സ്വന്തം ‘ക്രീമിലെയര്‍’ വാദത്തെ ചീഫ് ജസ്റ്റിസ് തന്നെ റദ്ദ് ചെയ്യുന്നു
കെ സന്തോഷ് കുമാര്‍

ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ ‘ക്രീമിലെയര്‍’ വാദത്തെ സുപ്രീം കോടതി സംവരണത്തിലൂടെ ഗവായ് തന്നെ റദ്ദ് ചെയ്യുമ്പോള്‍…………….
സുപ്രീം കോടതിയിലെ ഭരണ ഉദ്യോഗങ്ങളില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ചുകൊണ്ട് ജൂണ്‍ 24 നാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി വിജ്ഞാപനം ഇറക്കുന്നത്. തുടര്‍ന്ന് പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിജ്ഞാപനമിറക്കി. 75 വര്‍ഷത്തിന് ശേഷം സുപ്രീം കോടതിയിലെ ഉദ്യോഗങ്ങളില്‍ സംവരണം അനുവദിക്കപ്പെട്ടത് ഇന്ത്യയില്‍ നടന്ന ഏറ്റവും നിര്‍ണ്ണായകമായ ഇടപെടലുകളില്‍ ഒന്നായിരുന്നു. അത് നടത്തിയതാകട്ടെ രാജ്യത്തെ രണ്ടാമത്തെ ദലിത് ചീഫ് ജസ്റ്റിസും മഹാരാഷ്ട്ര ബുദ്ധിസ്റ്റുമായ ബി.ആര്‍. ഗവായ്.
എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്ന ചരിത്രപരമായ ഈ ഇടപെടലിലൂടെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ചെയ്യുന്നത് ഉപസംവരണ വിധിയെയും ക്രീമിലെയര്‍ വാദത്തെയും ബി. ആര്‍. ഗവായ് തന്നെ റദ്ദ് ചെയ്യുകയാണ്. ദലിത് സമുദായങ്ങള്‍ക്കിടയില്‍ അതിസമ്പന്നരും സമ്പന്നരുമായ ഒരു വിഭാഗം ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും അവരാണ് സംവരണത്തിന്റെ ഗുണഭോക്താക്കളെന്നും അവര്‍ പൊതുവിഭാഗത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ളവരാണെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദലിത് വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കുന്നില്ലെന്നുമായിരുന്നു ഗവായിയുടെ വാദം. ഈ ബോധ്യമാണ് ഗവായിയെ ഉപസംവരണ വിധിയിലേക്കും ക്രീമിലെയര്‍ വാദത്തിലേക്കും എത്തിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ബി.ആര്‍. ഗവായ് പറഞ്ഞത് ‘പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ ‘ക്രീമിലെയര്‍’ തത്വം പ്രയോഗിക്കേണ്ടതിന്റെ ആവശ്യകത സുപ്രീം കോടതി അംഗീകരിച്ചത് തന്റെ ഔദ്യോഗിക ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലൊന്നാണെന്നും സാമൂഹിക നീതിക്ക് ഇത് അത്യാവശ്യമാണ്’ എന്നുമാണ്. ഇവിടെയാണ് ഏറ്റവും പ്രസക്തമായ ചോദ്യം കടന്ന് വരുന്നത്, ദലിത് വിഭാഗങ്ങളില്‍ നിന്ന് സാമ്പത്തികമായി ഉയര്‍ന്ന് വന്ന ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് പൊതുവിഭാഗങ്ങളോട് മത്സരിക്കാന്‍ ശേഷിയും സംവരണം ഇല്ലാതെ തന്നെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പിക്കാനുള്ള കഴിവ് ഉഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് സുപ്രീം കോടതി ഉദ്യോഗങ്ങളില്‍ ഈ ദലിത് ‘ക്രീമിലെയര്‍’ വിഭാഗത്തിന് പ്രാതിനിധ്യം ഇല്ലാതെ പോയത്? ഗവായിയുടെ ക്രീമിലെയര്‍ വാദത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഇല്ലാതെ തന്നെ ഈ ക്രീമിലെയര്‍ വിഭാഗത്തിന് സുപ്രീം കോടതി ഉദ്യോഗങ്ങളില്‍ കയറിപ്പറ്റാന്‍ കഴിയേണ്ടത് അല്ലേ! എന്നിട്ടും എന്തുകൊണ്ടാണ് നടക്കാതെ പോയത്? ഇവിടെയാണ് ജാതിയുടെ അധികാരബന്ധത്തെ മനസ്സിലാക്കുന്നതില്‍ ഗവായ് പരാജയപ്പെടുന്നതും സവര്‍ണ്ണബോധ്യങ്ങളിലേക്ക് യുക്തിരഹിതമായി ചുരുങ്ങി പോകുന്നതും.
