ദീര്‍ഘകാല വിചാരണ തടവ്: അനീതി തിരുത്താന്‍ ചീഫ് ജസ്റ്റിസിനാവുമോ?
കെ സുനില്‍ കുമാര്‍

ദീര്‍ഘകാല വിചാരണ തടവ് എന്ന കൊടിയ അനീതി തിരുത്തുവാന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് കഴിയുമോ? ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 74.2 ശതമാനം വിചാരണ തടവുകാരാണ് എന്നാണ് നാഷണല്‍ ലീഗല്‍ സര്‍വീസ് 2025 ജനുവരിയില്‍ പുറത്തുവിട്ട കണക്ക് പറയുന്നത്. അതായത് 5ലക്ഷത്തിലേറെ തടവുകാരില്‍ 3.75 ലക്ഷത്തോളം പേര്‍ വിചാരണ പൂര്‍ത്തിയാകാതെ തടവില്‍ കഴിയുന്നവരാണ്.
അതില്‍ ഭൂരിപക്ഷവും മുസ്ലിങ്ങളും ദലിതരും ആദിവാസികളും ഒബിസി വിഭാഗങ്ങളില്‍ പെട്ടവരുമാണ്. ചിലര്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണെങ്കില്‍ മറ്റൊരു വിഭാഗം മുസ്ലീം തീവ്രവാദ – ഭീകരവാദ ബന്ധം ആരോപിക്കപ്പെട്ട കേസുകളിലാണ് വിചാരണയില്ലാതെ ജയിലുകളില്‍ കഴിയുന്നത്. കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സംഘടന ബന്ധങ്ങളില്ലാത്ത നിരവധി മുസ്ലിം ചെറുപ്പക്കാരും ഇതില്‍ പെടുന്നു. വിചാരണ തടവുകാരില്‍ 20 ശതമാനത്തിലേറെ മുസ്ലിങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു.
വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുമ്പോള്‍ ഇവരില്‍ പലരും കുറ്റക്കാരല്ല എന്നാകും കോടതി പറയുന്നത്. അബ്ദുല്‍ നാസര്‍ മഅദനി കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ 9 വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ ശേഷമാണ് കോടതി വെറുതെ വിട്ടത്. വീണ്ടും ബംഗളുരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി വീണ്ടും ദീര്‍ഘകാലം ജയിലില്‍. കേസില്‍ ഇനിയും വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിച്ചിട്ടില്ല. 20 കൊല്ലമായി കുറ്റം തെളിയിക്കപ്പെടാതെ ജയിലിലും ആശുപത്രിയിലും ജാമ്യത്തിലും കഴിയേണ്ടി വരിക! മഅദനി ഒരു ഉദാഹരണം മാത്രമാണ്. അനേകം മുസ്ലീം ചെറുപ്പക്കാരാണ് ഇത്തരത്തില്‍ വിചാരണ തടവുകാരായി കഴിയുന്നത്.
സമാനമാണ് മാവോയിസ്റ്റുകളുടെയും സ്ഥിതി. അവരെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലുക മാത്രമല്ല, ദീര്‍ഘകാലം വിചാരണയില്ലാതെ ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നു. മലയാളിയായ രൂപേഷ് 10 വര്‍ഷമായി ജയിലിലാണ്. ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ട ഗുരുതരമായ കുറ്റങ്ങള്‍ ഒന്നും അദ്ദേഹത്തിന്റെ പേരിലില്ല. ശിക്ഷിക്കപ്പെട്ടാലും അനുഭവിക്കേണ്ട കാലത്തിലേറെ ജയില്‍ വാസത്തിലേറെ അനുഭവിച്ചു. ജയിലില്‍ വച്ച് എഴുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ പോലും കേരള സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. ഉത്തരേന്ത്യയില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട വിചാരണ തടവുകാരില്‍ വലിയൊരു വിഭാഗം ആദിവാസികളോ ദലിതരോ ആണ്. ഭൂമിക്ക് വേണ്ടിയും അടിസ്ഥാന ജീവിത ആവശ്യങ്ങള്‍ക്ക് വേണ്ടിയും സമരം ചെയ്യുന്ന ആദിവാസികളെ മാവോയിസ്റ്റുകളാക്കി ജയിലില്‍ തള്ളുന്നു.
ഇങ്ങനെ ജയിലില്‍ കഴിയുന്ന ആദിവാസികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണ് വിചാരണ തടവുകാരനായിരിക്കെ മരിച്ച ഫാദര്‍ സ്റ്റാന്‍സ്വാമി ജയിലിലായത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് മലയാളികളായ റോണ വില്‍സണും ഹാനി ബാബുവും ഉള്‍പ്പെടെയുള്ളവരെ വിചാരണ തടവുകാരായി ജയിലില്‍ അടച്ചത്. കെട്ടിച്ചമച്ച ഭീമ കൊറേഗാവ് പോലുള്ള കേസുകളില്‍ പൗരാവകാശ പ്രവര്‍ത്തകരെ വിചാരണ തടവുകാരാക്കി ജയിലില്‍ അടച്ചു. കാരണം അവര്‍ മോദി സര്‍ക്കാരിന്റെ അനീതികളെയും പൗരാവകാശ ലംഘനങ്ങളെയും എതിര്‍ക്കാനും തുറന്നുകാട്ടാനും ശ്രമിക്കുന്നവരാണ്.
ആരോപിക്കപ്പെട്ട കേസുകളില്‍ വിചാരണ നടത്താതെയും വിധിക്കാതെയും ദീര്‍ഘകാലം പൗരന്മാരെ ജയിലില്‍ അടച്ചിടുന്നത് നിയമവിരുദ്ധമായ അനീതിയാണ്. പൗരാവകാശങ്ങളുടെ ധ്വംസനമാണ്. ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ച, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞതുപോലെ ജാമ്യമാണ് നിയമം. ഇതാണ് കോടതികള്‍ തന്നെ ലംഘിക്കുന്നത്. രാജ്യത്ത് നിയമവും നീതിയും പാലിക്കപ്പെടാന്‍ കോടതികള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടത് നീതിബോധമുള്ള ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും സുപ്രീം കോടതിയും തന്നെയാണ്. അതുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
