ ഉടമകളും കുറവ്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message