പ്രാതിനിധ്യ മാനദണ്ഡ പ്രകാരം സുപ്രീം കോടതിയില്‍ കുറഞ്ഞത് 7 ദലിത് ആദിവാസി ജഡ്ജിമാര്‍ ഉണ്ടാകേണ്ടതാണ്. എന്തുകൊണ്ടാണ് ബി.ആര്‍. ഗവായ് അല്ലാതെ വേറൊരു ജഡ്ജിയും ഇല്ലാതെ പോകുന്നത്. സമ്പന്നരും ക്രെമിലെയര്‍ വിഭാഗത്തില്‍ പെടുന്നതുമായ ഗവായിയെ പോലുള്ള ജഡ്ജിമാര്‍ ഇന്ത്യയില്‍ ഇല്ലാഞ്ഞിട്ടാണോ? ബി.ആര്‍. ഗവായ് ചൂണ്ടിക്കാണിക്കുന്നത് പോലെ സാമൂഹികമായി താരതമേന്യ പുരോഗതി നേടിയ സമുദായങ്ങളും സമ്പന്ന വിഭാഗങ്ങളും ദലിത് സമുദായങ്ങള്‍ക്ക് ഉള്ളിലുണ്ട്. പക്ഷെ ഈ ക്രീമിലെയര്‍ വിഭാഗത്തിന് ഭരണഘടനാപരമായും നിയമപരമായും സംവരണം ഉറപ്പ് നല്‍കിയ ഇടങ്ങളില്‍ അല്ലാതെ ഒരിടത്ത് പോലും പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സംവരണ ഇടങ്ങളില്‍ മാത്രമേ പ്രാതിനിധ്യം ലഭിക്കൂ എന്നുള്ളതും സ്വാഭാവികമായ ഇടങ്ങളില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നതും അര്‍ത്ഥമാക്കുന്നത് ഇന്ത്യയുടെ സാമൂഹിക ധാര്‍മികത എന്ന് പറയുന്നത്, ഇന്ത്യയുടെ അധികാരബന്ധം എന്ന് പറയുന്നത് ജാതി തന്നെയാണ് എന്നാണ്.
കേന്ദ്ര നിയമമന്ത്രാലയം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്‍പാകെ അവതരിപ്പിച്ച റിപ്പോര്‍ട്ടു പ്രകാരം 2018 മുതല്‍ 2022 വരെ നിയമിച്ച ജഡ്ജിമാരില്‍ 79 ശതമാനവും സവര്‍ണ്ണരാണ്. ഈ അഞ്ചു വര്‍ഷക്കാലം മാത്രമല്ല, സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിയമിക്കപ്പെടുന്ന ജഡ്ജിമാരില്‍ എണ്‍പത് ശതമാനത്തിനു മുകളില്‍ സവര്‍ണ്ണ വിഭാഗങ്ങളില്‍ നിന്നാണ്. ജനസംഖ്യയുടെ 3-4 ശതമാനം മാത്രം വരുന്ന ബ്രാഹ്‌മണര്‍ എല്ലാക്കാലത്തും സുപ്രീം കോടതി ജഡ്ജിമാരില്‍ 30-40 ശതമാനം വരും. സി.എസ്.ഡി.എസിന്റെ പഠനപ്രകാരം 1950-നും 2000-നും ഇടയില്‍ സുപ്രീംകോടതിയില്‍ ഉണ്ടായിട്ടുള്ള ജഡ്ജിമാരില്‍ ഏതാണ്ട് 47 ശതമാനവും, ഇതേ കാലയളവില്‍ ഹൈക്കോടതികളിലെയും കീഴ്‌കോടതിയിലെയും ജഡ്ജിമാരില്‍ 40 ശതമാനവും ബ്രാഹ്‌മണര്‍ ആണ്. ഇന്ത്യയുടെ ആകെ 50 ചീഫ് ജസ്റ്റിസുമാരില്‍ ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെടെ 16 പേരും ബ്രാഹ്‌മണരാണ്. എന്നുപറഞ്ഞാല്‍ ചീഫ് ജസ്റ്റിസുമാരില്‍ 32 ശതമാനവും ബ്രാഹ്‌മണര്‍ ആണ്.
കോടതിയില്‍ മാത്രമല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരിലെ സെക്രട്ടറിമാര്‍, IIM, IIT ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസമേഖല, സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍, ബോര്‍ഡ്-കോര്‍പറേഷന്‍സ്, ഡയറക്ടര്‍മാര്‍, ഉന്നത ഉദ്യോഗങ്ങള്‍ തുടങ്ങിയ എല്ലായിടങ്ങളിലും ഇതാണ് അവസ്ഥ. ഇന്ത്യയില്‍ ഏറ്റവും കീഴ്ത്തട്ട് ഉദ്യോഗങ്ങളില്‍ മാത്രമാണ് സംവരണം നികത്തപ്പെടുന്നത്. ദലിതരില്‍ ശേഷിയുള്ള ക്രീമിലെയര്‍ വിഭാഗം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇവിടെങ്ങളില്‍ പ്രാതിനിധ്യം ഇല്ലാതെ പോകുന്നത്?
പട്ടികവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ സ്വീകരിച്ച ഭരണഘടനാപരമായ മാനദണ്ഡം ജാതീയതയും അയിത്തവും അനുഭവിച്ചോയെന്നതും സാമൂഹികപുറംതള്ളല്‍ നേരിട്ടോ എന്നതുമായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളില്‍ താരതമ്യേന സാമൂഹിക പുരോഗതി നേടിയ ജാതികളായാലും കോടതി നിരീക്ഷിക്കുന്ന പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളായാലും ഇന്ത്യയില്‍ ജാതീയതയും വിവേചനങ്ങളും സാമൂഹികപുറംതള്ളലും ഒരുപോലെ അനുഭവിക്കുന്നുണ്ട്. ഈ ജാതീയ പുറംതള്ളല്‍ കൊണ്ടാണ് സുപ്രീം കോടതിയില്‍ പട്ടികജാതി പട്ടികവഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കാതെ പോയത്. സുപ്രീം കോടതിയില്‍ സംവരണം വിജ്ഞാപനത്തിലൂടെ നടപ്പിലാക്കുന്നതിലൂടെ ബി.ആര്‍. ഗവായ് ചെയ്യുന്നത് ഡോ. ബി.ആര്‍. അംബേദ്കര്‍ മുന്നോട്ട് വെച്ച സംവരണത്തിന്റെ അടിസ്ഥാനതത്വത്തെ അംഗീകരിക്കുകയാണ്. തത്വത്തില്‍ സംഭവിക്കുന്നത് സംവരണം ഇല്ലാതെ തന്നെ ദലിതരിലെ ക്രീമിലെയറിന് പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിയുമെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണത്തില്‍ നിന്ന് ഈ ക്രീമിലെയര്‍ വിഭാഗത്തെ ഒഴിവാക്കണമെന്നുള്ള ബി.ആര്‍. ഗവായിയുടെ ക്രീമിലെയര്‍ വാദത്തെ ഗവായ് തന്നെ റദ്ദ് ചെയ്യുകയാണ്.
